-->
മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും ഒരുപാട് ആരാധകരുള്ള നടന വിസ്മയമാണ് മോഹന്‍ലാല്‍. ‘ദ കംപ്ലീറ്റ് ആക്ടര്‍’ എന്ന് മോഹന്‍ലാലിനെ വിശേഷിപ്പിക്കുന്നവരില്‍ ഭാഷയും ദേശവും കടന്നുള്ള അഭിനേതാക്കളുണ്ട്. ഒപ്പമഭിനയിച്ച കലാകാരന്മാരെ എപ്പോഴും വിസ്മയിപ്പിക്കാറുണ്ട് മോഹന്‍ലാല്‍. താരം നല്‍കുന്ന പോസിറ്റീവ് ഓറയെക്കുറിച്ച് സംസാരിച്ചിട്ടുള്ള അഭിനേതാക്കളും ഒരുപാടാണ്. കഴിഞ്ഞ ദിവസം മോഹന്‍ലാലിന്റെ പിറന്നാളായിരുന്നു. സിനിമാമേഖലയിലുള്ളവരും സഹതാരങ്ങളും ആരാധകരുമെല്ലാം തങ്ങളുടെ പ്രിയ താരത്തിന് ഹൃദയത്തില്‍ ചാലിച്ച ജന്മദിനാശംസകള്‍ കുറിച്ചിരുന്നു.
മോഹന്‍ലാലിന്റെ പിറന്നാള്‍ ദിനത്തിലാണ് കമല്‍ഹാസൻ-മണിരത്‌നം ടീമിന്റെ തഗ് ലൈഫ് എന്ന സിനിമയുടെ പ്രൊമോഷന്റെ ഭാഗമായി അണിയറപ്രവർത്തകർ കേരളത്തിലെത്തിയത്. അതുകൊണ്ടു തന്നെ കമല്‍ഹാസനോട് മോഹൻലാലിനെക്കുറിച്ച് മാധ്യമപ്രവർത്തകര്‍ ചോദ്യങ്ങളും ചോദിച്ചു.
ഇപ്പോഴിതാ ആ ചോദ്യങ്ങള്‍ക്ക് കമല്‍ നല്‍കിയ മറുപടി ശ്രദ്ധ നേടുകയാണ്. മോഹൻലാലിന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തെക്കുറിച്ച് രണ്ടു വാക്ക് പറയാനാണ് മാധ്യമപ്രവർത്തകർ കമലിനോട് ആവശ്യപ്പെട്ടത്. അതുകേട്ടതും മോഹന്‍ലാലുമായുള്ള സൗഹൃദത്തെക്കുറിച്ച് കമല്‍ വാചാലനായി. ‘‘ഞാൻ ഇങ്ങോട്ട് വരുന്നതിന് മുന്നേ അദ്ദേഹവുമായി സംസാരിച്ചിരുന്നു. അദ്ദേഹത്തെ ഞാൻ അളിയാ എന്ന് ഏറെ സന്തോഷത്തോടെയാണ് വിളിച്ചത്. അദ്ദേഹം എന്റെ ‘അളിയൻ’ ആണെന്ന് അറിയില്ലായിരുന്നു. എനിക്ക് അദ്ദേഹം സഹോദരനെ പോലെയാണ്. അളിയനായി പോയല്ലോ, വളരെ സന്തോഷം എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു. അദ്ദേഹത്തിന് ആശംസകളും നേർന്നു...’’ എന്നായിരുന്നു കമല്‍ഹാസന്റെ വാക്കുകള്‍.
അളിയൻ അല്ല അനിയൻ 😁😁 #KamalHassan About @Mohanlal at #Thuglife Event pic.twitter.com/xjvZpaTb3r— Unni Rajendran (@unnirajendran_) May 21, 2025
ഉന്നൈപ്പോല്‍ ഒരുവൻ എന്ന സിനിമയില്‍ മോഹൻലാലും കമല്‍ഹാസനും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്. കമലിന്റെ തന്നെ തിരക്കഥയില്‍ ഒരുങ്ങിയ സിനിമയില്‍ കമ്മീഷണർ ഗോവിന്ദൻ മാരാർ എന്ന കഥാപാത്രത്തെ മോഹൻലാല്‍ അവതരിപ്പിച്ചു. 2009 ല്‍ പുറത്തിറങ്ങിയ സിനിമ തിയേറ്ററുകളില്‍ വിജയവും നേടിയിരുന്നു.
തുടരും എന്ന സിനിമയുടെ വിജയത്തിളക്കിലാണ് മോഹന്‍ലാലിപ്പോള്‍. അതേസമയം, കമല്‍ഹാസന്റെ പുതിയ ചിത്രമായ തഗ് ലൈഫ് ജൂണ്‍ അഞ്ചിനാണ് റിലീസെന്നാണ് റിപ്പോര്‍ട്ടുകള്‍. നീണ്ട 37 വര്‍ഷങ്ങള്‍ക്ക് ശേഷം കമല്‍ ഹാസനും മണിരത്നവും ഒന്നിക്കുന്ന സിനിമയാണ് തഗ് ലൈഫ്. ജോജു ജോർജ്, അഭിരാമി, ഐശ്വര്യാ ലക്ഷ്മി, നാസർ, അശോക് സെല്‍വന്‍, അലി ഫസല്‍, പങ്കജ് ത്രിപാഠി, ജിഷു സെന്‍ഗുപ്ത, സാന്യ മല്‍ഹോത്ര, രോഹിത് ഷറഫ്, വൈയാപുരി തുടങ്ങിയവരാണ് സിനിമയിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. രാജ്കമല്‍ ഫിലിംസ് ഇന്റർനാഷണല്‍, മദ്രാസ് ടാക്കീസ്, റെഡ് ജയന്റ് മൂവീസ്, ആർ മഹേന്ദ്രൻ, ശിവ അനന്ത് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ നിർമ്മാണം.