-->
തിരുവനന്തപുരം: നിയമനടപടിയുമായി മുമ്പോട്ട് പോകും നീതി ലഭിക്കും വര നിയമപോരാട്ടം തുടരുമെന്നും വഞ്ചിയൂര്‍ കോടതിയിലെ ജൂനിയര്‍ അഭിഭാഷക ശ്യാമിലി. സീനിയര്‍ അഭിഭാഷകന്‍ ബെയ്‌ലിന്‍ദാസില്‍ നിന്നും മര്‍ദ്ദനമേറ്റെന്ന ആരോപണത്തിലായിരുന്നു ഇവരുടെ പ്രതികരണം. പോലീസ് സംഭവത്തില്‍ ശരിയായ രീതിയിലാണ് അന്വേഷണം നടത്തുന്നതെന്നും വനിതാകമ്മീഷനും ബാര്‍ അസോസിയേഷനും സമ്പൂര്‍ണ്ണ പിന്തുണയാണ് നല്‍കുന്നതെന്നും എത്രയും േവഗത്തില്‍ നീതി കിട്ടണമെന്നും പറഞ്ഞു.
നേരത്തേ സംഭവം നടന്നതിന് പിന്നാലെ അഭിഭാഷകനെ പോകാന്‍ അനുവദിക്കാതെ പോലീസ് വന്നിട്ടു പോയാല്‍ മതിയെന്ന് പറഞ്ഞ് തടസ്സം നിന്നപ്പോള്‍ മറ്റ് വക്കീലന്മാര്‍ വന്ന് വക്കീലോഫീസില്‍ നിന്നും ഒരാളെ അറസ്റ്റ് ചെയ്തുകൊണ്ടുപോകാന്‍ പറ്റില്ലെന്ന നിലപാടാണ് എടുത്തതെന്നും യുവതി പറഞ്ഞു. എന്നിരുന്നാലും അഭിഭാഷകരില്‍ നിന്നും തനിക്ക് കൂടുതല്‍ പിന്തുണ കിട്ടുന്നുണ്ടെന്നും പറഞ്ഞു. കേസില്‍ ഒരു ഒത്തുതീര്‍പ്പിനും തയ്യാറാകില്ലെന്നും കേസുമായി മുമ്പോട്ട് പോകാന്‍ തന്നെയാണ് തീരുമാനമെന്നും യുവതി പ്രതികരിച്ചു.
അഭിഭാഷകന്‍ മുമ്പും മര്‍ദ്ദിച്ചിട്ടുണ്ടെന്നും ഒരു ജാമ്യാപേക്ഷ നല്‍കുന്നതുമായി ബന്ധപ്പെട്ടായിരുന്നു ഈ സംഭവം. മര്‍ദ്ദിച്ച ശേഷം മാപ്പു പറയുന്നത് സീനിയര്‍ അഭിഭാഷകന്റെ പതിവാണെന്നും പറഞ്ഞു. ജൂനിയേഴ്‌സിനോട് മോശമായി പെരുമാറുന്നയാളാണ് ഇയാള്‍. മുമ്പും പലരും മോശം പെരുമാറ്റത്തിന്റെ പേരില്‍ അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും പോയിട്ടുണ്ട്. പെട്ടെന്ന് ദേഷ്യം വരും. അപ്പോള്‍ മോശമായി പെരുമാറും. താന്‍ മൂന്ന് വര്‍ഷമായി ഇദ്ദേഹത്തിനൊപ്പം പ്രവര്‍ത്തിക്കുന്നു. സംഭവത്തില്‍ ശ്യാമിലി കേരളാ ബാര്‍ കൗണ്‍സിലിന് പരാതി നല്‍കിയിരുന്നു.
ട്രിവാന്‍ഡ്രം ബാര്‍ അസോസിയേഷന്‍ ഇക്കാര്യത്തില്‍ ഉടന്‍ തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ബാര്‍കൗണ്‍സില്‍ ഉടന്‍ യോഗം ചേരുന്നുണ്ട്. ഈ യോഗത്തിലാകും അഭിഭാഷകനെതിരേ എടുക്കേണ്ട അച്ചടക്ക നടപടി സ്വീകരിക്കുക.