-->
1994 ൽ ദൂരദർശനിൽ സംപ്രേഷണം ചെയ്യപ്പെട്ട ശാന്തി എന്ന പരമ്പരയിലെ നായികാകഥാപാത്രമായി അഭിനയിച്ച് ശ്രദ്ധിക്കപ്പെട്ട താരമാണ് മന്ദിര ബേദി. പിന്നീട് ദില്‍വാലെ ദുല്‍ഹാനിയ ലേ ജായേംഗേ എന്ന ചിത്രത്തിലൂടെ ബിഗ് സ്ക്രീനിലും താരം അരങ്ങേറ്റം കുറിച്ചു. അതിനു ശേഷം പല സിനിമകളിലും സീരിയലുകളിലും നായിക സഹനായിക വില്ലന്‍ വേഷങ്ങളില്‍ മന്ദിര ബേദി തിളങ്ങി. മന്ദിര പിന്നീട് ഏറെ ശ്രദ്ധിക്കപ്പെട്ടത് ക്രിക്കറ്റ് ലോകകപ്പിന്റെ അവതരണത്തിലൂടെയും, ടെലിവിഷൻ അവതരണത്തിലൂടെയുമാണ്.
ഹൃദയാഘാതത്തെ തുടർന്ന് വളരെ പെട്ടെന്നാണ് മന്ദിര ബേദിയുടെ ഭർത്താവും സിനിമാ നിർമാതാവും സംവിധായകനുമായ രാജ് കൗശാൽ അന്തരിച്ചത്. ‘മൈ ബ്രദർ...നിഖിൽ’ എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവും, 2004ൽ ഇറങ്ങിയ ഷാദി കാ ലഡൂ, 1999ൽ പുറത്തിറങ്ങിയ പ്യാർ മേ കഭി കഭി സംവിധാനം ചെയ്തതും നിർമിച്ചതും രാജ് കൗശാൽ ആയിരുന്നു. ഭര്‍ത്താവിന്റെ പെട്ടെന്നുള്ള വേര്‍പാട് കുറച്ചൊന്നുമല്ല മന്ദിര ബേദിയെ തകര്‍ത്തത്. ആ ദുഃഖത്തില്‍ നിന്ന് കരകയറാന്‍ ഒരിക്കലും തനിക്ക് കഴിഞ്ഞിട്ടില്ലെന്ന് താരം പലപ്പോഴും തുറന്നു പറഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ ദുഃഖത്തിന് കുറുക്കുവഴികളൊന്നുമില്ലെന്നും നിങ്ങള്‍ അതിലൂടെ കടന്നുപോകുക തന്നെ വേണമെന്നും പറയുകയാണ് നടിയും ഫാഷന്‍ ഡിസൈനറുമായ മന്ദിര ബേദി. തന്റെ ഭർത്താവും സംവിധായകനും നിർമാതാവുമായ രാജ് കൗശലിനെ ഓർത്തുകൊണ്ടാണ് താരമത് പറഞ്ഞത്.
പെട്ടെന്നുണ്ടായ മരണത്തെ എങ്ങനെ നേരിട്ടുവെന്ന് മന്ദിര അടുത്തിടെ തുറന്നു പറഞ്ഞു.
‘‘രാജിന്റെ മരണത്തിന് ശേഷമുള്ള ആദ്യ വർഷം എല്ലാം വളരെ അവിശ്വസനീയമാംവിധം കഠിനമായിരുന്നു. ഞാനും കുട്ടികളും ആ നഷ്ടത്തെ നേരിടാൻ പഠിച്ചു...ജന്മദിനം, വാർഷികം, ദീപാവലി എല്ലാം. മുറിയില്‍ ഇരുന്ന് ആരോടും സംസാരിക്കാൻ ആഗ്രഹിക്കാതെ, കരയാൻ കഴിയാത്തിടത്തോളം എത്തുന്നതുവരെ കരഞ്ഞുകൊണ്ടേയിരിക്കാൻ ആഗ്രഹിക്കുന്ന സമയമായിരുന്നു. ദുഃഖത്തിന് കുറുക്കുവഴികളൊന്നുമില്ല. നിങ്ങള്‍ അതിലൂടെ കടന്നുപോകുക തന്നെ വേണം.
രാജിന്റെ മരണത്തിന് ഏട്ടോ ഒമ്പതോ മാസം മുമ്പാണ് മകളെ ദത്തെടുക്കുന്നത്. അതുകൊണ്ടുതന്നെ മകള്‍ക്ക് അദ്ദേഹത്തെ വളരെക്കുറച്ച് പരിചയമേ ഉള്ളൂ. എന്നാല്‍ മകനെ മരണം ആഴത്തില്‍ ബാധിച്ചു. മകനോട് കരയരുതെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല, ആണ്‍കുട്ടികള്‍ കരയരുത് എന്ന് പറയുന്നത് വിഡ്ഢിത്തമാണ്. അവന് രാജിനെ സന്തോഷത്തോടെ ഓർക്കാൻ കഴിയുന്ന തരത്തില്‍ ആ വികാരങ്ങള്‍ പുറത്തുവിടണമെന്ന് ഞാൻ ആഗ്രഹിച്ചു.
രാജിന്റെ ചരമവാർഷികം ആചരിക്കരുതെന്ന് ഞാൻ തീരുമാനിച്ചിരുന്നു. ഒരു മാസത്തെ പൂജ, ഒരു വർഷത്തെ പൂജ, മറ്റ് ആചാരങ്ങളും അങ്ങനെ എല്ലാം ചെയ്തു. എന്താണ് ആ ദിവസത്തില്‍ ഓര്‍ക്കാനുള്ളത്. ജീവിതത്തിലെ ദുഃഖകരമായ ദിവസമാണിത്. പകരം, എല്ലാ വർഷവും അദ്ദേഹത്തിന്റെ ജന്മദിനം സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും ആഘോഷിക്കുന്നു. രാജിനെ സ്നേഹപൂർവ്വം ഓർമിക്കുകയും ചെയ്യും.
അദ്ദേഹത്തിന്റെ ചരമവാർഷികം ഞാൻ ഓർക്കും. ആ ദിവസം എനിക്ക് സങ്കടം തോന്നും. പക്ഷേ കുട്ടികള്‍ ഓർക്കരുതെന്ന് ആഗ്രഹിക്കുന്നു...’’ മന്ദിര ബേദി പറയുന്നു. ദി ഫുള്‍ സർക്കിള്‍ എന്ന യൂട്യൂബ് ചാനലിനോടാണ് മന്ദിര മനസ്സു തുറന്നത്.
1999ലാണ് രാജ് കൗശലിന്‍റെയും മന്ദിര ബേദിയുടെയും വിവാഹം നടന്നത്. വീര്‍ കൗശല്‍, താര ബേദി കൗശല്‍ എന്നിവരാണ് ഇവരുടെ മക്കള്‍.