-->
സിനിമകൾ പാൻ ഇന്ത്യൻ തലത്തിൽ എത്തിത്തുടങ്ങിയ ശേഷം പല തെന്നിന്ത്യൻ താരങ്ങളും ആഗോള തലത്തിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയിട്ടുണ്ട്. അക്കൂട്ടത്തിൽ ഓം, ജയിലർ തുടങ്ങിയ സിനിമകളിലൂടെ മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ നടനാണ് ശിവരാജ് കുമാർ. സൂപ്പർസ്റ്റാർ രജനികാന്ത് ചിത്രമായ ജയിലറിലെ താരത്തിന്റെ അതിഥി വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
അർജുൻ ജന്യ സംവിധാനം ചെയ്ത 45 എന്ന സിനിമയാണ് ഇനി പുറത്തിറങ്ങാനുള്ള ശിവരാജ് കുമാർ സിനിമ. ചിത്രത്തിന്റെ പ്രൊമോഷനായി താരവും സഹതാരങ്ങളും കേരളത്തില്‍ എത്തിയിരുന്നു.
ഇപ്പോഴിതാ സിനിമയുടെ പ്രസ് മീറ്റില്‍ മലയാള സിനിമയെക്കുറിച്ച് ശിവരാജ് കുമാറും ഉപേന്ദ്രയും പറഞ്ഞ വാക്കുകളാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്.
മലയാള സിനിമയെക്കുറിച്ച് നിങ്ങൾക്ക് എന്താണ് പറയാനുള്ളത് എന്ന മാധ്യമ പ്രവർത്തകന്റെ ചോദ്യത്തിനാണ് ശിവരാജ് കുമാറും ഉപേന്ദ്രയും മറുപടി പറഞ്ഞത്. " ഞങ്ങൾ ഇന്ന് ഫ്ലൈറ്റിൽ വന്നപ്പോഴും ഇത് തന്നെയാണ് പറഞ്ഞത്. മലയാള സിനിമയുടെ ഒറിജിനാലിറ്റി എന്ന് പറയുന്നത് തന്നെ അതു നാച്വറൽ ആണെന്നുള്ളതാണ്. ഡ്രസിങ്ങിൽ മാത്രമല്ല ട്രെഡീഷനിലും ഒരു നാട്ടിൻപുറത്തിന്റെ മണമുണ്ട്. മറ്റുള്ള ഭാഷകളിൽ നിന്ന് വ്യത്യസ്തമായി മലയാള സിനിമയുടെ സൗന്ദര്യവും അതു തന്നെയാണ്... " ഉപേന്ദ്ര പറഞ്ഞു. ഒപ്പം ആവേശം, മഞ്ഞുമ്മൽ ബോയ്സ് എന്നീ സിനിമകൾ ഒരുപാട് അത്ഭുതപെടുത്തിയെന്നും താരം കൂട്ടിച്ചേർത്തു.
"കുഞ്ചാക്കോ ബോബന്റെ ഓഫീസർ ഓൺ ഡ്യൂട്ടി, പിന്നെ ജയ ജയ ജയ ഹേ എന്നീ ചിത്രങ്ങൾ എനിക്കേറെ ഇഷ്ടപെട്ടതാണെന്നാണ് ശിവരാജ് കുമാർ പറഞ്ഞത്. "മിക്ക മലയാള സിനിമകളും ഞാൻ കാണാറുണ്ട്. യഥാർത്ഥ്യം കാണിക്കുന്നതാണ് മലയാള സിനിമയുടെ വിജയത്തിന്റെ കാരണം. ഇമോഷൻസ്, സംസ്‍കാരം എന്നിവ യഥാർത്ഥ്യമായി കാണിക്കുന്നതാണ് മലയാള സിനിമയുടെ പ്രത്യേകത. മോഹൻലാൽ, മമ്മൂട്ടി, ദുൽഖർ, പൃഥ്വിരാജ് എന്നിവരുടെ സിനിമകൾ ആദ്യ ദിവസം തന്നെ കാണാൻ ശ്രമിക്കാറുണ്ട്..." ശിവരാജ് കുമാർ പറഞ്ഞു.
രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരും '45' എന്ന സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറില്‍ ഉമാ രമേശ് റെഡ്ഡി, എം രമേശ് റെഡ്ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നതും സംവിധായകനായ അർജുൻ ജന്യയാണ്. കന്നഡ, ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഭാഷകളിലാണ് '45' റിലീസിനൊരുങ്ങുന്നത്. 2025 ഓഗസ്റ്റ് 15 ന് ചിത്രം ആഗോള റിലീസാകും.