-->
ന്യൂഡല്‍ഹി: പഹല്‍ഗാം ഭീകരാക്രമണക്കേസില്‍ ഭീകരര്‍ക്ക് വേണ്ടി ഇന്ത്യ തെരച്ചില്‍ തുടരുമ്പോള്‍ ഭീകരതയില്‍ പാകിസ്താന്റെ പങ്ക് കൂടുതല്‍ പുറത്തുവരുന്നു. പഹല്‍ഗാം കൂട്ടക്കൊലയില്‍ ഉള്‍പ്പെട്ട ഭീകരര്‍ക്ക് സൈനിക പരിശീലനവും മലയോര-കാട്ടു പ്രദേശങ്ങളില്‍ സാഹചര്യങ്ങളോട് പൊരുതി കൂടുതല്‍ കാലം അതിജീവിക്കാനുള്ള പരിശീലനവും പാക് സൈന്യത്തില്‍ നിന്നും കിട്ടിയവരാണെന്ന് റിപ്പോര്‍ട്ടുകള്‍.
ജമ്മു കശ്മീരിലെ ജയിലുകളില്‍ കഴിയുന്ന ലഷ്‌കര്‍ ഇ തൊയ്ബ ഭീകരരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് സുരക്ഷാ ഏജന്‍സികള്‍ക്ക് നിര്‍ണായക സൂചനകള്‍ ലഭിച്ചത്. പാക്കിസ്ഥാനില്‍ പ്രത്യേക സൈനിക പരിശീലനം നേടിയവരാണ് ഇവര്‍. ജയില്‍ വളപ്പിനുള്ളില്‍ എന്‍ഐഎ നടത്തിയ ചോദ്യം ചെയ്യലില്‍ ഭീകരര്‍ തങ്ങളുടെ യജമാനന്മാരുടെ പേര് വെളിപ്പെടുത്തിയതായും വിവരമുണ്ട്.
ബൈസാരന്‍ പുല്‍മേട്ടില്‍ നടന്ന ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട ഭീകരരില്‍ ഒരാള്‍ പാകിസ്ഥാന്‍ പ്രത്യേക സേനയിലെ മുന്‍ പാരാ കമാന്‍ഡോയാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പാകിസ്ഥാന്‍ പ്രത്യേക സേനയായ സ്‌പെഷ്യല്‍ സര്‍വീസ് ഗ്രൂപ്പ്് (എസ്എസ്ജി) ഇയാളെ ലഷ്‌കര്‍ ഇ തയ്ബയ്ക്ക് വായ്പ അടിസ്ഥാനത്തില്‍ നല്‍കിയാണെന്നും ടൈംസ് നൗ പുറത്തുവിട്ട റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി ജമ്മു കശ്മീരില്‍ മൂസ സജീവമായിരുന്നുവെന്നും സുരക്ഷാ സേനയ്ക്കെതിരെയും പ്രദേശത്തെ പ്രദേശവാസികള്‍ അല്ലാത്തവര്‍ക്കെതിരെയും മുമ്പ് നടന്ന മൂന്ന് ആക്രമണങ്ങളില്‍ ഇയാള്‍ക്ക് പങ്കുണ്ടെന്ന് സംശയിക്കുന്നു. ഇതിനൊപ്പം താഴ്‌വരയിലെ ഭീകരരുടെ ഒളിത്താവളങ്ങളെക്കുറിച്ചുള്ള ചില സൂചനകളും എന്‍ഐഎയ്ക്ക് ലഭിച്ചിട്ടുണ്ട്്. ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് കശ്മീര്‍ താഴ്വരയിലെ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും ജയിലുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് മാസങ്ങളായി, രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ശേഖരിച്ച ഒന്നിലധികം അലേര്‍ട്ടുകള്‍ ശ്രീനഗറിലും പരിസരത്തും കാര്യമായ സുരക്ഷാ നവീകരണത്തിന് പ്രേരിപ്പിച്ചു. അപകടസാധ്യതയൊന്നും ഉണ്ടാകാതിരിക്കാന്‍ വിനോദസഞ്ചാരികള്‍ സ്ഥിരമായി വരുന്ന നിരവധി ഹോട്ടലുകള്‍ക്കും ഡാച്ചിഗാം നാഷണല്‍ പാര്‍ക്ക് ഉള്‍പ്പെടെയുള്ള പ്രധാന സ്ഥലങ്ങള്‍ക്കും സമീപം സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
ശ്രീനഗറിലെ സെന്‍ട്രല്‍ ജയില്‍, ജമ്മുവിലെ കോട്ട് ബല്‍വാല്‍ ജയില്‍ തുടങ്ങി നിരവധി ഉന്നത ഭീകരരെയും സ്ലീപ്പര്‍ സെല്‍ അംഗങ്ങളെയും പാര്‍പ്പിച്ചിരിക്കുന്ന അതീവ സുരക്ഷാ സൗകര്യങ്ങള്‍ സുരക്ഷാ വീഴ്ചകള്‍ തടയുന്നതിനായി അവലോകനം ചെയ്യുകയും ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഈ ജയിലുകളില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന വ്യക്തികളെയും അവര്‍ക്ക് ലോജിസ്റ്റിക് സഹായവും അഭയവും നല്‍കുന്നവരെയുമാണ് പാര്‍പ്പിക്കുന്നത്. കൂടുതല്‍ തീവ്രവാദികള്‍ ഇപ്പോഴും മേഖലയില്‍ ഉണ്ടെന്നാണ് കരുതുന്നത്.