Wednesday, March 18, 2026 Last Updated 0 Min 17 Sec ago English Edition
Todays E paper
Ads by Google
Friday 16 May 2025 04.41 PM

'എ ചിത്രങ്ങളിൽ അഭിനയിച്ചത് അവരുടെ ഇമേജിനെ വല്ലാതെ ബാധിച്ചു'; 'നിന്നിഷ്ടം എന്നിഷ്ടം' സിനിമയിലെ നായികയെകുറിച്ച് ആലപ്പി അഷ്‌റഫ്

talks, life

പ്രിയദര്‍ശന്‍ തിരക്കഥ എഴുതി ആലപ്പി അഷറഫ് സംവിധാനം ചെയ്ത് 1986ല്‍ പുറത്തിറങ്ങിയ ചിത്രമാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹന്‍ലാല്‍ നായകനായ ചിത്രത്തില്‍ പ്രിയ ആയിരുന്നു നായിക.

നിന്നിഷ്ടം എന്നിഷ്ടത്തിലേക്ക് ഒരു നായികയെ തിരഞ്ഞ തന്നോട് പ്രിയദര്‍ശന്‍ ആണ് പ്രിയയെപ്പറ്റി പറഞ്ഞതെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് സംവിധായകന്‍ ആലപ്പി അഷ്‌റഫ് ഇപ്പോള്‍.

'നിന്നിഷ്ടം എന്നിഷ്ടം' എന്ന സിനിമയ്ക്ക് ശേഷം ചില ബി ഗ്രേഡ് ചിത്രങ്ങളില്‍ അഭിനയിച്ചത് കാരണം പ്രിയയുടെ ഇമേജ് നഷ്ടപ്പെടുകയും അത് അവരുടെ അഭിനയ ജീവിതത്തില്‍ ഒരു കരിനിഴലായി പിന്തുടരുകയും ചെയ്തുവെന്ന് ആലപ്പി അഷ്‌റഫ് തന്റെ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തി.

ആലപ്പി അഷ്‌റഫിന്റെ വാക്കുകള്‍.

'പലരുടെയും ജീവിതം നാം വിചാരിക്കുന്ന പോലെ അത്ര സന്തോഷമുള്ളതല്ല. ആ ചിരിയുടെ പിന്നില്‍ ആരോടും പറയാന്‍ പറ്റാത്ത ഒരുപാട് സങ്കടങ്ങള്‍ ഉണ്ടാകാം. ശൂന്യതയില്‍ നിന്നും നിറവിലേക്കുള്ള യാത്രയാണ് ഓരോ വളര്‍ച്ചയും. ആ വളര്‍ച്ചയുടെ വഴികള്‍ കാണാത്ത വളര്‍ച്ചയുടെ വഴികളിലൂടെ സഞ്ചരിക്കാത്ത ഒരാളും വളരുകയില്ല. എന്റെ 'നിന്നിഷ്ടം എന്നിഷ്ടം' എന്ന ചിത്രത്തെ കുറിച്ചും അതിലെ നായിക കടന്നുപോയ വഴികളെ കുറിച്ചും ആകാം ഈ എപ്പിസോഡ്.

മോഹന്‍ലാലിനെ വച്ച് ഒരു പടമെടുക്കാനുള്ള എന്റെ ആഗ്രഹം സുഹൃത്തായ പ്രിയദര്‍ശനോട് പറയുമ്പോള്‍ പ്രിയന്‍ പറയുന്നു മോഹന്‍ലാലിന്റെ ഡേറ്റ് ഒക്കെ നമുക്ക് വാങ്ങാം, അതിനുമുമ്പ് എനിക്ക് കുറച്ചു പണത്തിന്റെ ആവശ്യമുണ്ട്. എനിക്കൊരു അഡ്വാന്‍സ് തരണമെന്ന്. ഞാന്‍ അതിന്റെ നിര്‍മാതാവായ ആലപ്പുഴയിലുള്ള എന്റെ സുഹൃത്ത് രമേശിനെ വിളിച്ച് പ്രിയദര്‍ശന് പണം കൊടുക്കാനുള്ള ഏര്‍പ്പാട് ഉണ്ടാക്കുന്നു. അതോടെ കഥ റെഡിയാക്കാമെന്ന് പ്രിയദര്‍ശന്‍ ഏല്‍ക്കുകയും ചെയ്തു.

ഒരു ദിവസം മദ്രാസിലെ വിജയ ഗാര്‍ഡനില്‍ രാത്രി മോഹന്‍ലാലിന്റെ ഷൂട്ടിങ് ഉണ്ടെന്നറിഞ്ഞ് ഞാനും പ്രിയദര്‍ശനും കൂടി അവിടെ എത്തുന്നു. അവിടെ നൈറ്റ് സീക്വന്‍സില്‍ ലാലിന്റെ ഒരു ഫൈറ്റ് ഷൂട്ട് ചെയ്തു കൊണ്ടിരിക്കുകയായിരുന്നു. ഞങ്ങളെ കണ്ട ലാല്‍ ഞങ്ങള്‍ക്ക് ഇരിക്കാനായി മൂന്ന് കസേരകള്‍ കുറച്ച് അകലെ മാറി സെറ്റ് ചെയ്യാനായി നിര്‍ദ്ദേശം കൊടുത്തു. അങ്ങനെ ഞങ്ങള്‍ മൂന്നു പേരും ഇരുന്ന് തുടങ്ങാന്‍ പോകുന്ന പുതിയ പ്രൊജക്ടിനെ കുറിച്ച് ചര്‍ച്ച ചെയ്തു.

അപ്പോഴേക്കും ലാല്‍ പ്രിയനോട് കഥ പറയാന്‍ ആവശ്യപ്പെട്ടു. പ്രിയന്‍ എന്റെ മുഖത്തേക്ക് ഒന്ന് നോക്കി. ആ സമയത്ത് പെട്ടെന്ന് ഒരു അസിസ്റ്റന്റ് ഡയറക്ടര്‍ വന്ന് 'സാര്‍ ഷോട്ട് റെഡി' എന്ന് പറഞ്ഞ് ലാലിനെ കൂട്ടിക്കൊണ്ടുപോയി. ലാല്‍ പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രിയനോട് ചോദിച്ചു ലാലിനോട് കഥ പറയണ്ടേ, എന്താണ് കഥ? പ്രിയന്‍ ചിരിച്ചുകൊണ്ട് കൈ മലര്‍ത്തി. ഞാന്‍ ആകെ ധര്‍മ്മസങ്കടത്തിലുമായി.

എന്റെ മനസ്സില്‍ പെട്ടെന്ന് ഒരു ചിത്രം കടന്നുവന്നു. ഞാന്‍ മൂന്നു ദിവസം മുമ്പ് കൊല്ലത്ത് ഒരു തിയറ്ററില്‍ കണ്ട ചാര്‍ലി ചാപ്ലിന്റെ 'സിറ്റി ലൈറ്റ്‌സ്' എന്ന ചിത്രമായിരുന്നു അത്. ആ ചിത്രത്തിലെ ഹൃദയസ്പര്‍ശിയായ രംഗങ്ങള്‍ എന്റെ മനസ്സില്‍ ആഴത്തില്‍ പതിഞ്ഞിരുന്നു. ആ ചിത്രത്തെക്കുറിച്ച് ഞാന്‍ പ്രിയദര്‍ശനോട് പറയുന്നു. പ്രിയന്‍ ആ ചിത്രം കണ്ടിരുന്നു എങ്കിലും കഥ ശരിക്ക് അദ്ദേഹത്തിന് ഓര്‍മയില്ല. അപ്പോഴേക്കും ലാല്‍ അരികെ എത്തിക്കഴിഞ്ഞു. വന്നപാടെ ലാല്‍ പറയുന്നു കഥ പറ, കഥ പറ എന്ന്. ഉടന്‍ പ്രിയദര്‍ശനില്‍ നിന്നും മറുപടി വന്നു. എടാ അത് ചാര്‍ലി ചാപ്ലിന്റെ സിറ്റി ലൈറ്റ്‌സ് ആണെടാ. അപ്പോള്‍ തന്നെ ലാല്‍ അതിലെ അന്ധയായ പൂക്കാരിയുടെ കഥ വിശദമായി ഞങ്ങളെ പറഞ്ഞു കേള്‍പ്പിക്കുന്നു. അത് ചെയ്യാമെന്ന് ഏല്‍ക്കുകയും ചെയ്യുന്നു.

അതിനുശേഷം മദ്രാസിലെ രഞ്ജിത്ത് ഹോട്ടലില്‍ ഒരു മുറിയെടുത്ത് ഒരു വിസിആറും സിറ്റി ലൈറ്റ്‌സിന്റെ ഒരു കാസറ്റും വാടകയ്ക്ക് എടുത്ത് പ്രിയന് കാണാനുള്ള സൗകര്യം ഒരുക്കുന്നു. മുറിയിലെ ടിവിയില്‍ വിസിആറിന്റെ കണക്ഷന്‍ കൊടുത്ത് അത് കാണാന്‍ തുടങ്ങുമ്പോള്‍ ഫംഗസ് പിടിച്ച കാസറ്റ് ആയതുകൊണ്ട് ചിത്രത്തിന് തെളിച്ചവും ഇല്ലായിരുന്നു അവിടെയും ഇവിടെയും ഒക്കെയേ കാണാനും പറ്റിയുള്ളൂ. അത് കണ്ടുകൊണ്ടിരിക്കുമ്പോള്‍ ഹോട്ടലിലെ ഒരു ജീവനക്കാരന്‍ കടന്നു വന്നു പറയുന്നു, 'ഈ പണി ഇവിടെ നടക്കില്ല.

നിങ്ങള്‍ക്ക് നീലചിത്രം കാണണമെങ്കില്‍ വേറെ ഹോട്ടലില്‍ പൊയ്‌ക്കോളൂ' എന്ന്. ഞങ്ങള്‍ സത്യാവസ്ഥ പറഞ്ഞിട്ടും അയാള്‍ക്ക് വിശ്വാസം വരുന്നില്ല. അങ്ങനെ ഹോട്ടല്‍ ഒഴിയേണ്ടിവന്നു. അവിടെനിന്നിറങ്ങിയ പ്രിയദര്‍ശന്‍ എന്നോട് പറയുന്നു, 'കഥ ഞാന്‍ ശരിയാക്കികൊള്ളാം. അതെനിക്ക് വിട്ടേര്! ബാക്കി കാര്യങ്ങള്‍ അഷ്‌റഫ് റെഡിയാക്കിക്കൊള്ളൂ' എന്ന്. പാട്ട് കംപോസ് ചെയ്യാനായി മദ്രാസിലെ വുഡ്ലാന്‍ഡ്‌സ് ഹോട്ടലില്‍ മങ്കൊമ്പ് ചേട്ടനും കണ്ണൂര്‍ രാജനുമായി ഇരിക്കുമ്പോഴാണ് പ്രിയദര്‍ശന്‍ എന്നോട് പറയുന്നത്, 'ലാല്‍ പറഞ്ഞു മാധുരി മാസ്റ്ററുടെ ഡാന്‍സ് ഗ്രൂപ്പില്‍ ഒരു പെണ്‍കുട്ടിയുണ്ട്, നായികയാക്കാന്‍ പറ്റുമോ എന്ന് നോക്കാന്‍'.

അങ്ങനെയാണ് പാട്ട് കമ്പോസിങ് നടക്കുന്ന ഇടത്തേക്ക് അവരെ ഞങ്ങള്‍ വിളിപ്പിക്കുന്നത്. മാധുരി മാസ്റ്ററുടെ ഡാന്‍സ് ഗ്രൂപ്പില്‍ ഉണ്ടായിരുന്ന ആ പെണ്‍കുട്ടിയുടെ പേരാണ് കര്‍പ്പകവല്ലി. അവരെകൊണ്ട് ഒരു ചെറിയ സീന്‍ അഭിനയിപ്പിക്കുകയും സംസാരിപ്പിക്കുകയും ഒക്കെ ചെയ്തപ്പോള്‍ വലിയ കുഴപ്പമില്ല എന്ന് തോന്നി. അവരെ ഫിക്‌സ് ചെയ്ത് ചെറിയൊരു അഡ്വാന്‍സും കൊടുത്തയയ്ക്കുന്നു. അവര്‍ പോകാന്‍ നേരത്ത് മങ്കൊമ്പ് അടക്കമുള്ള എല്ലാവരുടെയും കാലുതൊട്ട് വന്ദിച്ചിട്ടാണ് പോയത്. അവര്‍ പോയി കഴിഞ്ഞപ്പോള്‍ ഞാന്‍ പ്രിയനോട് പറഞ്ഞു, 'പ്രിയന്‍ പരിചയപ്പെടുത്തിയ ആളായതുകൊണ്ട് അവരുടെ പേര് മാറ്റി പ്രിയ എന്നാക്കുമെന്ന്'.

അങ്ങനെയാണ് കര്‍പ്പകവല്ലി പ്രിയയായി മാറിയത്. ഞാന്‍ മൂന്നു പേരുകള്‍ സിനിമയുടെ ടൈറ്റിലിനു വേണ്ടി തിരഞ്ഞെടുത്തിരുന്നു. അതിലൊന്ന് പ്രിയ എന്ന് തുടങ്ങുന്ന ഒരു പേരായിരുന്നു. എന്നാല്‍ പേരുകളില്‍ നിന്നും 'നിന്നിഷ്ടം എന്നിഷ്ടം' എന്ന പേര് തിരഞ്ഞെടുത്തത് മങ്കൊമ്പ് ഗോപാലകൃഷ്ണന്‍ ചേട്ടന്‍ ആയിരുന്നു. അന്ധയായ ശാലീന സൗന്ദര്യമുള്ള ശാലിനി എന്ന നായിക കഥാപാത്രത്തെ വളരെ മനോഹരമായി അവര്‍ അതില്‍ അവതരിപ്പിച്ചു. ആ ചിത്രത്തിലെ ഒരു ഗാനരംഗം തിരുവനന്തപുരം മെരിലാന്‍ഡ് സ്റ്റുഡിയോയില്‍ സെറ്റിട്ട് ചിത്രീകരിക്കുകയുണ്ടായി. 'തുമ്പപ്പൂക്കാറ്റില്‍ താനേ ഊഞ്ഞാലാടി' എന്ന ഗാനം ചിത്രീകരിക്കാന്‍ മാധുരി മാസ്റ്ററുടെ ഡാന്‍സ് ഗ്രൂപ്പ് അവിടെ എത്തുകയുണ്ടായി. അവരെല്ലാവരും പ്രിയയോടൊപ്പം പല സിനിമകളിലും ഗ്രൂപ്പ് ഡാന്‍സുകളില്‍ പങ്കെടുത്തവരായിരുന്നു.

അവിടെ അവര്‍ വന്നപ്പോള്‍ അവരുടെ പഴയ കൂട്ടുകാരി കര്‍പ്പകവല്ലിയെ മോഹന്‍ലാലിന്റെ നായികയായിട്ടാണ് കാണാന്‍ കഴിഞ്ഞത്. നായികയ്ക്ക് ആ സെറ്റില്‍ കിട്ടുന്ന പ്രാധാന്യവും പരിഗണനയും അവര്‍ സന്തോഷപൂര്‍വം നോക്കി നിന്നു. മോഹന്‍ലാലിനോടൊപ്പവും സംവിധായകനോടൊപ്പവും ഒക്കെ ഇരിക്കുന്ന നായികയെ അവര്‍ ദൂരെ നിന്ന് ശ്രദ്ധിക്കുന്നുണ്ടായിരുന്നു. 'നിന്നിഷ്ടം എന്നിഷ്ടം' എന്ന ചിത്രത്തിലെ ക്ലൈമാക്‌സ് സോങ് ആണ് പ്രിയയെ ഇന്നും പ്രേക്ഷക ഹൃദയങ്ങളില്‍ നിലനിര്‍ത്തുന്നത്. നിരവധി മില്യണ്‍ ആള്‍ക്കാരാണ് യൂട്യൂബില്‍ ആ പാട്ട് കണ്ടിരിക്കുന്നത്. യൂട്യൂബിലെ ടോപ്പ് 10 ഗാനങ്ങളില്‍ ഒന്നാണ്, എവര്‍ഗ്രീന്‍ ഗാനവുമാണത്.

മോഹന്‍ലാല്‍-യേശുദാസ്-ജാനകി-പ്രിയ എന്നിവരുടെ കോംബോയില്‍ പിറന്ന 'ഇളംമഞ്ഞിന്‍ കുളിരുമായി ഒരു കുയില്‍' എന്ന ഗാനം. ഈ പാട്ട് ചിത്രീകരിക്കാന്‍ അല്‍പം സാമ്പത്തിക ബുദ്ധിമുട്ട് ഉണ്ടായിരുന്നു. എന്നാല്‍ അന്നുണ്ടായ മറ്റൊരു കാര്യം എനിക്കിപ്പോള്‍ ഓര്‍മ്മ വരുന്നു. പണത്തിന് ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കില്‍ എന്നോടുകൂടി പറയേണ്ടതല്ലേ അണ്ണാ ഞാന്‍ സഹായിക്കുമായിരുന്നല്ലോ എന്നുള്ള ലാലിന്റെ വാക്കുകള്‍. പടത്തിന്റെ ഡബിങ് കഴിഞ്ഞപ്പോള്‍ ഈ പാട്ടും ഇട്ടു കാണിച്ചു. പണം സെറ്റില്‍ ചെയ്തപ്പോള്‍ ലാല്‍ ആ തുകയില്‍ നിന്നും കുറെ പണമെടുത്ത് എന്റെ കയ്യില്‍ തന്നിട്ട് പറഞ്ഞു, അണ്ണന്‍ ഇത് വെച്ചോ എന്ന്. അങ്ങനെ മറ്റുള്ളവരുടെ വിഷമം കാണുന്ന ലാലിനെയും ഞാന്‍ അന്ന് കണ്ടു. 'നിന്നിഷ്ടം എന്നിഷ്ടം' എന്ന ചിത്രത്തിന്റെ ഉന്നതവിജയം പ്രിയയ്ക്ക് നല്ലൊരു പേരുണ്ടാക്കി കൊടുത്തു.

തുടര്‍ന്ന് നിരവധി ചിത്രങ്ങളില്‍ അവര്‍ക്ക് അവസരവും ലഭിച്ചു. തമിഴില്‍ അവര്‍ അന്നത്തെ സൂപ്പര്‍ നായകന്‍ കാര്‍ത്തികിന്റെ ഹീറോയിന്‍ വരെയായി. മലയാളത്തില്‍ മോഹന്‍ലാലിന്റെയും സുരേഷ് ഗോപിയുടെയും കൂടെയൊക്കെ അഭിനയിച്ചുവെങ്കിലും ആദ്യ ചിത്രത്തില്‍ അവര്‍ക്ക് ലഭിച്ച ഉയര്‍ച്ചയും പ്രശസ്തിയും നിലനിര്‍ത്തികൊണ്ടുപോകുന്നതില്‍ അവര്‍ക്ക് വലിയ വീഴ്ച സംഭവിച്ചു. അന്നത്തെ കാലത്ത് ഷക്കീല ചിത്രങ്ങള്‍ പോലെയുള്ള എ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചത് അവരുടെ ഇമേജിനെ വല്ലാതെ ബാധിച്ചു. അതൊക്കെ ഒരുപക്ഷേ സാമ്പത്തിക ബുദ്ധിമുട്ട് കൊണ്ടോ അറിവില്ലായ്മ കൊണ്ടോ അവരെ ഗൈഡ് ചെയ്യാന്‍ ആളില്ലാത്തത് കൊണ്ടോ ഒക്കെ ആകാം.

ഇത്തരം എ സര്‍ട്ടിഫിക്കറ്റ് ചിത്രങ്ങളില്‍ അറിഞ്ഞും അറിയാതെയും അകപ്പെട്ട് കരിയര്‍ നശിപ്പിച്ചവരും എന്നാല്‍ ചിലരൊക്കെ ബുദ്ധിപൂര്‍വം അതില്‍ നിന്ന് പിന്മാറി രക്ഷപ്പെട്ടവരുമുണ്ട്. എന്നാല്‍ അത്തരം പടങ്ങളില്‍ അഭിനയിച്ച ശേഷം അത് ഉപേക്ഷിച്ച് നല്ല പടങ്ങളില്‍ അഭിനയിച്ച് പേരെടുത്തപ്പോഴും അതൊരു അവരെ പിന്തുടരുന്നത് നമുക്ക് കാണാവുന്നതാണ്, കേള്‍ക്കാവുന്നതുമാണ്. പ്രിയയുടെ ജീവിതവഴികളില്‍ നല്ലതല്ലാത്ത പല പാകപ്പിഴകളും സംഭവിച്ചിട്ടുള്ളതായി എനിക്കറിയാം.

അത് അവരുടെ സ്വകാര്യതയെ മാനിക്കുന്നതുകൊണ്ട് അതൊന്നും ഇവിടെ വെളിപ്പെടുത്തുന്നില്ല. അവരിപ്പോള്‍ മലയാളത്തിലും തമിഴിലുമുള്ള സീരിയലുകളില്‍ അഭിനയിച്ച് ജീവിതം നയിക്കുന്നു. ജീവിതത്തില്‍ നമ്മള്‍ എടുക്കുന്ന തീരുമാനങ്ങളില്‍ പിഴവ് സംഭവിച്ചാല്‍ അത് നമ്മുടെ തലവര തന്നെ മാറ്റി എഴുതും. നല്ല കഴിവുറ്റ ഒരു നടിയാണ് പ്രിയ. ഇനി അവര്‍ നല്ല അമ്മ വേഷവും മറ്റും ചെയ്ത് സിനിമയിലേക്ക് മടങ്ങി വരട്ടെ എന്ന് ആശംസിക്കുന്നു.

ഇന്നലെ, ഇന്ന്, നാളെ- ഈ മൂന്നു ദിവസമാണ് ഇന്നത്തെ ലോകം. അതില്‍ ഇന്നലകള്‍ മാഞ്ഞുപോയി. അതിനി തിരികെ വരില്ല. നാളെ എന്നത് ആരും കണ്ടിട്ടുമില്ല. എന്നാല്‍ ഇന്ന് അത് നമ്മുടേതാണ്. അത് സ്‌നേഹത്തോടെയും ആത്മാര്‍ത്ഥതയോടെയും ഉപയോഗപ്പെടുത്തുക.'

Ads by Google
Ads by Google
LATEST NEWS
TRENDING NOW