Sunday, March 15, 2026 Last Updated 8 Min 46 Sec ago English Edition
Todays E paper
Ads by Google
Wednesday 16 Apr 2025 01.37 PM

‘അതിഥിയായി വന്നതാണ്; പത്ത് നൂറ് പടത്തില്‍ അഭിനയിച്ചിട്ടും ആ മൂലയ്ക്കിരുന്ന എന്നെ ആരും വിളിച്ചില്ല, ശരിക്കും അപമാനിച്ചു...’’ പൊട്ടിത്തെറിച്ച് സുധീര്‍ സുകുമാരന്‍

വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങി നില്‍ക്കുന്ന സുധീര്‍ സുകുമാരന്‍ ഇപ്പോഴിതാ താന്‍ ക്ഷണം സ്വീകരിച്ച്‌ പൊതുവേദിയില്‍ അതിഥിയായി എത്തിയ വേദിയില്‍ അപമാനിക്കപ്പെട്ടതിന്റെ വിഷമം പറയുന്ന വീഡിയോ ആണ് വൈറലാവുന്നത്.
Sudheer Sukumaran, Sudheer Sukumaran insulted on stage
Sudheer Sukumaran insulted on stage (Image Source: Instagram)

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് സുധീര്‍ സുകുമാരന്‍. വില്ലന്‍ വേഷങ്ങളിലൂടെ തിളങ്ങിയ സുധീര്‍ കൊച്ചിരാജാവിലെ വില്ലനായും ഡ്രാക്കുളയായും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിരുന്നു. അവിടുന്നിങ്ങോട്ട് കൈനിറയെ സിനിമകള്‍ താരത്തിന് ലഭിച്ചു. കൂടുതലും വില്ലന്‍ വേഷങ്ങളായിരുന്നെങ്കിലും കിട്ടിയ കഥാപാത്രങ്ങളൊക്കെ വ്യത്യസ്തമാക്കാന്‍ താരത്തിന് സാധിച്ചു. മലയാള സിനിമയിലെ സ്റ്റൈലിഷ് വില്ലന്‍ എന്ന വിശേഷണമാണ് പിന്നീട് സുധീറിന് ലഭിച്ചത്. കാന്‍സറിനെ അതിജീവിച്ച് അനേകര്‍ക്ക് പ്രചോദനമാകാനും താരത്തിന് കഴിഞ്ഞിട്ടുണ്ട്.
ഇപ്പോഴിതാ താന്‍ ക്ഷണം സ്വീകരിച്ച്‌ പൊതുവേദിയില്‍ അതിഥിയായി എത്തിയ വേദിയില്‍ അപമാനിക്കപ്പെട്ടതിന്റെ വിഷമം പറയുന്ന സുധീറിന്റെ വീഡിയോ ആണ് വൈറലാവുന്നത്. സോഷ്യല്‍ മീഡിയയിലെ സെലിബ്രിറ്റികളും മറ്റും പങ്കെടുത്ത ഒരു പരിപാടിയിലേക്ക് അതിഥിയായി സുധീറിനെയും ക്ഷണിച്ചിരുന്നു. എന്നാല്‍, പിന്നിലെ സീറ്റില്‍ ഇരുന്ന തന്നെ വേദിയിലേക്ക് ആരും ക്ഷണിച്ചില്ലെന്നാണ് സുധീർ പറയുന്നത് വീഡിയോയില്‍ നിന്ന് വ്യക്തമാണ്. ക്ഷണം സ്വീകരിച്ച്‌ എത്തിയിട്ടും അവഗണിച്ചതോടെ സുധീർ സ്‌റ്റേജിലേക്ക് കയറി വന്ന് തനിക്ക് ഏറ്റ അപമാനവും സങ്കടവും മൈക്കിലൂടെ വേദിയെ അറിയിക്കുകയും ചെയ്തു.
‘‘പത്ത് നൂറ് പടത്തില്‍ അഭിനയിച്ചിട്ടും ആ മൂലയ്ക്ക് ഇരുന്ന എന്നെ ആരും വിളിച്ചില്ല. അവസാനം എന്നെ ഒന്ന് വിളിക്കൂ എന്ന് പറയേണ്ടി വന്നു. ഇത് ശരിക്കും വളരെ ബോറായി പോയി. ഇത് ഞാന്‍ പ്രതികരിച്ചില്ലെങ്കില്‍ ശരിയാവില്ല. എല്ലാവരെയും വിളിച്ച് കൊടുത്തു. പക്ഷേ എനിക്ക് മാത്രം തന്നില്ല ശരിക്കും ഇത് മോശമായി പോയി...’’ സുധീര്‍ പറയുന്നു. പിന്നാലെ വേദിയില്‍ വെച്ച് കൊടുക്കുന്ന ചെടി സമ്മാനമായി താരം വാങ്ങിക്കുകയും ചെയ്തു.
എന്നാല്‍ സുധീറിന്റെ വാക്കുകള്‍ കേട്ടതിനുശേഷം അവതാരക തന്റെ ഭാഗം ന്യായീകരിക്കാന്‍ ശ്രമിച്ചു. ‘‘സെലിബ്രിറ്റികളോട് മുന്നിലേക്ക് വന്നിരിക്കാന്‍ പറഞ്ഞതാണ്, എന്നിട്ടും ചെയ്യാത്തത് കൊണ്ടല്ലേ?...’’ എന്നായിരുന്നു അവതാരക ചോദിച്ചത്.
‘‘ഞാനത്ര വലിയ സെലിബ്രിറ്റിയൊന്നുമല്ല, ഞാനൊരു മനുഷ്യനാണ്. അതൊന്നും പറയേണ്ടതില്ല, സീറ്റ് നോക്കിയാണോ വ്യക്തികളെ ക്ഷണിക്കുന്നത്. എവിടെ ഇരിക്കുന്നു എന്നതിലൊന്നും കാര്യമില്ല. പുറകില്‍ ഇരുന്നെന്ന് കരുതി സെലിബ്രിറ്റി അല്ലാതാവില്ലല്ലോ...’’ എന്ന് പറഞ്ഞ് സുധീർ സ്റ്റേജില്‍ നിന്നിറങ്ങി പോവുന്നതും വീഡിയോയില്‍ കാണാം.

പിന്നാലെ നടനെ ആശ്വസിപ്പിച്ച് കൊണ്ട് നടനും സോഷ്യല്‍ മീഡിയ താരവുമായ ബിനീഷ് ബാസ്റ്റിനും എത്തിയിരുന്നു. ഈ പാവപ്പെട്ടവനെ ഒക്കെ വിളിച്ചോ എന്നാണ് സുധീര്‍ ബിനീഷിനെ കുറിച്ച് പറഞ്ഞത്. പിന്നാലെ പരിപാടിയുടെ സംഘാടകര്‍ സുധീറിനെ ആശ്വസിപ്പിച്ച് കൊണ്ട് രംഗത്ത് വന്നിരുന്നു. കെട്ടിപ്പിടിക്കുകയും ഉമ്മ കൊടുക്കുകയുമൊക്കെ ചെയ്താണ് അവിടെ ഉണ്ടായ വീഴ്ചയില്‍ താരത്തിനോട് മാപ്പ് പറഞ്ഞത്.
‘‘ഏത് ആര്‍ട്ടിസ്റ്റ് ആയാലും ചെറുതോ വലുതോ എന്നതല്ല, അവരെ വിളിച്ച് വരുത്തിയിട്ട് അപമാനിപ്പിക്കരുത്. ഭയങ്കര ബോറാണ്. ഞാന്‍ വേറൊരു സ്ഥലത്ത് ആയിരുന്നു. അവിടുന്ന് ഈ പരിപാടിയിലേക്ക് വിളിച്ചത് കൊണ്ടാണ് അവിടുന്ന് ഇങ്ങോട്ട് വരുന്നത്. സെലിബ്രിറ്റിയാണെങ്കില്‍ മുന്നിലിരിക്കണമെന്നാണ് അവതാരക പറയുന്നത്. അതെന്ത് ന്യായമാണ്...’’ താരം ചോദിച്ചു. സുധീറിനെ വേദിയിലേക്ക് വിളിക്കാന്‍ വൈകിയതില്‍ വളരെ വിഷമമുണ്ടെന്നും പ്ലാന്‍ ചെയ്ത പ്രകാരമല്ല കാര്യങ്ങള്‍ നടന്നതെന്നും സംഘാടകന്‍ വിശദീകരണമായി പറഞ്ഞു. ഇതോടെ സാരമില്ലെന്നും കഴിഞ്ഞ കാര്യത്തില്‍ തനിക്ക് വിഷമമില്ലെന്നുമൊക്കെ പറഞ്ഞിട്ടാണ് സുധീര്‍ അവിടെ നിന്നും പോവുന്നത്.
അവതാരകയുടെ മറുപടിയില്‍ പലരും തങ്ങളുടെ പ്രതികരണം കമന്റുകളിലൂടെ അറിയിക്കുന്നുണ്ട്. ‘വില്ലൻമാരൊക്കെ ശരിക്കും ഭയങ്കര പാവം ആണല്ലോ, സോറി സുധീര്‍ചേട്ടാ... അങ്ങയെ പോലുള്ള പ്രതിഭകളെ ഇങ്ങനെ വേദനിപ്പിച്ചതിന്, അവതാരകയുടെ മനോഭാവം വളരെ മോശം... അബദ്ധം പറ്റി പോയി എന്ന് പറയുമ്പോൾ അംഗീകരിക്കാൻ പോലും തയ്യാർ അല്ല....അഹങ്കാരം അതിന്റെ ഉച്ചസ്ഥായിയിലാണ്...’ എന്നതടക്കമാണ് കമന്റുകള്‍.

Ads by Google
Wednesday 16 Apr 2025 01.37 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW