-->
കണ്ണൂര്‍: തപാല്‍ വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന പരാമര്‍ശം നടത്തി കുടുങ്ങിയ സിപിഐഎം നേതാവ് ജി സുധാകരനെതിരെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വകുപ്പുകള്‍ ചുമത്തിയേക്കും. ബൂത്തുപിടുത്തം ഉള്‍പ്പെടെ ജനപ്രാതിനിധ്യ നിയമത്തിലെ നാല് വകുപ്പുകള്‍ പ്രകാരം കേസെടുക്കാമെന്നാണ് വിലയിരുത്തല്‍. കേസെടുക്കുന്നതുമായി ബന്ധപ്പെട്ട് നിയമോപദേശം തേടിയിരിക്കുകയാണ് പോലീസ്.
ആലപ്പുഴ സൗത്ത്് പോലീസാണ് ജി.സുധാകരനെതിരേ കേസെടുക്കാനൊരുങ്ങുന്നത്. ഒന്നുമുതല്‍ മൂന്നുവര്‍ഷം വരെ ശിക്ഷ ലഭിക്കാവുന്ന 1951 ലെ ജനപ്രാതിനിധ്യ നിയമം 128, 135, 135എ, 136 തുടങ്ങിയ വകുപ്പുകളാകും ചുമത്തുക. വിവാദം മുറുകിയതോടെ ഇന്നലെ ജി. സുധാകരന്‍ തന്റെ അഭിപ്രായത്തില്‍ മലക്കം മറിഞ്ഞിരുന്നു. ആ പരാമര്‍ശം ഞാന്‍ പൊതുവേ പറഞ്ഞതാണ്. അല്‍പ്പം ഭാവന കലര്‍ത്തിയാണ് പറഞ്ഞത്.
ബാലറ്റ് തുറന്നുനോക്കിയിട്ടില്ലെന്നും ഒരു വോട്ടുപോലും തിരുത്തിയിട്ടില്ലെന്നും ഒരുതവണ പോലും കളളവോട്ട് ചെയ്യുകയോ പണം കൊടുക്കുകയോ ചെയ്തിട്ടില്ലെന്നുമായിരുന്നു തിരുത്തിയത്. വോട്ട് മാറ്റി കുത്തുന്നവര്‍ക്ക് ജാഗ്രത നല്‍കിയതാണെന്നും പറഞ്ഞു. ഇന്നലെ പുന്നപ്രയിലെ സുധാകരന്റെ വസതിയില്‍ എത്തി അമ്പലപ്പുഴ തഹസില്‍ദാര്‍ മൊഴിയെടുത്തിരുന്നു.
36 വര്‍ഷം മുന്‍പ് ആലപ്പുഴയില്‍ മത്സരിച്ച കെ വി ദേവദാസിനായി കൃത്രിമം നടത്തിയെന്നാണ് ജി സുധാകരന്‍ ഇന്നലെ പറഞ്ഞത്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തനിക്കെതിരെ കേസെടുത്താലും കുഴപ്പമില്ലെന്നും പറഞ്ഞു. എന്നാല്‍ വിവാദം മുറുകിയതോടെ വോട്ടുമാറ്റി കുത്തുന്നവര്‍ക്ക് താന്‍ ചെറിയൊരു ജാഗ്രത നല്‍കിയതാണെന്ന്് അദ്ദേഹം പറഞ്ഞു. അല്‍പ്പം ഭാവന കലര്‍ത്തിയാണ് താന്‍ സംസാരിച്ചതെന്നും ജി സുധാകരന്‍ പറഞ്ഞു.