-->
തിരുവനന്തപുരം: മോഷണം ആരോപിച്ച് പോലീസ്‌സ്‌റ്റേഷനില്‍ മാനസീക പീഡനത്തിന് ഇരയാക്കിയ ദളിത് യുവതി മുഖ്യമന്ത്രിയുടെ ഓഫീസിനെതിരേയും ആരോപണം ഉയര്‍ത്തുന്നു. പരാതി നല്‍കാന്‍ എത്തിയപ്പോള്‍ അവഗണന നേരിട്ടെന്നും തന്റെ പരാതി വായിച്ചുനോക്കാന്‍ പോലും കൂട്ടാക്കാതെ മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശി പരാതി മേശപ്പുറത്തേക്ക് ഇടുകയായിരുന്നെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു.
കള്ളക്കേസില്‍ പൊലീസ് പ്രതിയാക്കിയതിനെതിരെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ പരാതി നല്‍കാന്‍ പോയപ്പോഴാണ് അവഗണന നേരിട്ടതെന്നാണ് ആക്ഷേപം. വീട്ടുവേല ചെയ്തു ജീവിക്കുന്ന ദളിത് യുവതിയെ മോഷണമെന്ന കള്ളക്കേസില്‍ 20 മണിക്കൂര്‍ പോലീസ് കസ്റ്റഡിയില്‍ മാനസീക പീഡനത്തിന് ഇരയാക്കിയ സംഭവവുമായി ബന്ധപ്പെട്ടായിരുന്നു ബിന്ദുവെന്ന യുവതിയുടെ പരാതി.
തന്റെ അഭിഭാഷകന്റെ നിര്‍ദേശപ്രകാരം അദ്ദേഹത്തിനൊപ്പമായിരുന്നു മുഖ്യമന്ത്രിയുടെ ഓഫീസില്‍ എത്തിയത്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്ന് അവഹേളനം നേരിട്ടതെന്നും ബിന്ദു പറഞ്ഞു. പരാതിയുണ്ടെങ്കില്‍ കോടതിയില്‍ പോകാനും മാല മോഷണം പോയാല്‍ വീട്ടുകാര്‍ പരാതി നല്‍കിയാല്‍ പൊലീസ് വിളിപ്പിക്കുമെന്നാണ് പറഞ്ഞത്. പി ശശിയെന്നയാള്‍ക്കാണ് പരാതി നല്‍കിയെന്നും ബിന്ദു പറഞ്ഞു.
തിരുവനന്തപുരം പേരൂര്‍ക്കടയിലെ വീട്ടില്‍ ജോലി ചെയ്തു വരുന്ന സമയത്ത്് വീട്ടിലെ സ്വര്‍ണമാല മോഷ്ടിച്ചെന്ന് ആരോപിച്ച് ആയിരുന്നു ബിന്ദുവിനെ കസ്റ്റഡിയില്‍ എടുത്തത്. മാല മോഷ്ടിച്ചില്ലെന്ന് വിശദമാക്കിയതിന് പിന്നാലെ പെണ്‍മക്കളെയും കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി പൊലീസുകാര്‍ കുറ്റം സമ്മതിപ്പിക്കുകയായിരുന്നുവെന്നാണ് ബിന്ദു പറയുന്നത്.
മണിക്കൂറുകള്‍ പൊലീസ് സ്റ്റേഷനില്‍ കഴിയുന്നതിനിടെ വെള്ളം ചോദിച്ചപ്പോള്‍ ശുചിമുറിയില്‍ പോയി കുടിക്കാനായിരുന്നു മറുപടിയെന്നും ബിന്ദു പറഞ്ഞിരുന്നു. കഴിഞ്ഞ മാസം 23 നാണ് സംഭവം നടന്നത്. ജോലി കഴിഞ്ഞ് മടങ്ങുമ്പോഴാണ് ബിന്ദുവിനെ പേരൂര്‍ക്കട പൊലീസ് സ്റ്റേഷനിലേയ്ക്ക് വിളിപ്പിക്കുന്നത്. വീട്ടുടമസ്ഥയുടെ രണ്ടര പവന്‍ മാല മോഷ്ടിച്ചെന്നായിരുന്നു ആരോപണം. താന്‍ മോഷ്ടിച്ചിട്ടില്ലെന്ന് ബിന്ദു പൊലീസുകാരുടെ കാലു പിടിച്ചു പറഞ്ഞു. രാവിലെ മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചതോടെയാണ് ബിന്ദുവിനെ വിട്ടയയ്ക്കുന്നത്.
20 മണിക്കൂര്‍ കസ്റ്റഡിയില്‍ മാനസിക പീഡനത്തിനിരയാക്കിയ സംഭവത്തില്‍ തിരുവന്തപുരം കമ്മീഷണര്‍ അടിയന്തര റിപ്പോര്‍ട്ട് തേടി. അസ്സിസ്റ്റ് കമ്മീഷനാരോടാണ് ആഭ്യന്തര അന്വേഷണത്തിന് നിര്‍ദേശിച്ചത്. പൊലീസിന്റെ ഭാഗത്തു ഗുരുതര വീഴ്ച സംഭവിച്ചെന്നാണ് വിലയിരുത്തല്‍.
മൂന്നു ദിവസം മാത്രമാണ് സ്ത്രീ ജോലിക്ക് നിന്നത്. മാല കിട്ടിയെന്ന് വീട്ടുടമസ്ഥ അറിയിച്ചിട്ടും 11 മണിക്ക് ശേഷമാണ് പൊലീസ് വിട്ടയച്ചത്.