-->
ന്യൂഡല്‍ഹി: സുപ്രീംകോടതിയുടെ പുതിയ ചീഫ് ജസ്റ്റീസായി ഭൂഷണ്‍ ഗവായ് ഇന്ന് ചുമതലയേല്‍ക്കും. സുപ്രീംകോടതിയില്‍ ഉന്നതപദവിയില്‍ എത്തുന്ന ആദ്യ ബുദ്ധിസ്റ്റും രണ്ടാമത്തെ ദളിത് വിഭാഗത്തില്‍ നിന്നുള്ളയാളുമാണ്. ചടങ്ങ് രാഷ്ട്രപതിഭവനിലാണ്. രാഷ്ട്രപതി ദ്രൗപതി മുര്‍മ്മു സത്യവാചകം ചൊല്ലിക്കൊടുക്കും. കേരളവും ബീഹാറും സിക്കിമും അടക്കമുള്ള സംസ്ഥാനങ്ങളില്‍ ഗവര്‍ണറായിരുന്ന ആര്‍.എസ്. ഗവായ് യുടെ മകനായ അദ്ദേഹം ഇന്ത്യയുടെ അമ്പത്തിരണ്ടാമത് ചീഫ് ജസ്റ്റീസായിട്ടാണ് ചുമതലയേല്‍ക്കുന്നത്.
ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്നയുടെ പിന്‍ഗാമിയായിട്ടാണ് അദ്ദേഹം പദവിയില്‍ എത്തുന്നത്. ബുദ്ധപൂര്‍ണ്ണിമയുടെ രണ്ടുദിവസത്തിന് പിന്നാലെ സത്യപ്രതിജ്ഞാചടങ്ങ് നടക്കുന്നു എന്നത് വലിയ ആകസ്മീകതയായി അദ്ദേഹം പ്രതികരിച്ചു. 1956 ല്‍ ബാബാസാഹേബ് അംബേദ്ക്കര്‍ നടത്തിയ മതപരിവര്‍ത്തനത്തിന്റെ ഭാഗമായി ജസ്റ്റീസ് ഗവായ് യുടെ പിതാവ് ആര്‍.എസ്. ഗവായ് ബുദ്ധിസത്തിലേക്ക് മതം മാറിയയാളാണ്. അതിന് ശേഷം കുടുംബം മുഴൂവന്‍ പിന്നീട് ബുദ്ധിസത്തിന്റെ ഭാഗമാകുകയും ബുദ്ധമതം പിന്തുടരുകയുമായിരുന്നു.
ജസ്റ്റീസ് ഗവായ് തന്റെ ഏറ്റവുമടുത്ത സുഹൃത്താണെന്നായിരുന്നു വിരമിക്കല്‍ ചടങ്ങില്‍ ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന പ്രതികരിച്ചത്. അടുത്തിടെ, ടൈംസ് നൗവിന് നല്‍കിയ അഭിമുഖത്തില്‍ ജസ്റ്റിസ് ഗവായ് തന്റെ ഭരണകാലത്ത് സുപ്രീംകോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളുടെ എണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിടുന്നതായി പറഞ്ഞിരുന്നു. ഇതിനകം തന്നെ കേസുകളെ വര്‍ഗ്ഗീകരിക്കാനുള്ള ശ്രമത്തിലാണെന്നും പറഞ്ഞു. ജുഡീഷ്യല്‍ ഒഴിവുകള്‍ നികത്താനുള്ള നടപടികള്‍ക്ക് തന്റെ കീഴിലുള്ള കൊളീജിയം ഇതിന് മുന്‍ഗണന നല്‍കുമെന്നും പറഞ്ഞു.
വളരെയധികം കഠിനാദ്ധ്വാനിയായ ആള്‍ എന്നാണ് ജസ്റ്റിസ് ഗവായ് യെ കുറിച്ച് മാതാവ് വിശേഷിപ്പിച്ചത്. ''അദ്ദേഹത്തിന്റെ വിജയത്തിന്റെയും ഉയര്‍ന്ന സ്ഥാനത്തിന്റെയും ക്രെഡിറ്റ് ഞാന്‍ അവന്റെ കഠിനാധ്വാനത്തിനും നിശ്ചയദാര്‍ഢ്യത്തിനും നല്‍കും.'' അവര്‍ കൂട്ടിച്ചേര്‍ത്തു. ജസ്റ്റിസ് ഗവായ് ധാരാളം സാമൂഹിക പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നുണ്ടെന്നും സാമ്പത്തിക സഹായം നല്‍കുന്നതിനും അവരുടെ ആശുപത്രി ചെലവുകള്‍ വഹിക്കുന്നതിനും നിരവധി ദരിദ്രരായ ആളുകള്‍ക്ക് സഹായം നല്‍കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
അമരാവതിയിലെ വളരെ സാധാരണമായ ഒരു പ്രാദേശിക സ്‌കൂളില്‍ നിന്നാണ് തന്റെ പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്, എന്നാല്‍ തന്റെ കഠിനാധ്വാനം, കഴിവ്, നിശ്ചയദാര്‍ഢ്യം എന്നിവയാല്‍ അദ്ദേഹം വിദ്യാഭ്യാസത്തില്‍ മികച്ചുനിന്നു.