-->
ബോളിവുഡിന്റെയും കായികപ്രേമികളുടെയും ഇഷ്ടതാരദമ്പതിമാരാണ് അനുഷ്ക ശര്‍മ്മയും വിരാട് കോഹ്ലിയും. മാതൃകാദമ്പതിമാരായ ഇവര്‍ തങ്ങളുടെ സ്വകാര്യ ജീവിതം ലൈംലൈറ്റില്‍ നിന്ന് എപ്പോഴും മാറ്റി നിര്‍ത്താറുണ്ട്. മക്കളുടെ ചിത്രങ്ങള്‍ ഇതുവരെ വിരാടോ അനുഷ്കയോ പബ്ലിക് പ്ലാറ്റ്ഫോമുകളില്‍ പങ്കിട്ടിട്ടില്ല. എല്ലാ അര്‍ത്ഥത്തിലും കരിയറും സ്വകാര്യ ജീവിതവും രണ്ടായി ആസ്വദിക്കുന്നവരാണിവര്‍. വിവാഹിതരായ ശേഷം ഗോസിപ്പ് കോളങ്ങളിലോ അഭ്യൂഹങ്ങളിലോ ഒന്നും പെടാത്ത ദമ്പതിമാര്‍ കൂടിയാണിവര്‍.
എന്നാല്‍ ഇക്കഴിഞ്ഞ ദിവസം വിരാട് കോഹ്ലിയുടെ പേര് ട്രോളുകളില്‍ നിറഞ്ഞു. ബോളിവുഡ് നടി അവ്നീത് കൗറിന്റെ ഫാന്‍ പേജിലെ ചിത്രത്തിന് ചുവടെ വിരാടിന്റെ ഒരു ‘ലൈക്ക്’ വന്നതാണ് വിവാദങ്ങളുടെ തുടക്കം. പച്ച ക്രോപ് ടോപും പ്രിന്‍റഡ് റാപ് പാവാടയും ധരിച്ചുള്ള അവ്നീതിന്റെ ഗ്ലാമര്‍ ചിത്രങ്ങള്‍ക്ക് താഴെയാണ് കിംഗ് കോഹ്ലിയുടെ ലൈക്ക് ബട്ടണ്‍ അമര്‍ന്നത്. ലൈക്ക് ഉടന്‍ തന്നെ പിന്‍വലിക്കപ്പെട്ടുവെങ്കിലും മീമുകളടക്കം സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു.
ഇപ്പോഴിതാ അതിനു പിന്നാലെ വിരാടും അനുഷ്കയും ഒരുമിച്ചുള്ള ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധിക്കപ്പെടുകയാണ്. ആദ്യമായി പൊതുമദ്ധ്യത്തിലെത്തിയ വിരാടിനെ അവഗണിച്ച് അനുഷ്‌ക നടന്നുപോകുന്നതിന്റെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.
ബംഗളൂരുവിലെ ഒരു റെസ്റ്റോറന്റില്‍ അത്താഴം കഴിക്കാനെത്തിയതായിരുന്നു വിരാടും അനുഷ്‌കയും. കാറില്‍ നിന്ന് ആദ്യം പുറത്തെത്തിയ വിരാട് അനുഷ്‌കയുടെ നേരെ കൈനീട്ടുന്നത് ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ഭർത്താവിന്റെ കൈപിടിക്കാതെ അനുഷ്‌ക നടന്നുനീങ്ങുകയാണ്. തുടർന്ന് അനുഷ്‌ക മുന്നില്‍ നടന്നുപോവുകയും വിരാട് പിന്നാലെ പോവുകയും ചെയ്യുന്നു. സാധാരണയായി ഇരുവരും കൈകോർത്താണ് നടക്കാറുള്ളതെന്നുള്ളതു കൊണ്ട് ഈ വീഡിയോ ഇപ്പോള്‍ ശ്രദ്ധിക്കപ്പെടുന്നത്. അനുഷ്‌ക വിരാടിനെ അവഗണിച്ചത് അഭിനേത്രിയുടെ ചിത്രത്തില്‍ ലൈക്ക് ചെയ്തതിനെത്തുടർന്നുള്ള അസ്വാരസ്യങ്ങളുടെ പേരിലാണെന്നാണ് സോഷ്യല്‍ മീഡിയ ഉപഭോക്താക്കളുടെ കണ്ടെത്തല്‍.
അവനീത് കൗർ ഇൻസ്റ്റഗ്രാമില്‍ പങ്കുവച്ച ചിത്രം വിരാട് ലൈക്ക് ചെയ്‌തതോടെ സംഭവം വൈറലായി മാറുകയായിരുന്നു. എന്നാല്‍ കുറച്ചുസമയത്തിനുള്ളില്‍ത്തന്നെ ചിത്രം താരം അണ്‍ലൈക്ക് ചെയ്തു. ഇതും സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. വിരാട് കോലി തുടക്കത്തില്‍ മൗനം പാലിച്ചിരുന്നുവെങ്കിലും ചര്‍ച്ചകള്‍ അനാവശ്യ തലത്തിലേക്ക് പോകുന്നുവെന്ന് തോന്നിയതോടെ താരം വിശദീകരണവുമായി രംഗത്തെത്തി. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് കോഹ്ലി പ്രതികരിച്ചത്. ഇൻസ്റ്റഗ്രാം ഫീല്‍ഡില്‍ അല്‍ഗോരിതം തെറ്റായ ഇടപെടല്‍ നടത്തിയെന്നാണ് വിരാട് കൊഹ്‌ലി പ്രസ്താവനയിലൂടെ വ്യക്തമാക്കിയത്. ‘‘ഫീഡ് ക്ലിയര്‍ ചെയ്യുന്നതിനിടെ അല്‍ഗോരിതത്തില്‍ നിന്നും ഒരു ഇടപെടലുണ്ടായതായി കാണുന്നു. അതിന് പിന്നില്‍ ഒരു വസ്തുതയുമില്ല. അനാവശ്യമായ ഊഹാപോഹങ്ങളിലെത്തിച്ചേരരുതെന്ന് ഞാന്‍ അഭ്യര്‍ഥിക്കുകയാണ്...’’ എന്നാണ് വിരാട് കുറിച്ചത്.
ഈ സംഭവം കൊണ്ട് ഏറെ ശ്രദ്ധിക്കപ്പെടുന്നത് ബോളിവുഡ് താരം അവനീത് കൗറാണ്. അവനീതിന്റെ കരിയര്‍ ഗ്രാഫും ജീവിതഗ്രാഫും കുത്തനെ കുതിച്ചിട്ടുണ്ട്. ഫോളോവേഴ്സും താരമൂല്യവും ബ്രാന്‍ഡ് മൂല്യവും കൗര്‍ ചിന്തിക്കുന്നതിനും അപ്പുറത്തെത്തി. അവനീത് കൗറിന്റെ ഫോളോവേഴ്സിന്റെ എണ്ണവും 30 മില്യണില്‍ നിന്നും 31.8 മില്യണിലേക്ക് ഉയര്‍ന്നു. ബ്രാന്‍ഡ് മൂല്യവും 30 ശതമാനം വര്‍ധിച്ചു. പന്ത്രണ്ടോളം പുതിയ ബ്രാന്‍ഡുകളുമായി കൗര്‍ കരാറിലൊപ്പിട്ടതായും റിപ്പോര്‍ട്ടുകളുണ്ട്. മെയ് രണ്ടിനാണ് ഇന്‍സ്റ്റഗ്രാമില്‍ ബോളിവുഡ് താരം കൗറിന്റെ ഫോട്ടോയ്ക്ക് അബദ്ധത്തില്‍ കോഹ്ലിയുടെ ലൈക്ക് വീണത്.
അതിനിടയില്‍ വിരാട് തന്നെ സോഷ്യല്‍ മീഡിയയില്‍ ബ്ളോക്ക് ചെയ്തുവെന്ന ഗായകൻ രാഹുല്‍ വൈദ്യയുടെ വെളിപ്പെടുത്തലും ഏറെ ചർച്ചയാകുന്നുണ്ട്. അനുഷ്‌കയ്ക്കുവേണ്ടി പാട്ടുപാടുന്ന രാഹുല്‍ വേദിയില്‍വച്ച് താരത്തിന്റെ കൈകളില്‍ ചുംബിക്കുന്ന ദൃശ്യങ്ങള്‍ പങ്കിട്ട് ഇക്കാരണത്താലാകാം വിരാട് രാഹുലിനെ സോഷ്യല്‍ മീഡിയയില്‍ ബ്ളോക്ക് ചെയ്തതെന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.
വിരാട് നടിയുടെ ചിത്രം ലൈക്ക് ചെയ്തതിന് പിന്നാലെ നല്‍കിയ വിശദീകരണത്തെ പരിഹസിച്ചുകൊണ്ടാണ് തന്നെ ബ്ളോക്ക് ചെയ്തതായി ഗായകൻ വെളിപ്പെടുത്തിയത്. മാസങ്ങള്‍ക്കുമുൻപ് വിരാട് തന്നെ ബ്ളോക്ക് ചെയ്തു, അതും ഇൻസ്റ്റാഗ്രാം തകരാർ ആയിരിക്കാമെന്നായിരുന്നു ഗായകന്റെ പരിഹാസം.
ബോളിവുഡ് താരവും നിര്‍മാതാവുമായ അനുഷ്കയും രണ്ടുമക്കളുമടങ്ങുന്നതാണ് കോഹ്ലിയുടെ കുടുംബം. മകള്‍ വാമികയ്ക്കും മകന്‍ അകായ്ക്കുമൊപ്പം ഇരുവരും ലണ്ടനിലേക്ക് മാറുകയാണെന്ന് അടുത്തിടെ വാര്‍ത്തകള്‍ വന്നിരുന്നു.