-->
ഹണി ബണ്ണിയുടെ സംവിധായകന്‍ രാജ് നിഡിമോരുവുമായി സാമന്ത പ്രണയത്തിലാണെന്ന തരത്തിലുളള വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. രാജുമായി ചേര്‍ത്തുമുള്ള പ്രണയ ഗോസിപ്പുകള്‍ നിരന്തരമായി പ്രത്യക്ഷപ്പെടുന്നുണ്ടെങ്കിലും ഊഹാപോഹങ്ങള്‍ ശരിയാണെന്ന് ഇരുവരും സ്ഥിരീകരിക്കുകയോ അല്ലെങ്കില്‍ നിഷേധിക്കുകയോ ചെയ്തിട്ടില്ല. മാത്രമല്ല ഗോസിപ്പുകള്‍ക്ക് ആക്കം കൂട്ടുന്ന തരത്തിലുള്ള നീക്കങ്ങള്‍ ഇരുവരുടെ ഭാഗത്ത് നിന്നും ഉണ്ടാകുന്നുമുണ്ട്.
പൊതു ഇടങ്ങളിൽ ഇരുവരും ഒരുമിച്ച് പ്രത്യക്ഷപ്പെടുന്നതും സാമന്തയുടെ സോഷ്യൽമീഡിയ പോസ്റ്റുകളിൽ രാജിന്റെ സാന്നിധ്യം വർധിക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോഴിതാ നടിയുടെ പുതിയ കുറിപ്പിനൊപ്പം പ്രത്യക്ഷപ്പെട്ട ഫോട്ടോയാണ് വൈറലാകുന്നത്. താൻ നിർമ്മിച്ച ശുഭം സിനിമ വിജയകരമായി തിയേറ്ററിൽ പ്രദർശനം തുടരുന്ന സാഹചര്യത്തിൽ സിനിമയെ സ്വീകരിച്ചവർക്ക് നന്ദി അറിയിച്ചുള്ളതായിരുന്നു നടിയുടെ പോസ്റ്റ്.
ശുഭം കാണുന്നതിനും അനുഭവിക്കുന്നതിനും ഞങ്ങളോടൊപ്പം ആഘോഷിക്കുന്നതിനും നന്ദി. ഞങ്ങളുടെ ആദ്യ ചുവടുവയ്പ്പ്-ഹൃദയം നിറഞ്ഞു. പുതുമയുള്ള കഥകൾ പ്രധാനമാണെന്ന് മനസിലാക്കുന്നു. എന്നാണ് സാമന്ത കുറിച്ചത്. മകളുടെ സിനിമ കണ്ടശേഷമുള്ള അനുഭവം സാമന്തയുടെ അമ്മ പങ്കുവെക്കുന്നതും പോസ്റ്റിൽ കാണാം.
ഇരുന്നൂറ് കോടി നേടുമെന്നും തിയേറ്റർ നിറഞ്ഞിരിക്കുന്നത് കണ്ട് സന്തോഷിച്ചുവെന്നും സാമന്തയുടെ അഭിനയം കണ്ട് അതിശയിച്ചുവെന്നുമെല്ലാം അമ്മ പറയുന്നുണ്ട്. ശുഭം ടീമിനൊപ്പമുള്ള ചിത്രങ്ങളും പോസ്റ്റിനൊപ്പം സാമന്ത പങ്കിട്ടു. അതിൽ ഏറ്റവും ശ്രദ്ധ നേടിയത് ബോളിവുഡ് സംവിധായകനും നടിയുടെ കാമുകനെന്ന് പറയപ്പെടുന്നതുമായ രാജിനൊപ്പമുള്ള ഫോട്ടോയാണ്.
ഫ്ലൈറ്റ് യാത്രയ്ക്കിടയിൽ പകർത്തിയ സെൽഫിയാണ് സാമന്ത പങ്കുവെച്ചിരിക്കുന്നത്. രാജിന്റെ തോളിൽ പുഞ്ചിരി തൂകി ചാഞ്ഞ് കിടക്കുന്ന നടിയെ കാണാം. ഫോട്ടോ വൈറലായതോടെ സാംരാജ് എന്ന് ഹാഷ്ടാഗും വൈറലായി മാറി. രാജിനേയും സാമന്തയേയും ഒരുമിച്ച് കാണുമ്പോൾ അതിയായ സന്തോഷം തോന്നുന്നുവെന്നാണ് കമന്റുകൾ. സ്നേഹിക്കപ്പെടാൻ അർഹതയുള്ളവളാണ് സാമന്തയെന്നും ആരാധകർ കുറിച്ചു.
2025ൽ സാമന്തയിൽ നിന്നും ഏറ്റവും ശുഭകരമായ വാർത്ത കേൾക്കാൻ സാധിക്കട്ടേയെന്നും കമന്റുകളുണ്ട്. സെലിബ്രിറ്റികൾ അടക്കം നടിയുടെ പോസ്റ്റിന് സ്നേഹം അറിയിച്ച് എത്തി.രാജ് വിവാഹതിനും ഒരു കുഞ്ഞിന്റെ പിതാവിമാണെന്നാണ് റിപ്പോർട്ടുകൾ. മറ്റൊരു സ്ത്രീയുടെ സമാധാനവും സന്തോഷവും തകർക്കുന്നയാളാണ് സാമന്തയെന്ന് കരുതുന്നില്ലെന്നും ചിലർ കുറിച്ചു.
ആദ്യ വിവാഹബന്ധം വേർപ്പെടുത്തിയശേഷം സിനിമ മാത്രമാണ് സാമന്തയ്ക്കെല്ലാം. വിവാഹമോചനശേഷം ഫാമിലിമാൻ 2 എന്ന വെബ് സീരിസിലൂടെ ബോളിവുഡിൽ നടി ആദ്യമായി അരങ്ങേറിയപ്പോൾ സംവിധായകരിൽ ഒരാൾ രാജായിരുന്നു. ഫാമിലിമാൻ 2വിനുശേഷമാണ് ബോളിവുഡിൽ നിന്നും തുടരെ തുടരെ അവസരങ്ങൾ നടിക്ക് ലഭിച്ച് തുടങ്ങിയത്.
വിവാഹമോചനത്തിനുശേഷം അസുഖം കൂടി പിടികൂടിയതോടെ ജീവിതത്തിലേക്ക് തിരികെ വരാൻ സാമന്തയ്ക്ക് കടമ്പകൾ ഏറെയായിരുന്നു. മനക്കരുത്ത് മാത്രമാണ് അപ്പോഴെല്ലാം നടിക്ക് തുണയായത്. കഴിഞ്ഞ വർഷമായിരുന്നു നാഗചൈതന്യയുടെ രണ്ടാം വിവാഹം. നടി ശോഭിത ധൂലിപാലയാണ് താരത്തിന്റെ ഭാര്യ.