Sunday, March 15, 2026 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 12 May 2025 10.20 AM

നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച കൊമ്പൊടിഞ്ഞാല്‍ ദുരന്തം ഷോര്‍ട്‌സര്‍ക്യൂട്ടോ? രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ കേടു കൂടാതെ കണ്ടെത്തി

uploads/news/2025/05/780576/blast.jpg

അടിമാലി: പണിക്കന്‍കുടി കൊമ്പൊടിഞ്ഞാലിനു സമീപം വീടിനുള്ളില്‍ രണ്ട് കുട്ടികളുള്‍പ്പെടെ നാലംഗ കുടുംബം പൊള്ളലേറ്റ് മരിച്ച സംഭവത്തില്‍ നാലു മൃതദേഹങ്ങളും കണ്ടെടുത്തു. നോര്‍ത്ത് കൊമ്പൊടിഞ്ഞാല്‍ തെള്ളിപടവില്‍ പരേതനായ അനീഷിന്റെ ഭാര്യ ശുഭ (44), ശുഭയുടെ മാതാവ് ബൈസന്‍വാലി നാല്‍പതേക്കര്‍ പൊന്നംകുന്നേല്‍ പുരുഷോത്തമന്റെ ഭാര്യ പൊന്നമ്മ (72), ശുഭയുടെ മക്കളായ അഭിനന്ദ് (7), അഭിനവ് (5) എന്നിവരാണു സ്വന്തം വീട്ടില്‍ വെന്തുമരിച്ചത്.

ആദ്യഘട്ടത്തില്‍ നടത്തിയ പരിശോധനയില്‍ വീടിനു തീപിടിച്ചത് വെള്ളിയാഴ്ച രാത്രിയില്‍ ആണെന്ന നിഗമനത്തിലാണ് പോലീസ്. വീട് അഗ്‌നിക്കിരയായ സാഹചര്യം എന്തെന്നു കണ്ടെത്താനായിട്ടില്ല. വീടിനകത്ത് ഉണ്ടായിരുന്ന രണ്ട് ഗ്യാസ് സിലിണ്ടറുകള്‍ കേടുപാടുകള്‍ കൂടാതെ ഫയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. കഴിഞ്ഞദിവസം വീട്ടിലെ വയറിങ് ജോലികളില്‍ തകരാര്‍ കണ്ടെത്തിയിരുന്നതായി സൂചനയുണ്ട്. ഇതുമൂലം ഷോര്‍ട്ട് സര്‍ക്യൂട്ട് സംഭവിച്ചു തീപിടിച്ചതാകാം അപകടകരണം എന്നതാണു പ്രാഥമിക വിലയിരുത്തല്‍.

സംഭവം പുറംലോകം അറിഞ്ഞതിനെ തുടര്‍ന്നു ശനിയാഴ്ച രാത്രിയോടെ ജില്ലാ പോലീസ് മേധാവി റ്റി.കെ വിഷ്ണു പ്രദീപ്, ഡിവൈ.എസ്.പി: ജില്‍സന്‍ മാത്യു എന്നിവരുടെ നേതൃത്വത്തില്‍ വന്‍ പോലീസ് സംഘവും ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ ഉദ്യോഗസ്ഥ സംഘം അടക്കം സ്ഥലത്തെത്തി. ആദ്യഘട്ടത്തില്‍ ഇളയ മകന്‍ അഭിനവിനെ മാത്രമാണു കണ്ടെത്താനായത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. ബാക്കി മൂന്നു പേരുടെയും കത്തിക്കരിഞ്ഞ ശരീരാവശിഷ്ടങ്ങള്‍ മാത്രമാണു കണ്ടെത്താനായത്. ഇടുക്കിയില്‍നിന്നും ഫോറന്‍സിക് വിദഗ്ധ സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

ധരിച്ചിരുന്ന ആഭരണങ്ങളും മറ്റും കണ്ടെത്തി നടത്തിയ പ്രാഥമിക പരിശോധനയില്‍ മൃതദേഹം ഇവരുടേതാണെന്നു ബന്ധുക്കളും സമീപവാസികളും തിരിച്ചറിഞ്ഞു. തുടര്‍ന്നു മൂന്നുപേരുടെയും ശരീരഭാഗങ്ങള്‍ സംഭവസ്ഥലത്ത് തന്നെ ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി ഇടുക്കി മെഡിക്കല്‍ കോളജിലേക്കു മാറ്റി. ഇളയ കുട്ടിയുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയില്‍നിന്നും മെഡിക്കല്‍ കോളജിലേക്ക് എത്തിച്ചു. വൈകുന്നേരത്തോടെ രണ്ടു മൃതദേഹങ്ങള്‍ നടപടികള്‍ പൂര്‍ത്തിയാക്കി.

വിശദമായ പരിശോധനകള്‍ ആവശ്യമായതിനാലാണു പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ വൈകുന്നതെന്ന് അധികൃതര്‍ പറഞ്ഞു. ഇന്നു രാവിലെ മറ്റു രണ്ടുപേരുടെയും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കി ഉച്ചയ്ക്കു മുന്‍പായി നാലുപേരുടെയും മൃതദേഹങ്ങള്‍ വീട്ടുവളപ്പില്‍ സംസ്‌കരിക്കും. ശനിയാഴ്ച രാത്രിയോടെയാണു വീട് കത്തിയമര്‍ന്നു നാല് പേര്‍ മരിച്ചതായി സൂചനകള്‍ ലഭിച്ചത്.

രാത്രിയില്‍ നാലുപേരും ഉറങ്ങുന്ന സമയത്ത് തീപിടുത്തമുണ്ടായതായാണു വിലയിരുത്തല്‍. ഇളയ കുട്ടിയുടെ മൃതദേഹം മാത്രമാണ് അടുക്കള ഭാഗത്തും നിന്നും കണ്ടെത്തിയത്. ബാക്കി മൂവരുടെയും മൃതദേഹങ്ങള്‍ കിടപ്പുമുറിയുടെ ഭാഗങ്ങളില്‍ തന്നെയായിരുന്നു. അഗ്‌നിബാധ ഉണ്ടായതോടെ കാര്‍ബണ്‍ ശ്വസിച്ചു ബോധക്ഷയം ഉണ്ടായതാകാം വീടിനുള്ളില്‍ അകപ്പെട്ടവര്‍ക്ക് രക്ഷപ്പെടാന്‍ കഴിയാതിരുന്നത് എന്നാണ് പോലീസിന്റെ നിഗമനം. സംഭവം നടന്നു എന്നു കരുതുന്ന വെള്ളിയാഴ്ച ഉച്ചവരെ മാങ്കുളത്തുള്ള ബന്ധുക്കള്‍ അടക്കം ഇവരുടെ വീട്ടില്‍ എത്തിയിരുന്നു.

വെള്ളിയാഴ്ച വൈകുന്നേരത്തിനു ശേഷം ഫോണ്‍ മുഖേന ഇവരുമായി ബന്ധപ്പെടാന്‍ കഴിഞ്ഞിട്ടില്ലെന്നും ബന്ധുക്കള്‍ പറയുന്നു. പിന്നീട് ശനിയാഴ്ച സമീപവാസികള്‍ എത്തിയപ്പോള്‍ വീട് പൂര്‍ണമായി അഗ്‌നിക്കിരയായ നിലയിലായിരുന്നു. സംഭവം അറിഞ്ഞെത്തിയപ്പോള്‍ തീ പാടെ കെട്ടടങ്ങിയിരുന്നു. അഗ്‌നിബാധ ഉണ്ടായതിന്റെ ചൂട് പോലും അവശേഷിച്ചിരുന്നില്ല. സംഭവത്തില്‍ ദുരൂഹതയുള്ളതായി ആദ്യഘട്ടത്തില്‍ പോലീസിന് കണ്ടെത്താനായിട്ടില്ല.

Ads by Google
Ads by Google
LATEST NEWS
TRENDING NOW