Saturday, March 14, 2026 Last Updated 6 Min 47 Sec ago English Edition
Todays E paper
Ads by Google
Friday 02 May 2025 10.37 AM

മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ ബൗദ്ധിക ആത്മാവെന്ന് വിശേഷിപ്പിച്ച് അക്ഷയ് കുമാര്‍; വിശേഷണത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

മലയാള സിനിമകള്‍ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെടുന്ന സാഹചര്യത്തില്‍ ഇപ്പോഴിതാ ഇന്ത്യൻ സിനിമയുടെ ബൗദ്ധിക ആത്മാവാണ് മലയാള സിനി​മയെന്ന് വിശേഷിപ്പിക്കുകയാണ് അക്ഷയ് കുമാര്‍. മറുപടിയില്‍ അതിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍.
Akshay Kumar, Mohanlal, Mohanlal and Akshay kumar talks on malayalam cinema
Mohanlal and Akshay Kumar talk on commercial and art cinema (Image Source: Youtube)

മുന്‍പും മലയാള സിനിമകള്‍ അന്താരാഷ്ട്ര തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. അന്നൊന്നും ഡിജിറ്റല്‍ മാധ്യമമടക്കമുള്ളവ ഇത്രയധികം സജീവമല്ലാതിരുന്നത് കൊണ്ട് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് ഇത്രയെളുപ്പം സിനിമകള്‍ എത്തിയിരുന്നില്ല എന്നുള്ളതാണ് സത്യം. എന്നാല്‍ ഇന്നിപ്പോള്‍ അഭിനേതാക്കള്‍ക്കും മറ്റ് സിനിമാ പ്രവര്‍ത്തകര്‍ക്കും തങ്ങളുടെ അഭിപ്രായങ്ങളും നിലപാടുകളും കലാരൂപങ്ങളും വളരെയെളുപ്പം പ്രേക്ഷകരിലേക്ക് എത്തിക്കാന്‍ സാധിക്കുന്നുണ്ട്.
അന്താരാഷ്ട്ര തലത്തില്‍ വരെ മലയാള സിനിമകള്‍ ഇന്നിപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്. ലോകത്തിന്റെ വിവിധ കോണിലുള്ള സിനിമാപ്രവര്‍ത്തകര്‍ മലയാള സിനിമകള്‍ കാണുന്നുണ്ട്, സോഷ്യല്‍ മീഡിയ വഴി തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തുന്നുണ്ട്.
ഇപ്പോഴിതാ മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ ‘ബൗദ്ധിക ആത്മാവ്’ എന്ന് വിശേഷിപ്പിക്കുകയാണ് ബോളിവുഡ് താരം അക്ഷയ് കുമാർ.
മുംബൈയില്‍ കേന്ദ്രസര്‍ക്കാറിന്റെ വേള്‍ഡ് ഓഡിയോ വിഷ്വല്‍ ആന്‍ഡ് എന്റര്‍ടെയ്ന്‍മെന്റ് സമ്മിറ്റില്‍ (വേവ്‌സ്) വെച്ചാണ് അക്ഷയ് കുമാര്‍ മലയാളം സിനിമയെ പ്രശംസിച്ചത്. അക്ഷയ് കുമാർ മോഡറേറ്ററായ സംവാദത്തില്‍ തെലുങ്ക് താരം ചിരഞ്ജീവി, നടിയും എംപിയുമായ ഹേമാ മാലിനി, മോഹന്‍ലാല്‍ എന്നിവരും പങ്കെടുത്തിരുന്നു. അക്ഷയ് കുമാറിന്റെ ചോദ്യങ്ങള്‍ക്ക് മറുപടി പറഞ്ഞപ്പോള്‍ അക്ഷയ് കുമാറിന്റെ വാക്കുകള്‍ക്ക് മോഹന്‍ലാല്‍ നന്ദിയും പറഞ്ഞു.
‘‘ഇന്ത്യൻ സിനിമയുടെ ബൗദ്ധിക ആത്മാവ് എന്നാണ് മലയാള സിനിമയെ വിളിക്കുന്നത്. എന്നാല്‍ എപ്പോഴെങ്കിലും കലാമൂല്യമുള്ള സിനിമകളും എന്റർടെയ്നർ സിനിമകളും തമ്മില്‍ തിരഞ്ഞെടുക്കേണ്ടി വന്നിട്ടുണ്ടോ?...’’ എന്നായിരുന്നു മോഹൻലാലിനോടുള്ള അക്ഷയ് കുമാറിന്റെ ചോദ്യം.
‘‘മലയാള സിനിമയെ ഇന്ത്യൻ സിനിമയുടെ ബൗദ്ധിക ആത്മാവ് എന്ന് വിളിച്ചതിന് നന്ദി...’’ എന്ന് പറഞ്ഞുകൊണ്ടാണ് മോഹൻലാല്‍ തന്റെ മറുപടി ആരംഭിച്ചത്. ‘‘മലയാളത്തില്‍ വാണിജ്യ- വിനോദസിനിമകളും കലാമൂല്യമുള്ള സിനിമകളും തമ്മില്‍ ഇഴചേർന്നുകിടക്കുന്ന ഘടനയാണുള്ളത്. ആ സന്തുലനം എപ്പോഴും കാത്തുസൂക്ഷിക്കുന്നു. ഒരുപാട് വലിയ, മികച്ച സംവിധായകരുമായി ചേർന്ന് പ്രവർത്തിക്കാൻ എനിക്ക് സാധിച്ചിട്ടുണ്ട്. അക്കാലത്ത് അവർ ഞങ്ങളെ ആർട്ട് ഫിലിമുകള്‍ എന്നാണ് വിളിച്ചിരുന്നത്. എന്നാല്‍ അന്നത്തെ ആർട്ട് ഫിലിമുകള്‍ക്ക് പോലും വിനോദ മൂല്യമുണ്ടായിരുന്നു. എന്റർടെയ്‌നർ സിനിമകള്‍ എന്ന് വിളിച്ചവയ്ക്ക് കലാമൂല്യവും.
മലയാള സിനിമ എന്നും ഉള്ളടക്കത്തിന്റെ കാര്യത്തില്‍ സമ്പന്നമാണ്. എനിക്ക് കൊമേഴ്സ്യല്‍-ആർട്ട് സിനിമകള്‍ എന്ന് വേർതിരിച്ച്‌ കാണാൻ കഴിയില്ല. സിനിമ എന്നാണ് ഞങ്ങള്‍ വിളിക്കുന്നത്. പുതിയ സംവിധായകരുടെ വരവോടെ സിനിമകളുടെ ഉള്ളടക്കം കൂടുതല്‍ ബലപ്പെട്ടു, ശക്തി പ്രാപിച്ചു...’’ മോഹൻലാല്‍ പറഞ്ഞു.
സംവിധായകൻ പ്രിയദർശനുമായുള്ള ഇരുവരുടേയും സൗഹൃദം അക്ഷയ് കുമാർ ചോദ്യത്തില്‍ പരാമർശിച്ചിരുന്നു. അതിനും മോഹന്‍ലാല്‍ മറുപടി പറഞ്ഞു. ‘‘അരവിന്ദനേയും പദ്മരാജനേയും ഭരതനേയും പോലെയുള്ള സംവിധായകർക്കൊപ്പം പ്രവർത്തിക്കുമ്പോള്‍ തന്നെ വാണിജ്യ വിജയമുണ്ടാക്കിയ ചിത്രങ്ങളുടെ സംവിധായകനായ പ്രിയദർശനുമൊപ്പം എനിക്ക് അഭിനയിക്കാൻ സാധിച്ചു...’’ മോഹൻലാല്‍ കൂട്ടിച്ചേർത്തു.

Ads by Google
Friday 02 May 2025 10.37 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW