-->
മലയാള പിന്നണി ഗാനരംഗത്തെ രാജഹംസമാണ് കെ.എസ്. ചിത്ര. മലയാളത്തില്‍ മാത്രമല്ല തെന്നിന്ത്യയിലും ബോളിവുഡിലുമടക്കം ചിത്രയുടെ സ്വരമാധുരിയില്‍ പിറന്ന ഗാനങ്ങള്‍ ഒരുപാടുണ്ട്. മധുരഗാനങ്ങളുടെ നറുനിലാവ് പൊഴിക്കുന്ന മലയാളികളുടെ സ്വന്തം വാനമ്പാടിയായ ചിത്ര ആരാധകരുടെ സ്വന്തം ചിത്രാമ്മയായും ചിത്ര ചേച്ചിയുമാണ്. 1979 ല്‍ എം.ജി. രാധാകൃഷ്ണനാണ് ചിത്രയെ സംഗീത ലോകത്തിനു പരിചയപ്പെടുത്തിയത്. പിന്നീട് ഈ ഗായിക മലയാള ഗാനരംഗത്തെ അതുല്യ പ്രതിഭകളില്‍ ഒരാളായി ചിത്ര മാറി.
അന്നു തൊട്ട് ഇന്നോളം മലയാളികള്‍ ഒന്നടങ്കം ഇത്രയും ഹൃദയം നിറച്ച് സ്നേഹിക്കുന്ന മറ്റൊരു ഗായികയില്ല. മലയാളികള്‍ സ്വന്തമെന്ന് കരുതി സ്നേഹിക്കുന്ന ആരാധിക്കുന്ന ചിത്രയെ നിറചിരിയോടെയല്ലാതെ ആരും കണ്ടിട്ടില്ല. എന്നാല്‍ വലിയൊരു നൊമ്പരം ഉള്ളില്‍ പേറിയാണ് ചിത്ര ജീവിക്കുന്നത്. മലയാളികളുടെ ഗൃഹാതുരതയുടെ ആഘോഷമായ വിഷുവിന് നാടും നഗരവുമെന്ന വ്യത്യാസമില്ലാതെ എല്ലാവരും ആഘോഷിക്കുമ്പോള്‍ 2011 മുതല്‍ വിഷു ചിത്രയ്ക്ക് ഒരു നീറുന്ന ഓർമയാണ്. പതിനാല് വർഷങ്ങള്‍ക്ക് മുമ്പ് ഇതുപോലൊരു വിഷു ദിനത്തിലാണ്ജീവന്റെ ജീവനായ ഏക മകള്‍ നന്ദനയെ ചിത്രയ്ക്ക് എന്നന്നേക്കുമായി നഷ്ടപ്പെട്ടത്.
അന്ന് മുതല്‍ ഇന്നു വരെ എല്ലാ ഏപ്രില്‍ പതിനാലിനും മകളോട് പറയാൻ ആഗ്രഹിക്കുന്ന വാക്കുകള്‍ നിറഞ്ഞ ഒരു കുറിപ്പും കുറച്ച് ചിത്രങ്ങളും ചിത്രയുടെ സോഷ്യല്‍മീഡിയയില്‍ വരാറുണ്ട്. തന്റെ ലോകം തന്നെ ശൂന്യമായി പോയതിന്റെ വേദന അനുഭവിക്കുന്ന ഒരു അമ്മയെയാണ് ആ കുറിപ്പുകളില്‍ ആരാധകര്‍ കണ്ടിട്ടുള്ളത്. അതുകൊണ്ട് തന്നെ മലയാളികള്‍ വിഷു ആഘോഷിക്കുമ്പോള്‍ ചിത്രയ്ക്ക് മാത്രം അവര്‍ക്കൊപ്പം മനസ്സു കൊണ്ട് സന്തോഷിക്കാന്‍ കഴിയാറില്ല. മകളുടെ വേർപാടിനുശേഷം വിഷു അടക്കമുള്ളവ വീട്ടില്‍ ആഘോഷിക്കുന്നതില്‍ ചിത്ര നിയന്ത്രണം വെച്ചിട്ടുണ്ട്.
ഇപ്പോഴിതാ മകളുടെ പതിനാലാം ചരമ വാർഷികത്തില്‍ ഹൃദയസ്പർശിയായ കുറിപ്പുമായി എത്തിയിരിക്കുകയാണ് പ്രിയ താരം. മകളെ നഷ്ടപ്പെട്ടതിന്റെ വേദന അളക്കാൻ കഴിയാത്തതാണെന്നും അവള്‍ തന്റെ ഹൃദയത്തിലാണ് ജീവിക്കുന്നതെന്നും ചിത്ര കുറിച്ചു.
‘‘എനിക്ക് ഇനി നിന്നെ തൊടാൻ കഴിയില്ല. നിന്നെ കേള്‍ക്കാൻ കഴിയില്ല. നിന്നെ കാണാൻ കഴിയില്ല. പക്ഷെ നീ എന്റെ ഹൃദയത്തില്‍ ജീവിച്ചിരിക്കുന്നതിനാല്‍ എനിക്ക് നിന്നെ എപ്പോഴും അനുഭവിക്കാൻ കഴിയും. എന്റെ പ്രിയപ്പെട്ട കുഞ്ഞേ... നമ്മള്‍ ഒരു ദിവസം വീണ്ടും കണ്ടുമുട്ടും. നിന്നെ നഷ്ടപ്പെട്ടതിന്റെ വേദന അളക്കാനാവാത്തതാണ്. ആകാശത്തിലെ ഏറ്റവും വലിയ നക്ഷത്രം നീയാണെന്ന് എനിക്കറിയാം. സൃഷ്ടാവിന്റെ ലോകത്ത് നീ നന്നായി ജീവിക്കുന്നുവെന്ന് ഞാൻ പ്രതീക്ഷിക്കുന്നു...’’ എന്നാണ് ചിത്ര മകളുടെ ഓർമകള്‍ പങ്കുവെച്ച് കുറിച്ചത്.
നിരവധി ആരാധകരാണ് ചിത്രയ്ക്ക് ആശ്വാസ വാക്കുകളുമായി കുറിപ്പ് പ്രത്യക്ഷപ്പെട്ടതോടെ എത്തിയത്. ഒരു അമ്മയുടെ വേദന മറ്റാർക്കും ഒരിക്കലും അനുഭവിക്കാനോ മനസിലാക്കാനോ കഴിയില്ല. ചേച്ചിക്ക് എല്ലാം കടന്ന് മുന്നോട്ട് പോകാൻ ദൈവം ശക്തി നല്‍കാൻ പ്രാർത്ഥിക്കുന്നു എന്നിങ്ങനെയാണ് ഏറെയും കമന്റുകള്‍.
വർഷങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവിലാണ് 2002 ഡിസംബറില്‍ കെ എസ് ചിത്രയ്ക്കും ഭർത്താവ് വിജയ ശങ്കറിനും മകള്‍ പിറന്നത്. സത്യസായി ബാബയുടെ ഭക്ത കൂടിയായ ചിത്ര മകള്‍ക്ക് നന്ദന എന്ന് പേരിട്ടത് പോലും സായിബാബയാണെന്ന് മുമ്പ് പറഞ്ഞിട്ടുണ്ട്. എന്നാല്‍ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമായിരുന്ന മകള്‍ 2011 ഏപ്രില്‍ 14ന് ദുബായിലെ വില്ലയില്‍ നീന്തല്‍കുളത്തില്‍ വീണ് മരണപ്പെട്ടു.
സ്‌പെഷ്യല്‍ ചൈല്‍ഡ് ആയ നന്ദന മരണപ്പെട്ടത് വലിയ വേദനയാണ് ചിത്രയ്ക്കും കുടുംബത്തിനും നല്‍കിയത്. എ ആർ റഹ്മാന്റെ സംഗീത നിശയില്‍ പങ്കെടുക്കാൻ മകളോടൊപ്പം എത്തിയതായിരുന്നു ചിത്ര. സംഗീത നിശയുടെ റിഹേഴ്‌സലിന് പോകാനൊരുങ്ങുന്നതിനിടെയാണ് അപ്രതീക്ഷിതമായി ദുരന്തമുണ്ടായത്. കുട്ടിയെ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും നന്ദനയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. നീന്തല്‍കുളത്തില്‍ വീണ് മരിക്കുമ്പോള്‍ നന്ദനയ്ക്ക് ഒൻപത് വയസുമാത്രമായിരുന്നു പ്രായം.
മകളില്ലാത്ത ജീവിതം നല്‍കുന്ന വേദനയെക്കുറിച്ച് ചിത്ര മുൻപും പങ്കുവെച്ചിട്ടുണ്ട്. നന്ദനയുടെ മരണത്തിന് ശേഷം ആ ഓർമകളിലാണ് ചിത്രയുടെ ജീവിതം. നന്ദനയുടെ മരണ ശേഷം ഒരു കുഞ്ഞിനെ ദത്തെടുക്കുന്നതിനെക്കുറിച്ച് നേരത്തെ ചിന്തിച്ചിരുന്നതാണെന്ന് ചിത്ര ഒരു അഭിമുഖത്തില്‍ പണ്ട് പറഞ്ഞിരുന്നു. കുഞ്ഞിനെ ദത്തെടുക്കാൻ അതിന്റെ എല്ലാ ഉത്തരവാദിത്തവും ഏറ്റെടുക്കണം. പഠനം, വിവാഹം തുടങ്ങിയ കാര്യങ്ങള്‍ എല്ലാം നടത്തണം. അതുവരെ തങ്ങള്‍ ജീവിച്ചിരിക്കുമോ എന്ന കാര്യം അറിയില്ലെന്നും അതിനാലാണ് ദത്തെടുക്കാനുള്ള ശ്രമം ഉപേക്ഷിച്ചതെന്നും ചിത്ര പറഞ്ഞിരുന്നു.
ഇപ്പോള്‍ നന്ദനയെ മാത്രം മനസില്‍ വെച്ച് ജീവിക്കുകയാണെന്നും ചിത്ര പറഞ്ഞു. മകളെ ഓർത്തുകൊണ്ടാണ് ഓരോ ദിവസവും താനും ഭർത്താവും എഴുന്നേല്‍ക്കുന്നത്. നന്ദനയുടെ മരണം ജീവിതത്തിന് തന്ന ആഘാതം വലുതാണ്. ഇനി ജീവിതത്തില്‍ എന്ത് സംഭവിച്ചാലും അതെല്ലാം തനിക്ക് താങ്ങാൻ കഴിയുമെന്നും മകളുടെ മരണത്തേക്കാള്‍ വലിയ ആഘാതമൊന്നും തനിക്ക് ഇനി വരാനില്ലെന്നും ചിത്ര പറഞ്ഞിരുന്നു.
കുറച്ച് മാസങ്ങള്‍ക്ക് മുമ്പാ യിരുന്നു നന്ദനയുടെ പിറന്നാള്‍ ദിനം. മകളുടെ പിറന്നാള്‍ ദിനത്തില്‍ ഹൃദയസ്പർശിയായ കുറിപ്പും ചിത്ര പങ്കുവെച്ചിരുന്നു. ‘‘ഓരോ ജന്മത്തിനും ഓരോ ലക്ഷ്യമുണ്ടെന്നും അത് പൂർത്തിയാക്കി കഴിയുമ്പോള്‍ അവർ അനന്തമായ ലോകത്തേക്ക് പോകുമെന്നും ആളുകള്‍ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. കൂടാതെ കാലം എല്ലാവിധ മുറിവുകളെയും ഉണക്കി രോഗശാന്തി നല്‍കുമെന്നും കേട്ടിട്ടുണ്ട്. എന്നാല്‍ അത്തരം മുറിവുകളിലൂടെ കടന്നുപോയ ആളുകള്‍ക്ക് അത് സത്യമല്ലെന്നത് ബോധ്യമുള്ള ഒന്നാണ്. മുറിവ് ഇപ്പോഴും പച്ചയായും വേദനാജനകവുമാണ്. മിസ് യു നന്ദന...’’ എന്നായിരുന്നു ചിത്ര കുറിച്ചത്. നന്ദനയുടെ വേർപാടിനുശേഷം ഒരു തരത്തിലുള്ള ആഘോഷങ്ങളും ചിത്ര വീട്ടില്‍ നടത്തുകയോ ആഘോഷിക്കുകയോ ചെയ്യാറില്ല.
എന്നും നിറചിരിയോടെ മാത്രമെ സംഗീതാസ്വാദകർ ചിത്രയെ കണ്ടിട്ടുള്ളൂ. തെന്നിന്ത്യൻ ഭാഷകളിലും ഹിന്ദി, ബെംഗാളി, അസമീസ് ഭാഷകളിലുമായി ഇരുപത്തയ്യായിരത്തിലധികം സിനിമാഗാനങ്ങള്‍ ആരാധകരുടെ സ്വന്തം ചിത്ര പാടിയിട്ടുണ്ട്. ഇതിന് പുറമേ ഏഴായിരത്തിലധികം ഗാനങ്ങളും ആലപിച്ചിട്ടുണ്ട്. മികച്ച പിന്നണി ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം ആറ് തവണ ലഭിച്ച ചിത്രക്ക് വിവിധ സംസ്ഥാന സർക്കാരുകളുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. 2005ല്‍ ആണ് ചിത്രയ്ക്ക് പത്മശ്രീ പുരസ്‌കാരം ലഭിച്ചത്. ഈ വർഷം പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കിയും രാജ്യം ചിത്രയെ ആദരിച്ചിരുന്നു.