-->
തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നില്‍ക്കുന്ന താരമാണ് സമാന്ത റൂത്ത് പ്രഭു. അടുത്തിടെ ബോളിവുഡിലും തിളങ്ങാന്‍ താരത്തിനു കഴിഞ്ഞു. സ്വകാര്യ ജീവിതത്തിലെ പ്രതിസന്ധികളും മാനസിക സമ്മര്‍ദ്ദങ്ങളും തരണം ചെയ്താണ് സമാന്ത ഇന്നത്തെ നിലയിലേക്ക് വളര്‍ന്നതും പ്രേക്ഷകപ്രീതി നേടിയതും.
അടുത്തിടെ തന്റെ കരിയറിന്റെ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന സന്തോഷം താരം പങ്കിട്ടിരുന്നു. ട്രാലാല മൂവിംഗ് പിക്ചേഴ്സ് എന്ന ബാനറില്‍ താരം സിനിമാ നിര്‍മ്മാതാവിന്റെ കുപ്പായമാണ് അണിയുന്നത്. തെലുങ്ക് ഹൊറർ-കോമഡി ചിത്രമായ ‘ശുഭം’ നിർമ്മിക്കുന്നത് സമാന്തയാണ്.
ഇപ്പോഴിതാ ഈ ചിത്രത്തിന്റെ പ്രചാരണ പരിപാടിക്കിടെ താരം പറഞ്ഞ കാര്യങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. തന്റെ ആദ്യകാല സിനിമകളെക്കുറിച്ചാണ് താരം പറഞ്ഞത്. ആദ്യകാല ചിത്രങ്ങളിലെ തന്റെ അഭിനയത്തെ കുറിച്ചോർക്കുമ്പോള്‍ ലജ്ജ തോന്നാറുണ്ടെന്ന് താരം തുറന്നു പറഞ്ഞു. ‘‘എന്റെ ആദ്യത്തെ രണ്ട് സിനിമകള്‍ ഞാനിപ്പോള്‍ കണ്ടാല്‍, എനിക്ക് ലജ്ജ തോന്നും. എന്തുകൊണ്ടാണ് ഞാൻ ഇത്രയും മോശം പ്രകടനം കാഴ്ചവെച്ചതെന്ന് ചിന്തിക്കും, അത്ഭുതപ്പെടുകയും ചെയ്യും. എന്നാല്‍ ‘ശുഭ’ത്തില്‍, അവരുടെ ആദ്യ സിനിമകളില്‍ അഭിനയിക്കുന്ന ഈ യുവതാരങ്ങളെ കാണുമ്പോള്‍, ഈ സിനിമയെക്കുറിച്ച് എനിക്ക് അഭിമാനം തോന്നുന്നു...ഇതൊരു മുന്നേറ്റമാണ്. കഴിഞ്ഞ 14-15 വർഷമായി അഭിനയരംഗത്തുണ്ട്. ഇപ്പോള്‍ നിർമാണം ഒരു പുതിയ വെല്ലുവിളിയാണ്. വെല്ലുവിളികള്‍ ഏറ്റെടുക്കാൻ എനിക്കിഷ്ടമാണ്.
സിനിമാബണ്ടി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ പ്രവീണ്‍ കണ്ട്രേഗുലയാണ് ശുഭം സംവിധാനം ചെയ്യുന്നത്. ഹർഷിത് റെഡ്ഡി, ഗവിറെഡ്ഡി ശ്രീനിവാസ്, ചരണ്‍ പേരി, ശ്രിയ കോന്തം, ശ്രാവണി ലക്ഷ്മി, ശാലിനി കൊണ്ടേപുടി, വംശിധർ ഗൗഡ് എന്നിവരടങ്ങുന്ന ഒരു പുതിയ താരനിരയാണ് മെയ് ഒന്‍പതിന് റിലീസ് ചെയ്യുന്ന ശുഭത്തിലുള്ളത്. സിനിമയുടെ ടീസർ അടുത്തിടെ പുറത്തിറങ്ങിയിരുന്നു.
‘സിറ്റാഡല്‍: ഹണി ബണ്ണി’ എന്നതിലാണ് താരം അടുത്തിടെ പ്രത്യക്ഷപ്പെട്ടത്. ‘തുമ്പാഡ്’ സംവിധായകൻ റാഹി അനില്‍ ബർവെയുടെ ഫാന്റസി ഡ്രാമയായ ‘രക്ത് ബ്രഹ്മാണ്ഡ്’ എന്ന സിനിമ സമാന്തയുടേതായി അണിയറയില്‍ ഒരുങ്ങുകയാണ്. രാജ് & ഡികെയാണ് സംവിധാനം. സിനിമയുടെ റിലീസിന് മുന്നോടിയായി സംവിധായകൻ രാജ്നോടൊപ്പം തിരുപ്പതി ബാലാജി ക്ഷേത്രം സമാന്ത സന്ദർശിച്ചത് വാര്‍ത്തകളില്‍ നിറഞ്ഞതാണ്.