-->
മലപ്പുറം : നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് നടക്കാനിരിക്കെ പി.വി. അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫില്‍ അസോസിയേറ്റ് പാര്‍ട്ടിയായി നിലനിര്‍ത്തും. മുന്നണി പ്രവേശനം സംബന്ധിച്ചതുള്‍പ്പെടെയുള്ള മറ്റ് തീരുമാനങ്ങള്‍ പിന്നീട് എടുക്കുമെന്നും ഹൈക്കമാന്റ് അനുമതി ലഭിക്കുന്നത് വരെ യുഡിഎഫില്‍ ആര്‍എംപിയെ നിലനിര്‍ത്തിയിരിക്കുന്നത് പോലെ അസോസിയേറ്റ് പാര്‍ട്ടിയാക്കി കൂടെ കൂട്ടാനാണ് തീരുമാനം.
നേരത്തേ കഴിഞ്ഞ ദിവസം മുസ്‌ളീംലീഗിന്റെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ നടത്തിയ ചര്‍ച്ചയാണ് പ്രശ്‌നങ്ങള്‍ രമ്യമായി പരിഹരിക്കാന്‍ സാഹചര്യമൊരുക്കിയത്. മുന്നണിയില്‍ പ്രവേശിപ്പിക്കല്‍ സംബന്ധിച്ച കാര്യം ഹൈക്കമാന്റ് അനുമതിക്ക് ശേഷമായിരിക്കും ഉണ്ടാകുക. ഇക്കാര്യത്തില്‍ അന്‍വറുമായി കൂടിക്കാഴ്ചയും ചര്‍ച്ചയുമൊക്കെ നടത്താന്‍ പ്രതിപക്ഷനേതാവ് വിഡി സതീശനെ ചുമതലപ്പെടുത്തിയിരിക്കുകയാണ്.
നിലവില്‍ യുഡിഎഫില്‍ അസോസിയേറ്റ് പാര്‍ട്ടിയായി ആകെയുള്ളത് ആര്‍എംപിയാണ്. ഇവര്‍ക്ക് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാനാകും. അതേസമയം തന്നെ സ്വതന്ത്രമായി നീങ്ങാനുമാകും. തൃണമൂല്‍ കേരളാഘടകത്തെ യുഡിഎഫില്‍ ഉള്‍ക്കൊണ്ട സാഹചര്യത്തില്‍ അന്‍വറിന് യുഡിഎഫ് യോഗത്തില്‍ പങ്കെടുക്കാന്‍ കഴിയും. സാധാരണഗതിയില്‍ യുഡിഎഫില്‍ പുറത്ത് നിന്നും ഉള്‍പ്പെടുത്തുന്നത് രണ്ടു രീതിയിലാണ്. ഒന്ന് ക്ഷണിതാവായി സ്വീകരിക്കുക. മറ്റൊന്ന് അസോസിയേറ്റായി സ്വീകരിക്കുക.
തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും തൃണമൂലിനെ ഘടകകക്ഷിയാക്കുന്ന കാര്യത്തിലുള്ള തീരുമാനം. അതേസമയം ഇക്കാര്യത്തില്‍ യുഡിഎഫിലെ മറ്റ് ഘടകകക്ഷികള്‍ക്ക് എതിര്‍പ്പില്ല എന്നത് പി.വി. അന്‍വറിന് ഗുണകരമാണ്. വിവിധ സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ പരമാവധി കക്ഷികളെ സഹകരിപ്പിക്കണമെന്നാണ് ഹൈക്കമാന്റിന്റെയും നിര്‍ദേശം.
ഇതിന്റെ ഭാഗമായിട്ടാണ് തൃണമൂലിനെ അസോസിയേറ്റ് പാര്‍ട്ടിയാക്കുന്നത്. നിലവില്‍ പൂര്‍ണ്ണമായി യുഡിഎഫുമായി സഹകരിച്ച് മുമ്പോട്ട് പോകാനാണ് പി.വി. അന്‍വറിന്റെയും തീരുമാനം. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കേ അതുവെച്ച് ഇപ്പോള്‍ വിലപേശാനില്ല എന്ന നിലപാട് നേരത്തേ പി.വി. അന്‍വറും എടുത്തിരുന്നു. യുഡിഎഫ് ആരെ മത്സരിപ്പിക്കാന്‍ നിര്‍ത്തിയാലും പിന്തുണയ്ക്കാനാണ് തീരുമാനം.