-->
ഒരിടവേളയ്ക്ക് ശേഷം സിനിമയില്‍ വീണ്ടും സജീവമാകുകയാണ് നടി ജ്യോതിക. ഫിറ്റ്‌നസ്സില്‍ ഏറെ ശ്രദ്ധ പുലര്‍ത്തുന്ന ജ്യോതികയെ ആണ് ഇപ്പോള്‍ കാണാനാവുക. വിദ്യയെപ്പോലെ ഭക്ഷണക്രമത്തിലും ഫിറ്റ്‌നസിലും മാറ്റം വരുത്തി വെറും 3 മാസത്തിനുളളില്‍ 9 കിലോ ഭാരം കുറച്ചതായി ജ്യോതിക വെളിപ്പെടുത്തി.
ഒപ്പം, തന്റെ ഫിറ്റ്‌നസ്സ് യാത്രയില്‍ പോഷകാഹാര വിദഗ്ധരെയും ഫിറ്റ്‌നസ് വിദഗ്ധരെയും തനിക്ക് പരിചയപ്പെടുത്തിയതിന് നടി വിദ്യ ബാലന് നന്ദി പറയുകയും ചെയ്യുന്നുണ്ട് ജ്യോതിക. ചെന്നൈ ആസ്ഥാനമായുള്ള ന്യൂട്രീഷണല്‍ ഗ്രൂപ്പായ അമുറ ഹെല്‍ത്തിന്റെ പരിശീലകനും ടീമിനുമൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവച്ചാണ് ജ്യോതിക ഇക്കാര്യം കുറിച്ചത്.
''അമുറയുടെ മാന്ത്രിക ടീമിനെ പരിചയപ്പെടുത്തിയതിന് നടി വിദ്യാ ബാലന് നന്ദി.ശരീര ഭാരം നിയന്ത്രിക്കല്‍ എനിക്ക് എപ്പോഴും ഒരു പോരാട്ടമായിരുന്നു.കഠിനമായ വ്യായാമങ്ങള്‍, കര്‍ശനമായ ഭക്ഷണക്രമം, ഇടവിട്ടുള്ള ഉപവാസം എന്നിവയൊന്നും ശരീരഭാരം കുറയ്ക്കാന്‍ സഹായിച്ചില്ല. ഒടുവില്‍ അമുറയുടെ അടുത്ത് എത്തിയപ്പോള്‍ അത് സംഭവിച്ചു. ദഹനം, വീക്കം ഉണ്ടാക്കുന്ന ഭക്ഷണങ്ങള്‍, ഭക്ഷണം എങ്ങനെ ബാലന്‍സ് ചെയ്യണം എന്നൊക്കെ ഞാന്‍ പഠിച്ചു. എന്റെ മൊത്തത്തിലുള്ള ആരോഗ്യത്തില്‍ അവ ചെലുത്തുന്ന സ്വാധീനം ഞാന്‍ മനസിലാക്കി. ഇപ്പോള്‍ ഒരു വ്യക്തിയെന്ന നിലയില്‍ എനിക്ക് വളരെയധികം ഊര്‍ജ്ജസ്വലതയും ആത്മവിശ്വാസവും തോന്നുന്നു,'' ജ്യോതിക ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
''ആരോഗ്യകരമായ ജീവിതം എന്നത് ഒരു ബാലന്‍സാണ്. ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റ് പ്രധാനമാണെങ്കിലും, സ്‌ട്രെങ് ട്രെയിനിങ് മാറ്റിനിര്‍ത്താന്‍ കഴിയില്ല. വെയ്റ്റ് ട്രെയിനിംഗ് സ്വതന്ത്രമായ ഭാവിയിലേക്കുള്ള താക്കോലാണ്, പ്രത്യേകിച്ച് സ്ത്രീകള്‍ക്ക്. ശക്തിയും ഒരുപോലെ പ്രധാനമാണെന്ന് എന്നെ പഠിപ്പിച്ചതിനും പ്രായം വെറും ഒരു സംഖ്യയാണെന്ന് തെളിയിച്ചതിനും എന്റെ പരിശീലകനായ മഹേഷിനോട് എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. നമ്മുടെ ആന്തരിക വ്യക്തിത്വത്തെ സുഖപ്പെടുത്തുക, സ്വയം സ്‌നേഹിക്കുക, സമ്മര്‍ദ്ദം കുറയ്ക്കുക എന്നിവയായിരിക്കണം നമ്മുടെ പ്രധാന ലക്ഷ്യം - ശരീരഭാരം കുറയുന്നത് യാന്ത്രികമായി സംഭവിക്കും,'' ജ്യോതിക കൂട്ടിച്ചേര്‍ത്തു.