-->
അനുഷ്ക ശര്‍മ്മയും വിരാട് കോഹ്ലിയും കായികലോകത്തെയും സിനിമാലോകത്തെയും ആരാധകരുടെ പ്രിയ താരദമ്പതിമാരാണ്. ഇരുവരുടെയും പ്രണയവും ഡേറ്റിംഗും ആഘോഷപൂര്‍വ്വം സ്വകാര്യ ചടങ്ങിലൂടെ നടത്തിയ വിവാഹവുമെല്ലാം ആരാധകര്‍ ഏറ്റെടുത്തതാണ്. മാതൃക ദമ്പതിമാരായ ഇരുവരും തങ്ങളുടെ സ്വകാര്യ ജീവിതവും കരിയറും രണ്ടു തട്ടിലാണ് കൊണ്ടു നടക്കുന്നത്. മക്കളായ വാമികയുടെയും അകായ് യുടെയും ചിത്രങ്ങള്‍ പോലും ഇതുവരെ താരദമ്പതിമാര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടില്ല.
വിരാടിന്റെ ഓരോ വിജയത്തിലും പരാജയത്തിലും താങ്ങായും തണലായും അനുഷ്കയുണ്ടെന്നുള്ളത് ക്രിക്കറ്റ് മൈതാനിയില്‍ വച്ചുള്ള വീഡിയോകളിലൂടെ ആരാധകര്‍ കണ്ടറിഞ്ഞിട്ടുള്ളതാണ്. പരസ്പരമുള്ള കരുതലും പല തവണ ആരാധകര്‍ ഏറ്റെടുത്തിട്ടുള്ളതാണ്.
ഇക്കഴിഞ്ഞ ദിവസമാണ് വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപനം നടത്തിയത്. സഹകായികതാരങ്ങളും ആരാധകരുമടക്കം നിരവധി പേര്‍ കിംഗ് കോഹ്ലി വിരമിക്കല്‍ സങ്കടത്തോടെയാണ് ഏറ്റെടുത്തത്. പലരും സോഷ്യല്‍ മീഡിയയിലൂടെ ആശംസകളും സങ്കടങ്ങളുമൊക്കെ കുറിക്കുകയും ചെയ്തിരുന്നു.
ഇപ്പോഴിതാ വിരാടിന്റെ ഭാര്യയും ബോളിവുഡ് താരവുമായ അനുഷ്ക ശർമ്മ ഇതിനെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ആഴത്തിലുള്ള വൈകാരിക സന്ദേശം പങ്കുവെച്ചിരിക്കുകയാണ്. അനുഷ്ക പങ്കിട്ട ആ പോസ്റ്റാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. ‘‘അവർ റെക്കോർഡുകളെയും നാഴികക്കല്ലുകളെയും കുറിച്ചാണ് സംസാരിക്കുന്നത്. പക്ഷേ ഞാന്‍ ഓര്‍ക്കുന്നത് നിങ്ങൾ ഒരിക്കലും കാണിച്ചിട്ടില്ലാത്ത കണ്ണുനീർ, ആരും കാണാത്ത പോരാട്ടങ്ങൾ, ഈ ഫോർമാറ്റിൽ നിങ്ങൾ നൽകിയ അചഞ്ചലമായ സ്നേഹം എന്നിവയാണ്. ഇതെല്ലാം നിങ്ങളിൽ നിന്ന് എത്രമാത്രം കവർന്നെടുത്തു എന്ന് എനിക്കറിയാം. ഓരോ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷവും, നിങ്ങൾ കുറച്ചുകൂടി ബുദ്ധിമാനും, അല്പം വിനയാന്വിതനുമായി തിരിച്ചുവന്നു... അതിലൂടെ നിങ്ങൾ പരിണമിക്കുന്നത് കാണുന്നത് ഒരു പദവിയാണ്.
എന്തായാലും, നിങ്ങൾ വെള്ള വസ്ത്രത്തിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കുമെന്ന് ഞാൻ എപ്പോഴും സങ്കൽപ്പിച്ചിരുന്നു... പക്ഷേ നിങ്ങൾ എപ്പോഴും നിങ്ങളുടെ ഹൃദയത്തെ പിന്തുടർന്നു, അതിനാൽ എന്റെ സ്നേഹം പറയാൻ ഞാൻ ആഗ്രഹിക്കുന്നു, ഈ വിട പറയലിന്റെ ഓരോ ഭാഗവും നിങ്ങൾ നേടിയിട്ടുണ്ട് ...’’ എന്നാണ് വിരാടിനൊപ്പമുള്ള ക്രിക്കറ്റ് മൈതാനിയില്‍ നിന്നുള്ള ചിത്രത്തിന്റെ കൂടെ അനുഷ്ക കുറിച്ചത്.
2011 ൽ വെസ്റ്റ് ഇൻഡീസിനെതിരെ അരങ്ങേറ്റം കുറിച്ചതിനുശേഷം 123 ടെസ്റ്റുകളിൽ കളിച്ച കോഹ്ലി, 14 വർഷം നീണ്ട റെഡ്-ബോൾ കരിയറിനാണ് തിരശ്ശീല വീഴ്ത്തിയത്.