-->
എന്ത് ധരിക്കണം, എങ്ങനെ ധരിക്കണം എന്നുള്ളത് തീര്‍ത്തും വ്യക്തിപരമായ താത്പര്യങ്ങളാണ്. ഒരാളുടെ വസ്ത്രധാരണരീതിയില്‍ കൈ കടത്താനോ അഭിപ്രായം പറയാനോ വേണ്ടെന്ന് നിര്‍ദ്ദേശിക്കാനോ ആര്‍ക്കും അവകാശമില്ല. ഈയടുത്ത കാലത്തായി പല സ്ത്രീകളുടെയും വസ്ത്രധാരണ രീതികള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചകള്‍ക്കും വിവാദങ്ങള്‍ക്കും വരെ കാരണമായിട്ടുണ്ട്. എങ്കിലും ചിലരൊക്കെ ഇതൊന്നും മൈന്‍ഡ് ചെയ്യാതെ സ്വന്തം ഇഷ്ടപ്രകാശം വസ്ത്രം ധരിച്ചതിന്റെ പേരില്‍ പലരും സോഷ്യല്‍ മീഡിയയില്‍ പരിഹാസകഥാപാത്രങ്ങളുമായിട്ടുണ്ട്.
അടുത്തിടെ ഒരു ചടങ്ങില്‍ പങ്കെടുക്കവേ തന്റെ വസ്ത്രധാരണത്തെ ചോദ്യം ചെയ്ത മാധ്യമപ്രവർത്തകന് നടിയും അവതാരകയുമായ ഐശ്വര്യ രഘുപതി മറുപടി നല്‍കിയത് വാർത്തകളില്‍ നിറഞ്ഞിരുന്നു. രണ്ടാഴ്ച മുൻപ് നടന്ന സംഭവമായിട്ടു കൂടി ഇതിനെതിരെ വീണ്ടും വീണ്ടും പ്രതികരിച്ചിരിക്കുകയാണ് ഐശ്വര്യ. തന്റെ വസ്ത്രധാരണത്തെക്കുറിച്ച് ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ നിശബ്ദത പാലിച്ച മാധ്യമങ്ങളുള്‍പ്പെടെയുള്ളവർക്കെതിരെയാണ് ഐശ്വര്യയുടെ തുറന്നു പറച്ചില്‍. സാരിക്കൊപ്പം സ്ലീവ്ലെസ് ബ്ലൗസ് ധരിച്ചത് ചൂടിനെ അതിജീവിക്കാനാണോ എന്ന മാധ്യമപ്രവര്‍ത്തകന്റെ ചോദ്യത്തിനെതിരെയാണ് ഐശ്വര്യ തുറന്നു പറഞ്ഞത്.
ഇപ്പോഴിതാ ആ വിഷയത്തെക്കുറിഞ്ഞ് വീണ്ടും തുറന്നു സംസാരിക്കുകയാണ് ഐശ്വര്യ. മറ്റൊരു ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് ഐശ്വര്യ രഘുപതി ഇതേ വിഷയത്തേക്കുറിച്ച് വീണ്ടും സംസാരിച്ചത്. ‘‘ഞാൻ ചൂടിനെ പ്രതിരോധിക്കാൻ വേണ്ടിയാണോ സ്ലീവ്ലെസ് ബ്ലൗസ് ധരിച്ചതെന്ന ചോദ്യം മനസ്സിലാക്കാൻ എനിക്ക് അഞ്ച് സെക്കൻഡ് വേണ്ടിവന്നു. ദേഷ്യത്തോടെ പ്രതികരിക്കണോ അതോ ശാന്തയായിരിക്കണോ എന്ന് എനിക്കറിയില്ലായിരുന്നു. ഞാൻ അന്ന് പ്രതികരിച്ചില്ലായിരിക്കാം, പക്ഷേ ആളുകള്‍ പ്രതികരിച്ചു. ഞാൻ ക്ഷമയോടെ നിന്നതുകൊണ്ട് എന്നെ കീഴടക്കാമെന്ന് നിങ്ങളെപ്പോലുള്ള പുരുഷന്മാർ കരുതുന്നുണ്ടോ?...’’ ഐശ്വര്യ തുറന്നടിച്ചു.
ഒരു സിനിമയുടെ പ്രചാരണ പരിപാടിയില്‍ അവതാരകയായിരുന്നു ഐശ്വര്യ. ചടങ്ങില്‍ സംസാരിക്കുന്നതിനിടെ കടുത്ത വേനല്‍ ചൂടില്‍ മുൻകരുതലുകള്‍ എടുക്കണമെന്ന് ഐശ്വര്യ പറഞ്ഞിരുന്നു. ഇതിനോടുള്ള പ്രതികരണമായി, ജനക്കൂട്ടത്തില്‍ നിന്ന് ഒരു മാധ്യമപ്രവർത്തകൻ, അവർ സാരിക്കൊപ്പം സ്ലീവ്ലെസ് ബ്ലൗസ് ധരിച്ചത് ചൂടിനെ അതിജീവിക്കാനാണോ എന്ന് ചോദിച്ചു. തന്റെ വസ്ത്രധാരണം എന്തിനാണ് ഒരു സിനിമാ പരിപാടിയില്‍ ചർച്ചാ വിഷയമായതെന്ന് ഐശ്വര്യ തിരിച്ച് ചോദിച്ചു. ‘‘വെള്ളം കുടിക്കുന്നതും എന്റെ സാരിയും തമ്മില്‍ എന്തു ബന്ധം? എന്തുകൊണ്ട് നിങ്ങളാരും അന്ന് അയാളെ ചോദ്യം ചെയ്തില്ല?" അവർ ചോദിച്ചു.
വിവാദത്തെ അഭിസംബോധന ചെയ്ത് ഐശ്വര്യ ഒരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. ‘‘ഇന്നും നമ്മുടെ സമൂഹത്തിലെ പല പുരുഷന്മാരും പുരുഷാധിപത്യത്തിന്റെയും അഹങ്കാരത്തിന്റെയും ബോധം പേറുന്നു എന്നത് ഹൃദയഭേദകമാണ്. ഇതിനേക്കാള്‍ നിരാശാജനകം, കൂടുതല്‍ വിവരമുള്ളവരായിരിക്കേണ്ട മാധ്യമപ്രവർത്തകനെപ്പോലുള്ള ഒരാളില്‍ നിന്ന് അത്തരം പെരുമാറ്റം ഉണ്ടാകുമ്പോഴാണ്...’’ ഐശ്വര്യ കുറിച്ചു.
ഇതിനു മുമ്പും ഐശ്വര്യ വേദിയില്‍ വച്ച് അത്ര സുഖകരമല്ലാത്ത അനുഭവങ്ങള്‍ നേരിട്ടിട്ടുണ്ട്. മുൻപ് ഒരു പരിപാടിയില്‍, ഒരു നടൻ തന്നെ മാലയിടാൻ ശ്രമിക്കുന്നതിനിടയില്‍ വ്യക്തിപരമായ അതിരുകള്‍ ലംഘിച്ചെന്നും, ഈ സംഭവം തന്റെ മാനസികാരോഗ്യത്തെ ബാധിച്ചെന്നും ഐശ്വര്യ പറഞ്ഞിരുന്നു. ധനുഷ് നായകനായ 2024-ല്‍ പുറത്തിറങ്ങിയ ‘ക്യാപ്റ്റൻ മില്ലർ’ ആണ് ഐശ്വര്യയുടെ അവസാനമിറങ്ങിയ സിനിമ.