-->
ആലപ്പുഴ: തപാല്‍ വോട്ട് തിരുത്തി എന്ന വെളിപ്പെടുത്തല്‍ ഒരു പ്രസംഗ തന്ത്രമാണെന്നു മുന്‍ മന്ത്രി ജി. സുധാകരന്‍. നെഗറ്റീവ് പറഞ്ഞു പോസിറ്റീവ് ആക്കാനാണു ശ്രമിച്ചത്. താന്‍ വോട്ട് തിരുത്തി എന്നല്ല പറഞ്ഞത്. വോട്ട് മാറി ചെയ്യുന്നത് അറിയാന്‍ കഴിയും എന്നാണു പറഞ്ഞത്. എവിടെയാണ് അതിനു തെളിവുള്ളത്. തിടുക്കത്തില്‍ എന്തിനു കേസെടുത്തു എന്നു ജില്ലാ പോലീസ് മേധാവിയോട് ചോദിക്കണം.
പോലിസ് പുലിവാല്‍ പിടിച്ചെന്നും അദ്ദേഹം പറഞ്ഞു. ജസ്റ്റിസ് കമാല്‍ പാഷ വരെ കേസെടുത്തത് തെറ്റായി എന്നു പറഞ്ഞു. കേരളത്തിലെ അഭിഭാഷക ലോകം മുഴുവന്‍ തനിക്കൊപ്പം ഉണ്ട്. ഒരു നേതാവും തന്നെ വിളിച്ചില്ല. താനും വിളിച്ചിട്ടില്ല. താന്‍ പ്രസംഗിച്ചത് പബ്ലിക്കിനോടല്ല. യൂണിയന്‍ ഭാരവാഹികള്‍ പങ്കെടുക്കുന്ന പരിപാടിയിലാണ്. ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നു സ്ഥാനാര്‍ത്ഥി വരെ പറഞ്ഞു. ഇനിയെന്ത് തെളിവാണു പോലീസിനു ലഭിക്കുക. താന്‍ തിരുത്തി പറഞ്ഞതും ജനം വിശ്വസിച്ചുവെന്നും ജി. സുധാകരന്‍ പറഞ്ഞു.
ഈ പ്രചരണ വേല എന്നും നടപ്പാവുകയില്ല. ജി. സുധാകരന്‍ രണ്ടാമത് പറഞ്ഞിടത്താണു പാര്‍ട്ടി നില്‍ക്കുന്നത് എന്നാണു സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ പറഞ്ഞത്. പോലീസ് അറസ്റ്റ് ചെയ്യാന്‍ വരുന്നത് കാത്തുനില്‍ക്കുകയാണ്. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കില്ല. താന്‍ തെറ്റ് ചെയ്തിട്ടില്ല. എന്തു തെറ്റാണു ചെയ്തതു എന്ന് പോലീസ് കോടതിയില്‍ പറയട്ടേ. താനും കോടതിയില്‍ പറഞ്ഞു കൊള്ളാം. ഇതുവരെ ഒരു രൂപ അഴിമതി പൈസ ഉണ്ടാക്കുകയോ മുന്തിയ ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കുകയോ ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രി സജി ചെറിയനെതിരേയും ജി. സുധാകരന്റെ ഒളിയമ്പ് ഉണ്ടായിരുന്നു. രാജ്യത്തിന്റെ നിയമവ്യവസ്ഥയെ മുഴുവന്‍ വെല്ലുവിളിച്ച ആള്‍ക്കെതിരേ എന്ത് നിയമ നടപടിയാണു സ്വീകരിച്ചത് എന്നും ഒരു മാസം എടുത്താണ് എഫ്.ഐ.ആര്‍ റജിസ്റ്റര്‍ ചെയ്തത് എന്നും പറഞ്ഞ സുധാകരന്‍ തന്റെ സംഭവത്തില്‍ മൂന്ന് ദിവസത്തിനുള്ളിലാണു ജാമ്യമില്ലാ വകുപ്പ് ചുമത്തിയത് എന്നും കൂട്ടിച്ചേര്‍ത്തു.
36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെ.വി. ദേവദാസിനായി തപാല്‍ വോട്ട് തിരുത്തിയെന്ന ഗുരുതര വെളിപ്പെടുത്തലാണു ജി. സുധാകരന്‍ നടത്തിയിരിക്കുന്നത്. വെളിപ്പെടുത്തലില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്കെതിരേ കേസെടുത്താലും കുഴപ്പമില്ലെന്നും ജി സുധാകരന്‍ പറഞ്ഞിരുന്നു. തുടര്‍ന്നു തെരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദേശപ്രകാരം സുധാകരനെതിരേ കേസെടുത്തിരുന്നു.