Tuesday, March 24, 2026 Last Updated 6 Min 58 Sec ago English Edition
Todays E paper
Ads by Google
Thursday 22 May 2025 01.41 PM

ഭരണകൂടം തലയ്ക്ക് ഒന്നരകോടി വിലപറഞ്ഞ മാവോയിസ്റ്റ് ബസവരാജു ബി.ടെക് ബിരുദധാരി ; ജന്മനാട് ഉപേക്ഷിച്ച ശേഷം ജീവിതം ഒളിയിടങ്ങളിലായി

uploads/news/2025/05/782409/basava-raj.jpg

നിരോധിത കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യ (മാവോയിസ്റ്റ്) യുടെ ജനറല്‍ സെക്രട്ടറിയായി 71-കാരനായ ബസവരാജു നിയമിതനായത് 2018-ല്‍. 1970 കാലഘട്ടം മുതല്‍ മാവോയിസ്റ്റ് പ്രസ്ഥാനത്തില്‍ സജീവ സാന്നിധ്യമായിരുന്ന ബസവരാജുവിന്റെ തലയ്ക്ക് 1.5 കോടി രൂപയാണ് ഭരണകൂടം വിലയിട്ടത്. ഇയാളുടെ മരണം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സ്ഥിരീകരിച്ചു.

ഇതിനു നേതൃത്വം നല്‍കിയ ധീരരായ സുരക്ഷാ സേനാംഗങ്ങളെയും ഏജന്‍സികളെയും അഭിനന്ദിക്കുന്നു. 2026 മാര്‍ച്ച് 31 നു നക്‌സലിസത്തെ രാജ്യത്തുനിന്നു തുടച്ചുനീക്കുമെന്ന പ്രഖ്യാപനം മോദിസര്‍ക്കാര്‍ നിറവേറ്റും - എക്‌സ് പോസ്റ്റില്‍ അമിത് ഷാ കുറിച്ചു.

ആന്ധ്രാപ്രദേശിലെ ശ്രീകാകുളം ജില്ലയിലെ ജിയന്നപേട്ട ഗ്രാമത്തില്‍നിന്നുള്ള ബസവരാജു വാറങ്കലിലെ റീജിയണല്‍ എന്‍ജിനീയറിങ് കോളജില്‍നിന്നു ബി.ടെക് ബിരുദം സ്വന്തമാക്കി. ഗംഗണ്ണ, പ്രകാശ്, കൃഷ്ണ, വിജയ്, ദരാപു നരസിംഹ റെഡ്ഡി, നരസിംഹ തുടങ്ങി നിരവധി അപരനാമങ്ങളും ബസവരാജുവിനുണ്ടായിരുന്നു. 1970-കളുടെ അവസാനം ജന്മനാട് ഉപേക്ഷിച്ച ശേഷം ജീവിതം ഒളിയിടങ്ങളിലായി.

ഛത്തിസ്ഗഡ്, തെലങ്കാന, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലായിരുന്നു പ്രവര്‍ത്തനം. പോലീസിന്റെ കൈവശം ഇയാളുടെ സമീപകാല ചിത്രം പോലും ഉണ്ടായിരുന്നില്ല. കഴിഞ്ഞ എട്ടുവര്‍ഷത്തോളമായി ഛത്തിസ്ഗഡ് കേന്ദ്രീകരിച്ചായിരുന്നു പ്രവര്‍ത്തനം. 50 മണിക്കൂറോളം ഏറ്റുമുട്ടല്‍ നീണ്ടു. നക്‌സല്‍ പ്രസ്ഥാനത്തിന്റെ നട്ടെല്ലായി അറിയപ്പെടുന്ന ഉന്നതനേതാവിനെ വധിക്കാനായത് നേട്ടമാണ്. മൂന്നു ദശകമായി തുടരുന്ന നക്‌സല്‍വിരുദ്ധ ദൗത്യത്തിനിടെ ഇതാദ്യമായാണ് ജനറല്‍ സെക്രട്ടറി റാങ്കിലുള്ള ഒരു മാവോയിസ്റ്റ് നേതാവിനെ വധിക്കുന്നത്.

അബുജ്മാദ് മേഖലയില്‍ മാവോയിസ്റ്റ് സാന്നിധ്യമുണ്ടെന്നു രഹസ്യാന്വേഷണ വിഭാഗം നല്‍കിയ സൂചനയാണ് ഏറ്റുമുട്ടലില്‍ കലാശിച്ചത്. മാവോയിസ്റ്റുകളുടെ കേന്ദ്ര കമ്മിറ്റി, പോളിറ്റ് ബ്യൂറോ അംഗങ്ങളും മാഡ് ഡിവിഷന്‍ കേഡറിലെ ഉന്നതരും പീപ്പിള്‍സ് ലിബറേഷന്‍ ഗറില്ല ആര്‍മി (പി.എല്‍.ജി.എ) അംഗങ്ങളും മേഖലയില്‍ തമ്പടിച്ചിട്ടുണ്ടെന്നായിരുന്നു വിവരം. രണ്ടുദിവസം മുമ്പാണ്് ദൗത്യം ആരംഭിച്ചത്.

നാരായണ്‍പുര്‍, ദന്തെവാഡ, ബിജാപുര്‍, കൊണ്ടഗാവ് എന്നീ നാലു ജില്ലകളില്‍നിന്നുള്ള ജില്ലാ റിസര്‍വ് ഗാര്‍ഡ് ജവാന്മാരെ തെരച്ചിലിനു നിയോഗിച്ചു. പരിശോധനയ്ക്കിടെ ജവാന്മാര്‍ക്കുനേരേ മാവോയിസ്റ്റുകള്‍ ആക്രമണംനടത്തി. സേന നടത്തിയ തിരിച്ചടിയില്‍ 27 പേരെ വധിച്ചു. ബസവരാജുവിനു പുറമേ ദണ്ഡകാരണ്യ സ്‌പെഷല്‍ സോണല്‍ കമ്മിറ്റി നേതാവായ മധുവും കൊല്ലപ്പെട്ടതായി സംശയിക്കുന്നതായി അധികൃതര്‍ പറഞ്ഞു.

ഛത്തിസ്ഗഡ്-തെലങ്കാന അതിര്‍ത്തിയിലെ കാരെഗുട്ടാലു മലനിരകള്‍ കേന്ദ്രീകരിച്ചുള്ള മാവോയിസ്റ്റ് പ്രവര്‍ത്തനം തുടച്ചുനീക്കാന്‍ ലക്ഷ്യമിട്ട് 'ഓപ്പറേഷന്‍ ബ്ലാക്ക് ഫോറസ്റ്റ്' എന്ന പേരില്‍ ഒരുമാസം മുമ്പ് സുരക്ഷാസേന തുടക്കമിട്ടതിനുശേഷം നടന്ന ഏറ്റവും വലിയ മാവോയിസ്റ്റ് വേട്ടയാണിത്. 21 ദിവസംനീണ്ട ദൗത്യത്തിനിടെ സി.ആര്‍.പി.എഫും സംസ്ഥാനപോലീസും ചേര്‍ന്ന് 31 മാവോയിസ്റ്റുകളെ വധിച്ചു. 214 ഒളിയിടങ്ങളും ബങ്കറുകളും തകര്‍ത്ത. ഐ.ഇ.ഡികള്‍, ഡിറ്റൊണേറ്ററുകള്‍, സ്‌ഫോടകവസ്തുക്കള്‍ തുടങ്ങിയവയുടെ വന്‍ശേഖരവും 12,000 കിലോഗ്രാമോളം ഭക്ഷ്യവസ്തുക്കളും പിടിച്ചെടുത്തു

Ads by Google
Thursday 22 May 2025 01.41 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW