-->
കെ ജി ജോർജിന്റെ സിനിമകൾ എന്ന് പറഞ്ഞാൽ മലയാള സിനിമയുടെ ചരിത്രമെടുത്തിൽ തന്നെ ഏത് കാലത്തും ചർച്ചയാവുന്നതാണ്. സിനിമയില്‍ പുതുവഴി വെട്ടിത്തുറന്ന പ്രതിഭാധനനായ സംവിധായകനായ കെ ജി ജോർജ്
കണ്ടുമറന്ന ജീവിതങ്ങളെ പ്രതിഫലിപ്പിക്കുന്ന കഥകളിലൂടെ, ആഖ്യാന ശൈലിയിലൂടെ കാലാതീതമായി നിലകൊള്ളുന്നതാണ്.
അന്നത്തെക്കാലത്തു ഇറങ്ങിയ മലയാളത്തിലെ ലക്ഷണമൊത്ത ത്രില്ലർ ചിത്രമായിരുന്നു കെ ജി ജോർജിന്റെ യവനിക.
ഇന്നും 43 വർഷങ്ങള്‍ക്ക് ഇപ്പുറവും ആ സിനിമയെ കുറിച്ചുള്ള ചർച്ചകള്‍ സജീവമാണ്. കെ.ജി ജോർജിന്റെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായാണ് അത് വിലയിരുത്തുന്നത്. മമ്മൂട്ടി, ഭരത് ഗോപി അടക്കമുള്ള വമ്പൻ താരനിര അണിനിരന്ന യവനികയില്‍ വളരെ മികച്ചൊരു കഥാപാത്രം ചെയ്‌തവരില്‍ അശോകനുമുണ്ട്. വെറും പത്തൊൻപത് വയസിലാണ് താരം കെജി ജോർജിനെ പോലെയൊരു അതികായന്റെ ചിത്രത്തില്‍ പ്രധാന വേഷം അവതരിപ്പിച്ചത്. ചിത്രത്തിലെ അശോകന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വിഷ്‌ണു എന്ന ക്ഷുഭിത യൗവനത്തിന്റെ കഥാപാത്രം കാലങ്ങള്‍ക്കിപ്പുറം തിളങ്ങി നിൽക്കുന്നുണ്ട്.
ഇപ്പോഴിതാ അതിനെ കുറിച്ച് സംസാരിക്കുകയാണ് അശോകൻ. എങ്ങനെയാണ് ഈ ചിത്രത്തിലേക്ക് എത്തിയതെന്നും കെജി ജോർജിനൊപ്പം പ്രവർത്തിച്ചപ്പോള്‍ ഉണ്ടായ അനുഭവവുമൊക്കെ താരം പറയുകയാണ്. ഇൻ ഹരിഹർ നഗർ എന്ന സിദ്ദിഖ് ലാല്‍ ചിത്രത്തെ കുറിച്ചും അശോകൻ പറയുന്നു.
"യവനിക ചെയ്യുമ്പോൾ എനിക്ക് 19 വയസാണ്. കെജി ജോർജിനെ കുറിച്ച്, അദ്ദേഹത്തിന്റെ കഴിവിനെ കുറിച്ച് പറയാതിരിക്കാൻ കഴിയില്ല. മലയാളത്തിലെ ഏറ്റവും മഹാനായ സംവിധായകരില്‍ ഒരാളായിരുന്നല്ലോ അദ്ദേഹം. സിനിമയുടെ എല്ലാ വശങ്ങളും ഒരുപോലെ അറിയാമായിരുന്ന ക്രാഫ്റ്റ്സ്മാൻ ആയിരുന്നു പുള്ളി. ജോഷി സാറിന്റെ വലിയൊരു പ്രചോദനമുണ്ട് ആ ചിത്രത്തില്‍ എന്നതാണ് സത്യം.
ആ സിനിമയില്‍ വർക്ക് ചെയ്യുന്ന സമയത്ത് ഓരോ അഭിനേതാക്കളുടെയും കൂടെ നിന്ന് അവർക്ക് വേണ്ട സ്വാതന്ത്ര്യം കൊടുക്കുകയും വേണ്ടത് എടുക്കുകയും വേണ്ടാത്തത് പറയുകയും ചെയ്യും. ജോർജ് സാറിന്റെ ഇൻസ്‌പിറേഷൻ വളരെ വലുതാണ്. ആ സിനിമയില്‍ എനിക്ക് രണ്ടോ മൂന്നോ സീനുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
അത് മുൻപ് ഷൂട്ട് ചെയ്‌തു തുടങ്ങിയതായിരുന്നു, പിന്നെ നിർത്തി വീണ്ടും എടുക്കുകയായിരുന്നു. വിഷ്‌ണു എന്ന കഥാപാത്രത്തിലേക്ക് എന്നെ നിർദ്ദേശിച്ചത് എന്റെ ഗുരുനാഥനായിരുന്ന പപ്പേട്ടനായിരുന്നു, പദ്‌മരാജൻ സർ. ആദ്യം മറ്റ് താരങ്ങളെയാണ് ഉദ്ദേശിച്ചിരുന്നത്. അങ്ങനെയൊക്കെ കേട്ടിരുന്നു. അവസാനമാണ് ആ കഥാപാത്രം എനിക്ക് കിട്ടുന്നത്.
ഇൻ ഹരിഹർ നഗറിലെ കഥാപാത്രം വളരെ രസകരമായിരുന്നു. ഇപ്പോഴും ആളുകള്‍ ഒരുപോലെ ഓർക്കുന്നൊരു ചിത്രമാണ് അത്. പലരും തോമസ് കുട്ടി എന്നായിരുന്നു ആ ചിത്രത്തിന് ശേഷം എന്നെ വിളിച്ചിരുന്നത്. ചില ഫങ്ക്ഷനുകള്‍ക്ക് ഒക്കെ പോവുമ്ബോള്‍ മാതാപിതാക്കള്‍ കൊച്ചുകുട്ടികളോട് ചോദിക്കും, ഇതാരാണെന്ന്. അപ്പോള്‍ അവർ പറയുക തോമസ് കുട്ടി എന്നായിരുന്നു... " അശോകൻ പറയുന്നു.