-->
മിമിക്രിയിൽ നിന്നും ബിഗ് സ്ക്രീനിലെത്തി തിളങ്ങിയ താരങ്ങൾ മലയാളത്തിൽ ഒരുപാടുണ്ട്. അക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒരു പേരാണ് ദിലീപിന്റേത്. സഹനായക വേഷങ്ങളിൽ തുടങ്ങി മലയാളത്തിന്റെ ജനപ്രിയനായകൻ എന്ന പദവി നേടാൻ ദിലീപ് കഠിനപ്രയത്നം ചെയ്തിട്ടുണ്ട്.
കരിയറിന്റെ പീക്ക് ടൈമിൽ നിൽക്കുമ്പോഴാണ് നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ പേര് വരുന്നതും അതോടെ കരിയർ ഗ്രാഫ് കുത്തനെ ഇടിയുന്നതും. പിന്നീടിങ്ങോട്ട് വലിയ വിജയങ്ങൾ ദിലീപിന്റെ സിനിമ ജീവിതത്തിൽ ഉണ്ടായിട്ടിലെന്നു തന്നെ പറയാം. എങ്കിലും ഒരു നല്ല ദിലീപ് ചിത്രത്തിനായി വലിയ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.
അതുകൊണ്ടാവാം ദിലീപിന്റെ ഏറ്റവും പുതിയ ചിത്രം പ്രിൻസ് ആൻഡ് ഫാമിലി മികച്ച പ്രതികരണം നേടുന്നത്. അടുത്തിടെ ഇറങ്ങിയ ചിത്രങ്ങളെ അപേക്ഷിച്ച് താരത്തിന്റെ ഈ ചിത്രം ബോക്സോഫീസിലും ചലനങ്ങള്‍ സൃഷ്ടിക്കുന്നുണ്ട്.
ദിലീപിന്റെ 150-ാം ചിത്രമായ പ്രിൻസ് ആൻഡ് ഫാമിലി ലിസ്റ്റിൻ സ്റ്റീഫൻ നിർമിച്ച് നവാഗതനായ ബിന്റോ സ്റ്റീഫനാണ് സംവിധാനം ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ ഈ ചിത്രവുമായി ബന്ധപ്പെട്ട് നല്‍കിയ വാർത്താ സമ്മേളനത്തില്‍ വളരെ വൈകാരികമായി പ്രതികരിക്കുന്ന ദിലീപിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറൽ ആകുന്നത്.
"ഞാൻ വല്ലാത്തൊരു അവസ്ഥയില്‍ നില്‍ക്കുന്ന സമയത്ത് ഇറങ്ങിയ സിനിമയാണ് രാമലീല. ആ രാമലീല എഴുതിയ സച്ചി നമ്മളെ വിട്ടുപോയി. എനിക്ക് തോന്നിയിട്ടുണ്ട് ആ സച്ചി എനിക്ക് വേണ്ടിയാണോ ജനിച്ചതെന്ന്. കാരണം എനിക്ക് ഏറ്റവും അപകടമുള്ള സമയത്ത് എന്നെ ഇവിടെ പിടിച്ചുനിർത്തിയത് അരുണ്‍ഗോപി സംവിധാനം ചെയ്ത ചിത്രമാണ് രാമലീലയാണ്.
ഏറ്റവും പ്രതിസന്ധിയില്‍ നില്‍ക്കുന്ന സമയത്ത് ഇനി മലയാള സിനിമയില്‍ ദിലീപ് ഇല്ലെന്ന് പറയുന്ന സമയത്ത് ലക്ഷക്കണക്കിന് ജനങ്ങള്‍ തിയേറ്ററിലേക്ക് ഓടിയെത്തി, ആ നടനെ അങ്ങനെ കളയാനുള്ളതല്ലെന്ന് പറഞ്ഞ് എന്നെ പിടിച്ചുനിർത്തിയ സിനിമയാണിത്. അതുപേലെയാണ് പ്രിൻസ് ആൻഡ് ഫാമിലിയും. പിന്നെ ഒരു അപേക്ഷയുണ്ട്. അത് നിങ്ങള്‍ക്ക് എങ്ങനെ വേണമെങ്കിലും എടുക്കാം. വർഷങ്ങൾക്ക് മുൻപ് എന്നെ അടിച്ചിടാൻ കൂടെ നിന്നവരല്ലേ! ഒന്ന് എഴുന്നേറ്റ് നില്‍ക്കാൻ ശ്രമിക്കുമ്പോൾ ഒന്ന് കൂടെ നിന്നൂടെ?...എല്ലാവരുടെയും അനുഗ്രഹങ്ങളും പ്രാർത്ഥനകളും ആശംസകളും പ്രതീക്ഷിച്ചു കൊണ്ട്... നന്ദി നന്ദി... നന്ദി..." എന്നായിരുന്നു വൈകാരികമായി ദിലീപ് ചോദിച്ചത്.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയർന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. കേസിന് പിന്നാലെ പലരും ദിലീപിനെ പിന്തുണച്ച് കൊണ്ടും എതിർത്തുകൊണ്ടും രംഗത്തെത്തിയിരുന്നു.