-->
തമിഴകത്തിന് അന്നുമിന്നും ഒരേയൊരു സൂപ്പര്‍സ്റ്റാര്‍ സ്റ്റൈല്‍മന്നന്‍ മാത്രമേയുള്ളൂ, രജനികാന്ത്. അന്നുമിന്നും താരത്തിനെ കാണാനും സംസാരിക്കാനും ആഗ്രഹിക്കാത്തവര്‍ കുറവാണ്. സാധാരണക്കാര്‍ മാത്രമല്ല, സിനിമാതാരങ്ങള്‍ക്കിടയിലും രജനികാന്തിനെ മനസ്സ് കൊണ്ട് ആരാധിക്കുന്നവര്‍ അനവധിയാണ്.
ഇപ്പോഴിതാ ‘ടൂറിസ്റ്റ് ഫാമിലി’ എന്ന സിനിമയുടെ സംവിധായകന്‍ അബിഷന്‍ ജിവിന്ത് പങ്കിട്ട ഒരു ചിത്രമാണ് സോഷ്യല്‍ മീഡിയ ഏറ്റെടുക്കുന്നത്. ചിത്രം കണ്ട് സൂപ്പർസ്റ്റാർ രജനികാന്ത് വിളിച്ചെന്നാണ് സംവിധായകൻ പങ്കുവെച്ചത്. ‘‘സൂപ്പർ സൂപ്പർ സൂപ്പർ എക്സ്ട്രാഓർഡിനറി...’’ എന്ന് രജനികാന്ത് പറഞ്ഞുവെന്നാണ് ചിത്രത്തില്‍ ക്യാപ്ഷനായി സംവിധായകന്‍ കുറിച്ചത്. ‘‘ഈ ഫോണ്‍ കോള്‍ യഥാർത്ഥത്തില്‍ സംഭവിച്ചുവെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. സൂപ്പർ ഹ്യൂമനില്‍ നിന്ന് ഒരു സ്പെഷ്യല്‍ കോള്‍ ലഭിച്ചു...’’എന്നാണ് അബിഷന്‍ ജിവിന്ത് ചിത്രം പങ്കിട്ട് കുറിച്ചത്.
ശശികുമാർ, സിമ്രാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി അബിഷൻ ജിവിന്ത് സംവിധാനം ചെയ്യുന്ന കോമഡി എൻ്റർടൈയ്നർ ചിത്രമാണ് ‘ടൂറിസ്റ്റ് ഫാമിലി’. മെയ് ഒന്നിന് റിലീസ് ചെയ്ത സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ചിത്രം എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് തമിഴ്നാട് ബോക്സ് ഓഫീസില്‍ മുന്നേറുകയാണ്. ഏഴ് ദിവസം കൊണ്ട് തമിഴ്നാട് ബോക്സ് ഓഫീസില്‍ നിന്നും 21 കോടി സ്വന്തമാക്കിയെന്നാണ് റിപ്പോർട്ട്. പതിയെ തുടങ്ങിയ സിനിമയ്ക്ക് മികച്ച പ്രതികരണങ്ങള്‍ ലഭിച്ചതോടെ ഷോ വർധിപ്പിക്കുകയായിരുന്നു.
‘ആവേശം’ എന്ന ചിത്രത്തില്‍ ബിബിമോൻ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായ മിഥുൻ ജയ് ശങ്കറും ചിത്രത്തില്‍ ഒരു പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.
കേരളത്തിലും സിനിമയ്ക്ക് വലിയ സ്വീകാര്യത ലഭിക്കുന്നുണ്ട്. 80 ലക്ഷമാണ് സിനിമ ഇതുവരെ കേരളത്തില്‍ നിന്നും നേടിയത്. ഈ വർഷം പുറത്തിറങ്ങിയതിലെ ഒരു മികച്ച സിനിമയാണ് ‘ടൂറിസ്റ്റ് ഫാമിലി’ എന്നാണ് പേക്ഷകർ ഒന്നടങ്കം പറയുന്നത്. ചിത്രത്തിലെ ഹ്യൂമറും, ഇമോഷൻസും, ഡ്രാമയുമെല്ലാം സംവിധായകൻ കൃത്യമായി അവതരിപ്പിച്ചിട്ടുണ്ടെന്നും മികച്ചു നില്‍ക്കുന്ന പ്രകടനങ്ങള്‍ സിനിമയ്‌ക്കൊരു മുതല്‍ക്കൂട്ടാണെന്നും പ്രതികരണങ്ങളുണ്ട്.
ഗുഡ് നൈറ്റ്, ലവർ തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകള്‍ നിർമിച്ച മില്യണ്‍ ഡോളർ സ്റ്റുഡിയോസും ഒപ്പം എംആർപി എന്റർടൈയ്ൻമെന്റ്സും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. യോഗി ബാബു, കമലേഷ്, എം. ഭാസ്കർ, രമേഷ് തിലക്, ബക്സ്, ഇളങ്കോ കുമാരവേല്‍, ശ്രീജ രവി എന്നിവരാണ് സിനിമയിലെ മറ്റു പ്രധാന അഭിനേതാക്കള്‍. ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നതും അബിഷൻ ജിവിന്ത് ആണ്.