-->
ലോകജനതയെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു കൊണ്ടാണ് ഭീകരവാദികള്‍ കഴിഞ്ഞ ദിവസം ജമ്മു കാശ്മീരിലെ പഹല്‍ഗാമില്‍ വെടിയുണ്ടകള്‍ വര്‍ഷിച്ച് വിനോദസഞ്ചാരികളായ പാവപ്പെട്ടവരെ ഇല്ലാതാക്കിയത്. ‘ദി റെസിസ്റ്റന്‍സ് ഫ്രണ്ട്’ എന്ന ഭീകരസംഘടന ഏറ്റെടുത്ത പഹല്‍ഗാം ഭീകരാക്രമണത്തിന്റെ ഞെട്ടലില്‍ നിന്ന് മലയാളികള്‍ പോലും ഇതുവരെ മുക്തരായിട്ടില്ല. മലയാളികളായ പലരും ആക്രമത്തിന് ഇരയായിട്ടുണ്ട്. വിശദവിവരങ്ങള്‍ പുറത്തു വരുന്നതേയുള്ളൂ.
ഇപ്പോഴിതാ പഹല്‍ഗാമില്‍ ഭീകരരുടെ വെടിയുണ്ടകള്‍ക്ക് ഇരയാവാതെ മടങ്ങിയെത്തിയതില്‍ ആശ്വസിക്കുകയാണ് പ്രശസ്ത പിന്നണി ഗായികയും കോഴിക്കോട്ടുകാരിയുമായ മൃദുലവാര്യരും കുടുംബവും. ഒരു ദിവസം കൂടി തങ്ങിയിരുന്നെങ്കില്‍ തങ്ങളും അതില്‍ പെട്ടു പോയേനേ എന്നു പറയുകയാണ് മൃദുല. ‘‘കാശ്മീരില്‍ നിന്ന് രണ്ടു ദിവസം മുമ്പാണ് തിരിച്ചെത്തിയത്. അഞ്ചുദിവസത്തെ യാത്രയായിരുന്നു. ശരിക്കും ഷോക്കിംഗായ ന്യൂസാണ് ഇന്നലെ വൈകിട്ട് അറിഞ്ഞത്. അവസാന പോയിന്റ് പഹല്‍ഗാമായിരുന്നു. പഹല്‍ഗാമില്‍ ഞങ്ങള്‍ പോയിരുന്നു. എന്നാല്‍ ഈ ആക്രമണം നടന്ന സ്ഥലത്ത് പോയില്ല. തൊട്ടടുത്ത് ഒരുകിലോമീറ്റർ പരിധിയില്‍ വരെയെത്തി. അവിടെ ടൂറിസ്റ്റുകളെക്കൊണ്ട് നിറഞ്ഞിരുന്നു. ആക്രമണം നടന്ന സ്ഥലത്തും പോകാന്‍ പ്ലാന്‍ ഉണ്ടായിരുന്നു. ടൂർപാക്കേജ് സമയം തീർന്നതിനാല്‍ അവിടേക്ക് എത്താൻ കഴിഞ്ഞില്ല.
പഹല്‍ഗാം കാണാതെ മടങ്ങിയതിന്റെ സങ്കടത്തിലായിരുന്നു എല്ലാവരും. പക്ഷേ, പിറ്റേദിവസം വാർത്തകള്‍ കേട്ട് നടുങ്ങിപ്പോയി. ആരോ മടക്കിത്തന്ന ജീവിതമാണിത്. ഞങ്ങളുടെ കൂട്ടത്തില്‍ കുട്ടികളും മുതിര്‍ന്നവരുമടക്കം ഒരുപാട് പേരുണ്ടായിരുന്നു. ഇപ്പോള്‍ അതിനെക്കുറിച്ച് ഓര്‍ക്കുമ്പോള്‍ ഭയാനകമായി തോന്നുന്നു. സംഭവം അറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ തിരിച്ചെത്തിയോ എന്ന് ചോദിച്ചായിരുന്നു പലരുടെയും മെസേജുകള്‍. ആ സമയം ഈ ആക്രമണത്തിന്റെ വ്യാപ്തി അറിയില്ലായിരുന്നു. പിന്നീട് വാര്‍ത്ത കണ്ടപ്പോഴാണ് മരണസംഖ്യ കൂടിവരുന്നത് കണ്ടപ്പോഴാണ് ആഴം തിരിച്ചറിഞ്ഞത്.
ഇന്ത്യ കണ്ടതില്‍ വച്ച് ഏറ്റവും വലിയ കാശ്മീരി തീവ്രവാദി ആക്രമണമായിരുന്നു ഇത്. തുരുതുരാ ഫോണ്‍കോളുകള്‍ വന്നുതുടങ്ങിയപ്പോള്‍ ഞാന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടു. സുരക്ഷിതയാണെന്ന് അറിയിച്ചതോടെയാണ് പലര്‍ക്കും സമാധാനമായത്. ഞാന്‍ സംസാരിച്ച, കണ്ട കശ്മീരികൾ എല്ലാം നിഷ്കളങ്കരായിരുന്നു. അവരവരുടെ കാര്യങ്ങള്‍ നോക്കി കഷ്ടപ്പെട്ട് ജീവിക്കുന്നവരാണ് ഞാന്‍ കണ്ടവരില്‍ അധികവും. ടൂറിസം റിലേറ്റഡ് ജോലികളാണ് അവരില്‍ മിക്കവരും ചെയ്യുന്നത്. അടുത്ത കാലത്തൊന്നും അവിടേക്ക് ആരും പോകില്ല. അവരുടെ ജോലി തന്നെ ഇല്ലാതാകും. ഏതായാലും ഇപ്പോഴും ഭീതിയോടെ ഓര്‍ക്കുന്ന ദിവസങ്ങളാണ് അത്...’’ മൃദുല പറഞ്ഞു.
ഈ മാസം 16 നാണ് മൃദുലയും ഭർത്താവ് അരുണും മകളും അടങ്ങിയ കുടുംബം ഇപ്പോള്‍ താമസിക്കുന്ന തൃശൂരിലെ ഫ്‌ളാറ്റിലുള്ള നാല് കുടുംബങ്ങള്‍ക്കൊപ്പം കാശ്മീരിലേക്ക് പോയത്. 21 ന് അവര്‍ ശ്രീനഗറില്‍ നിന്നു മടങ്ങിയത്.
ബ്ലസി സംവിധാനം ചെയ്ത ‘കളിമണ്ണ്’ എന്ന സിനിമയിലെ ലാലീ ലാലീ ലേലോ.. എന്ന പാട്ടായിരുന്നു മൃദുലയെ മലയാള സിനിമയില്‍ പ്രശസ്തയാക്കിയത്. തുടർന്ന് ഇരുനൂറോളം ഗാനങ്ങള്‍ മൃദല പാടിയിട്ടുണ്ട്. 2023 ലെ സ്റ്റേറ്റ് അവാർഡും ഗായിക നേടിയിട്ടുണ്ട്. കോഴിക്കോട് കൊയിലാണ്ടി ചേലിയ സ്വദേശിയാണ് മൃദുല തൃശൂരിലാണിപ്പോള്‍ താമസിക്കുന്നത്.