-->
മലയാള സിനിമ മേഖല അടുത്തിടെയായി ഒരുപാട് വിമർശനങ്ങളും വിവാദങ്ങളും ഏറ്റുവാങ്ങുന്നുണ്ട്. മീ ടൂ, കാസ്റ്റിംഗ് കൗച്ച്, അതിനു ശേഷം ഇപ്പോഴിതാ ലഹരി ഉപയോഗവും. സിനിമയിലെ പുതു തലമുറ ലഹരിയുടെ പിടിയിലാണെന്നാണ് പൊതുവേയുള്ള പരക്കുന്ന റിപ്പോർട്ട്.
ഇപ്പോഴിതാ ഹൈബ്രിഡ് കഞ്ചാവുമായായി സംവിധായകർ ഖാലിദ് റഹ്മാനും അഷ്‌റഫ് ഹംസയും പിടിയിലായ സംഭവത്തില്‍ പ്രതികരണവുമായി തിരക്കഥാകൃത്ത് അഭിലാഷ് പിള്ള.
ഈ വാർത്ത ഏറെ ഞെട്ടലോടെയാണ് താൻ കേട്ടതെന്നും ഏറെ ഇഷ്ടപ്പെടുന്ന, ഹിറ്റ് സിനിമകള്‍ ചെയ്തിട്ടുള്ള രണ്ട് സംവിധായകർ ഇത്തരമൊരു കേസില്‍ പെടുന്നു, മാധ്യമങ്ങളില്‍ അതിന്റെ വാർത്തകള്‍ വരുന്നു, അത് അവരുടെ കരിയറിനെ തന്നെ ബാധിക്കുന്ന അവസ്ഥയിലേക്ക് പോകുന്നു. ഇതൊക്കെ കാണുമ്പോൾ ഭയമുണ്ടെന്നും അഭിലാഷ് പിള്ള പറഞ്ഞു. തനിക്കൊപ്പം ജോലി ചെയ്യുന്നവർ ഇത്തരം പ്രശ്നങ്ങളില്‍ പെടരുതെന്ന ആഗ്രഹം കൊണ്ടാണ് ഇത്തരക്കാർക്കൊപ്പം ഇനി സിനിമകള്‍ ചെയ്യില്ലെന്ന നിലപാടിലേക്ക് പോയത് എന്നും താരം പറഞ്ഞു.
"ഇന്ന് വന്ന വാർത്ത തീർത്തും വേദനാജനകമാണ്. ഒരു മേഖലയെ മുഴുവൻ ചോദ്യചിഹ്നത്തില്‍ നിർത്തുന്ന അവസ്ഥയാണ്. ഇതില്‍ നിന്ന് സിനിമാമേഖല പുറത്തുവരണം എന്നാണ് എന്റെ ആഗ്രഹം. സിനിമാസംഘടനകള്‍ക്ക് ഇതില്‍ പരിമിതികളുണ്ട്. അവർക്ക് സിനിമാസെറ്റുകളില്‍ മാത്രമേ ഇടപെടാൻ കഴിയൂ. സ്വകാര്യ സ്‌പേസുകളിലാണ് പലരും ഇത്തരം ലഹരി ഉപയോഗിച്ചിരിക്കുന്നത്. അവിടെ സംഘടനകള്‍ക്ക് ഇടപെടാൻ കഴിയില്ല. ഇപ്പോള്‍ ഇവർ രണ്ടുപേരും അറസ്റ്റിലായി. ഇവരുമായി അടുത്ത് നില്‍ക്കുന്നവരെല്ലാം ചോദ്യം ചെയ്യപ്പെടാം, അല്ലെങ്കില്‍ അവരെല്ലാം സംശയത്തിന്റെ നിഴലിലാകാം. ഇത് ഉപയോഗിക്കാത്തവരും ഇവരുടെ സൗഹൃദ വലയത്തില്‍ കാണും. അവരെയും നാളെ പൊലീസ് ചോദ്യം ചെയ്യുന്ന അവസ്ഥയിലെത്താം. നമ്മുടെ കൂട്ടത്തില്‍ ഒരാള്‍ ഉപയോഗിച്ചാല്‍ ബാക്കിയുള്ളവരും സംശയത്തിന്റെ നിഴലിലാകും. കഴിഞ്ഞ ഒരു ആറുമാസത്തിനിടയില്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടോ എന്ന് കണ്ടുപിടിക്കാൻ ഒരു ടെസ്റ്റ് ഉണ്ടെങ്കില്‍ അതിന് ഞാൻ തയ്യാറാണ്. അങ്ങനെ തയ്യാറുള്ളവർ മുന്നോട്ട് വരട്ടെ,' എന്ന് അഭിലാഷ് പിള്ള പറഞ്ഞു.
മുമ്പ് തനിക്കു നേരിട്ടുണ്ടായ ഒരു അനുഭവവും അഭിലാഷ് പിള്ള പങ്കു വച്ചു. ഒരു സിനിമാ ലൊക്കേഷനില്‍ കഥ പറയുന്നതിന് പോയപ്പോള്‍ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട ഒരു അനുഭവമാണ് താരം പങ്കു വച്ചത് . "എന്റെ സിനിമാ ലൊക്കേഷനുകളില്‍ ഇത്തരം ലഹരി ഉപയോഗത്തിന്റെ അനുഭവങ്ങള്‍ ഒന്നുമില്ല. എന്നാല്‍ ഞാൻ ഒരു നടനോട് കഥ പറയുന്നതിന് മറ്റൊരു ലൊക്കേഷനില്‍ പോയപ്പോള്‍ ഇത്തരമൊരു അനുഭവമുണ്ട്. കഥ പറയുന്നതിന് ഞാൻ കാരവാനില്‍ കയറിയപ്പോള്‍ ഈ നടനും സുഹൃത്തുക്കളും ഇരുപ്പുണ്ട്. അതിനുള്ളില്‍ പുക നിറഞ്ഞിരിക്കുകയായിരുന്നു. ആ പുക എന്താണെന്ന് എനിക്ക് തിരിച്ചറിയാൻ പറ്റി. അത്തരമൊരു അന്തരീക്ഷത്തില്‍ ഇരുന്ന് കഥ പറയാൻ കഴിയില്ലെന്ന് ഞാൻ അദ്ദേഹത്തോട് വ്യക്തമാക്കുകയുമുണ്ടായി. അതുപോലെ പല ലൊക്കേഷനുകളിലും കഥ പറയാൻ പോകുമ്പോൾ അവിടെയുള്ള ടെക്‌നീഷ്യന്മാരും നിർമാതാക്കളും ചില കഥകള്‍ പറയാറുണ്ട്. പലപ്പോഴും ലൊക്കേഷനുകളില്‍ മിണ്ടാതിരിക്കുന്നത് സിനിമ നിന്നുപോകും എന്ന അവസ്ഥ കൊണ്ടാണ്. ഗതികേട് കൊണ്ടാണ് പലരും മിണ്ടാതെ നില്‍ക്കുന്നത്. എന്നാല്‍ ഞാൻ വർക്ക് ചെയ്യുന്ന സെറ്റില്‍ ഇത്തരത്തില്‍ ലഹരി ഉപയോഗിക്കുന്ന ഒരാള്‍ ഉണ്ടെങ്കില്‍ അയാള്‍ പിന്നെ ആ സെറ്റില്‍ വർക്ക് ചെയ്യില്ല..." അഭിലാഷ് പിള്ള പറഞ്ഞു.