-->
‘പാതിരവായി നേരം...’ എന്ന പാട്ടിലൂടെ വിയറ്റ്നാം കോളനി എന്ന സിനിമയിലൂടെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ച താരമാണ് കനക. പിന്നീട് ഗോഡ്ഫാദര്‍ സിനിമയിലെ മാലു എന്ന കഥാപാത്രമായപ്പോഴും മലയാളികളുടെ ഹൃദയം കവരാന്‍ കനകയ്ക്ക് കഴിഞ്ഞു. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികള്‍ക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. മലയാളത്തില്‍ മാത്രമല്ല തമിഴിലും തെലുങ്കിലുമടക്കം കനക തിളങ്ങിയിട്ടുണ്ട്.
എന്നാല്‍ കഴിഞ്ഞ കുറെ വര്‍ഷങ്ങളായി ലൈംലൈറ്റില്‍ നിന്ന് അകന്നു കഴിയുകയാണ് ഈ സൂപ്പര്‍ നായിക. അമ്മ ദേവികയുടെ നിഴലില്‍ കഴിഞ്ഞ കനകയ്ക്ക് അപ്രതീക്ഷിത പ്രതിസന്ധികള്‍ ജീവിതത്തില്‍ നേരിടേണ്ടി വന്നു. ദേവികയുടെ മരണം കനകയെ അപ്പാടെ തകർത്തു. ദേവികയും ഭർത്താവ് ദേവദാസും വർഷങ്ങള്‍ക്ക് മുമ്പേ വേര്‍പിരിഞ്ഞു താമസിക്കുന്നവരാണ്. അതുകൊണ്ട് തന്നെ അച്ഛനുമായി കനകയും അകല്‍ച്ചയിലായിരുന്നു. ഇവർ തമ്മില്‍ സ്വത്ത് തർക്കവും ഉണ്ടായിട്ടുണ്ട്.
ഇപ്പോഴിതാ കനകയെ കുറിച്ച് പുതിയൊരു അഭിമുഖത്തില്‍ പിതാവ് ദേവദാസ് പറഞ്ഞ കാര്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. ദേവികയുമായുണ്ടായ പ്രശ്നത്തെക്കുറിച്ചും മകള്‍ കനക തന്നില്‍ നിന്ന് അകന്നതിനെക്കുറിച്ചുമാണ് ദേവദാസ് മനസ്സ് തുറക്കുന്നത്.
‘‘കനകയെ ഞാൻ ഒരുപാട് ഉപദേശിച്ചതാണ്. അവള്‍ക്ക് വിദ്യഭ്യാസം കുറവാണ്. അമ്മ മരിച്ചതിനാല്‍ നീ ഒറ്റയ്ക്ക് കഴിയുന്നത് നല്ലതല്ല, നീ കല്യാണം കഴിച്ച് എനിക്ക് ഒരു അനന്തരാവകാശിയെ തരണമെന്ന് ഞാൻ പറഞ്ഞതാണ്. ദേവിക ഹാർട്ട് അറ്റാക്കിലാണ് മരിച്ചത്. വില്‍പ്പത്രം എഴുതിയിരുന്നില്ല. കനക മറ്റാരെയോ കൊണ്ട് ദേവികയുടെ വ്യാജ ഒപ്പിട്ട് വില്‍പ്പത്രം തയ്യാറാക്കി. ദേവിക നേരത്തെ എനിക്ക് നേരെ കേസ് കൊടുത്തിരുന്നു. ഈ വീടിന്റെ പേരില്‍.
ആ കേസില്‍ ഞാൻ ജയിച്ചു. അതിന് ശേഷം കനക എനിക്കെതിരെ കേസ് കൊടുത്തു. വില്‍പത്രത്തിന്റെ കോപ്പി എനിക്ക് അയച്ചിരുന്നു. അതിലെ കെെയക്ഷരം മാറിയിരുന്നു. ഹിയറിംഗിന് വിളിച്ചപ്പോള്‍ ഞാൻ വന്നു. ഞാനന്ന് ശബരിമലയ്ക്ക് പോകാൻ മാലയിട്ടിട്ടുണ്ട്. ഞാൻ വന്ന ശേഷമാണ് കനക വന്നത്. നിങ്ങളാരാണ് എന്നെന്നോട് ചോദിച്ചു.
ഞാനാരാണെന്ന് നിനക്ക് പറഞ്ഞ് തരേണ്ട തരത്തില്‍ അമ്മ നിന്നെ വളർത്തിയല്ലോ എന്ന് ഞാൻ മറുപടി നല്‍കി. മൂന്ന് വയസ് വരെ മാത്രമേ എന്നെ അവള്‍ കണ്ടിരുന്നുള്ളൂ. ദേവിക മകളെ എന്നെ കാണാൻ സമ്മതിച്ചില്ല. അവളുടെ ബർത്ത്ഡേയ്ക്ക് ഞാൻ മറ്റ് കുട്ടികള്‍ക്ക് മധുരം കൊടുത്താല്‍ മകളെ ദേവിക ആ സ്കൂളില്‍ നിന്ന് മാറ്റും.
അവളുടെ പഠിപ്പ് മുടങ്ങിപ്പോകുമെന്നതിനാല്‍ സ്കൂളില്‍ പോയി അവളെ കാണുന്നത് നിർത്തി. പെണ്‍കുട്ടിയായതിനാല്‍ അമ്മയുടെ കൂടെ ഇരിക്കുന്നതാണ് നല്ലതെന്ന് എന്റെ അഡ്വക്കേറ്റും പറഞ്ഞു. ദേവിക എന്നെ കൊല്ലാൻ വരെ നോക്കി. ആളെ വിട്ട് അടിച്ചു. സ്വത്തിന് വേണ്ടിയായിരുന്നു അത്. ദേവിക എന്നെ ഇങ്ങോട്ട് സ്നേഹിച്ച് വിവാഹം ചെയ്തതാണ്....’’ ദേവദാസ് പറയുന്നു.
കനകയുടെ അച്ഛൻ ദേവദാസും അമ്മ ദേവികയും തമ്മില്‍ അകന്നു കഴിഞ്ഞവരാണ്. അമ്മയുടെ സംരക്ഷണത്തില്‍ വളർന്ന കനകയ്ക്ക് അച്ഛനുമായി അത്ര അടുപ്പമൊന്നും ഉണ്ടായിരുന്നില്ല. ദേവിക പ്രസവിച്ച ഇരട്ടക്കുഞ്ഞുങ്ങളില്‍ ഒരാളാണ് കനക. ഒരാള്‍ പ്രസവസമയത്ത് തന്നെ മരണപ്പെട്ടു. അമ്മ അത്രയേറെ ലാളിച്ചു വളർത്തിയ മകളാണ് കനക. അമ്മയുടെ അപ്രതീക്ഷിത മരണം ഏർപ്പെടുത്തിയ ആഘാതം അതുകൊണ്ടാണ് കനകയെ മാനസികമായി തകർത്തത് എന്ന് റിപ്പോർട്ടുകള്‍ ഉണ്ടായിരുന്നു.
ലൈം ലൈറ്റില്‍ നിന്നും മാറി നില്‍ക്കുന്ന കനകയെ കുറിച്ച് അവസാനം ആരാധകർക്ക് ലഭിച്ച വിവരണങ്ങള്‍ നല്‍കിയത് നടി കുട്ടി പത്മിനിയായിരുന്നു. അയല്പക്കത്തുള്ളവരുമായി പോലും ബന്ധമില്ലാതെ അമ്മ വാങ്ങിയ പഴയ വീട്ടില്‍ ഒറ്റപ്പെട്ടു കഴിയുകയാണ് കനക എന്നാണ് കുട്ടി പദ്മിനി പറഞ്ഞത്. ഏകദേശം 13 കോടിയോളം വില വരുന്ന ആ പ്രോപ്പർട്ടി ആണ് കനകയ്ക്കുള്ള ആകെ സ്വത്ത്.
‘‘വിവാഹം കഴിച്ചിട്ടില്ല, മക്കളില്ല, സഹോദരങ്ങള്‍ ആരും ഇല്ല, ബന്ധുക്കള്‍ ഇല്ല എന്നിങ്ങിനെ എല്ലാ രീതിയിലും ഒറ്റപ്പെട്ടു കഴിയുന്ന കനകയോട് ഈ പ്രോപ്പർട്ടി വിറ്റശേഷം ഒരു ഫ്‌ലാറ്റ് വാങ്ങി അവിടേക്ക് താമസം മാറി നല്ലൊരു ജീവിതം നയിച്ചൂടെ എന്ന് ഞാന്‍ ഉപദേശിച്ചു...’’ കുട്ടി പദ്മിനി പറഞ്ഞത് അങ്ങനെയാണ്.
കനക ഇപ്പോഴും ജീവിച്ചിരിക്കുന്നുണ്ടെങ്കിലും മരിച്ചു എന്ന് മുൻപും പല തവണ വ്യാജ വാർത്ത വന്നിട്ടുണ്ട്. അടുത്തിടെ താരത്തിന്റെ വീടിന് തീ പിടിച്ചതും വാര്‍ത്തകളില്‍ നിറഞ്ഞു. ആ ബംഗ്ലാവ് കണ്ടാല്‍ പ്രേത ഭവനം പോലെയുണ്ടെന്നാണ് അന്ന് പലരും അഭിപ്രായപ്പെട്ടത്. അത്രയും ശോഷിച്ച നിലയിലായിരുന്നു അത്. ഫയർഫോഴ്‌സിനെ പോലും അകത്ത് കയറ്റാൻ കനക അന്ന് മടി കാണിച്ചു. പിന്നീട് ഒരുപാട് നേരം ഉദ്യോഗസ്ഥർ സംസാരിച്ചതിനു ശേഷമാണ് കനക വാതില്‍ തുറന്നത്.
വീട്ടില്‍ നിന്നും പുക ഉയരുന്നത് കണ്ടപ്പോള്‍ ആണ് അയല്‍വാസികള്‍ ഫയർ ഫോസില്‍ വിവരം അറിയിച്ചത്. തുടർന്ന് മൈല പുരിയില്‍ നിന്നും ഫയർ ഫോഴ്‌സ് സ്ഥലത്ത് എത്തി. എന്നാല്‍ രക്ഷിക്കാൻ എത്തിയവരെ താരം ആദ്യം വീട്ടിലേയ്ക് കയറ്റിയില്ല. ഫയർ ഫോഴ്‌സ് സംഘത്തോടും പൊലീസിനോടും കനക വളരെ മോശമായി രൂക്ഷമായി പ്രതികരിച്ചു. എന്നാല്‍ അവരുടെ മാനസിക നില തെറ്റിയ അവസ്ഥയിലാണെന്നും നാട്ടുകരെയും അങ്ങോട്ട് അടുപ്പിക്കാറില്ലെന്നും അയല്‍വാസികള്‍ ഉദ്യോഗസ്ഥരോട് വ്യക്തമാക്കി.
തുടർന്ന് ഉദ്യോഗസ്ഥൻ കനയോട് കൂടുതല്‍ സൗമ്യമായി ഇടപെട്ട് വീടിന്റെ അകത്തേയ്ക്ക് കയറി തീ അണച്ചു. എന്നാല്‍ അപ്പോഴെല്ലാം കനക പരസ്പര വിരുദ്ധമായ കാര്യങ്ങള്‍ സംസാരിക്കുകയും മുറ്റത്തു കൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ വന്നു. നിരവധി വസ്ത്രങ്ങളും സാധനങ്ങളും കത്തി നശിച്ചിരുന്നു. ഇതിനെ കുറിച്ചു അന്വേഷിച്ചപ്പോള്‍ പൂജ മുറിയില്‍ വിളക്ക് കൊളുത്തുന്നതിനിടെ തീ പൊരി ആളി കത്തുകയും വീടിനു അകത്ത് തീ പടരുക ആയിരുന്നുവെന്നുമാണ് കനക പറഞ്ഞത്.
അറുപതാമത്തെ വയസിലാണ് കനകയുടെ അമ്മ മരിക്കുന്നത്. ആ മരണം കനകയെ മാനസികമായി തകർത്തു. അതോടെ താരം തീര്‍ത്തും അനാഥയായി. അളവറ്റ സ്വത്തിനുടമയായിരുന്നു 2002 ല്‍ അന്തരിച്ച നടി ദേവിക. മകള്‍ കനക സമ്പാദിച്ചത് വേറെയും.
അമ്മയെ ഏറെ ഇഷ്ടപ്പെട്ടിരുന്ന, അമ്മയായിരുന്നു ലോകമെന്ന് കരുതി ജീവിച്ചിരുന്ന കനകയ്ക്ക് അമ്മയുടെ മരണം ഉള്‍ക്കൊള്ളാനേ സാധിച്ചിരുന്നില്ല. കനകയുടെ സിനിമകളുടെ തിരഞ്ഞെടുപ്പിലും വസ്ത്രധാരണത്തില്‍ പോലും അമ്മ അനാവശ്യമായി ഇടപെടുന്നുവെന്ന് പരാതിയുണ്ടായിരുന്നു. അമ്മയുടെ കർക്കശ നിലപാടുകള്‍ കാരണം കനകയ്ക്ക് നല്ല ചിത്രങ്ങളും നഷ്ടമായിട്ടുണ്ട് നായകനുമൊത്തു ഇഴുകി ചേർന്നുള്ള അഭിനയവും ഗ്ലാമർ റോളുകളും ദേവിക സെൻസർ ചെയ്യാൻ തുടങ്ങിയതോടെ ഒരു ഭാഷയിലേയ്ക്കും കനകയെ വിളിക്കാതായി. അവസരങ്ങള്‍ പൊടുന്നനെ കുറഞ്ഞു.
ഗോഡ്ഫാദർ എന്ന മെഗാഹിറ്റിലൂടെ തുടങ്ങി നരസിംഹം എന്ന മെഗാഹിറ്റിലൂടെ മലയാളത്തിലെ കരിയർ അവസാനിപ്പിക്കേണ്ടി വന്ന കനകയ്ക്ക് മലയാളസിനിമയോട് എന്നും ഒരു മമത ഉണ്ടായിരുന്നു. കനകയോട് മലയാളികള്‍ക്കും അങ്ങനെ തന്നെ.
മദ്രാസിലെ സമ്പന്നർ മാത്രം താമസിക്കുന്ന രാജാഅണ്ണാമലൈയിലെ ബംഗ്ലാവില്‍ നഷ്ടപ്രണയത്തിന്റെ വേദനയും അമ്മയുടെ വേർപാടിന്റെ തീരാദുഃവും പേറിയാണ് കനകയുടെ ഇപ്പോഴത്തെ ജീവിതം.