-->
കോട്ടയം: മുത്തോലി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ഹൈക്കോടതി അഭിഭാഷകയുമായ ജിസ്മോളും പെണ്‍ കുഞ്ഞുങ്ങളും ആറ്റില്‍ ചാടി മരിച്ച സംഭവത്തില്‍ കുടുംബം ഇന്ന് പോലീസില്‍ പരാതി നല്‍കും. വിദേശത്തായിരുന്ന അച്ഛനും സഹോദരനും മറ്റ് ബന്ധുക്കളും മരണ വിവരം അറിഞ്ഞ് കഴിഞ്ഞ ദിവസമാണ് നാട്ടിലെത്തിയത്. കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് ജിസ്‌മോള്‍ മക്കളുമായി ആത്മഹത്യ ചെയ്തതെന്നാണ് സംശയിക്കുന്നത്.
ആത്മഹത്യയുടെ കാരണം വിശദമായി അന്വേഷിക്കുമെന്ന് അയര്‍ക്കുന്നം പൊലീസ് അറിയിച്ചിട്ടുണ്ട്. ഇന്ന് ഇവര്‍ ഏറ്റുമാനൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കും. ഗാര്‍ഹിക പീഡനത്തിന് പുറമെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഭര്‍ത്താവ് ജിമ്മി ജിസ്മോളെ സമ്മര്‍ദ്ദത്തിലാക്കിയെന്നാണ് കുടുംബം ആരോപിക്കുന്നത്. ഭര്‍ത്തൃവീട്ടില്‍ ജിസ്‌മോള്‍ കടുത്ത മാനസീകപീഡനം സഹിച്ചിരുന്നതായും ഭര്‍ത്താവ് ജിമ്മിയുടെ മാതാവും മൂത്ത സഹോദരിയും ജിസ്‌മോളെ മാനസീകമായി നിരന്തരം ആക്രമിച്ചിരുന്നതായും കുടുംബം ആരോപിച്ചു.
കഴിഞ്ഞ ദിവസം അയല്‍വാസികളുടെയും ബന്ധുക്കളുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മുമ്പുള്ള ദിവസങ്ങളില്‍ അതീവ ഗൗരവതരമായ എന്തോ സംഭവം വീട്ടില്‍ നടന്നിട്ടുണ്ടാകാമെന്നും കുടുംബം സംശയിക്കുന്നു. കഴിഞ്ഞദിവസമാണ് തന്റെ രണ്ട് പെണ്‍മക്കളുമായി ജിസ്‌മോള്‍ മീനച്ചിലാറ്റില്‍ ചാടി ആത്മഹത്യ ചെയ്തത്. പാലായിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങള്‍ നാളെ ഉച്ചയ്ക്ക് സംസ്‌ക്കരിക്കും.
അഭിഭാഷകയായി ഹൈക്കോടതിയില്‍ പ്രാക്ടീസ് ചെയ്യുന്നതിനിടെ 2019 ലാണ് ജിസ്മോള്‍ മുത്തോലി പഞ്ചായത്ത് വൈസ് പ്രസിഡന്റായി തിരഞ്ഞടുക്കപ്പെട്ടത്. അതോടെ അഭിഭാഷക ജോലിയുടെ തിരക്ക് കുറച്ചു. മീനച്ചിലാറ്റില്‍ ചൂണ്ടയിടാന്‍ എത്തിയ നാട്ടുകാരാണ് ജിസ്മോളുടെ മൃതദേഹം കാണുന്നത്. കോട്ടയം തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല.