Saturday, March 14, 2026 Last Updated 7 Min 22 Sec ago English Edition
Todays E paper
Ads by Google
Thursday 10 Apr 2025 11.07 AM

മുന്നോട്ടുള്ള വഴികള്‍ രണ്ടെന്നു കോണ്‍ഗ്രസ് ; മോദി സര്‍ക്കാരിനെ ആക്രമിക്കുക, ബദല്‍ വാഗ്ദാനം ചെയ്യുക

uploads/news/2025/04/775168/sonia-and-mallikarjjuna-kha.jpg

അഹമ്മദാബാദ്: മുന്നോട്ടുള്ള യാത്രയില്‍ കോണ്‍ഗ്രസിനു മുന്നില്‍ രണ്ട് മാര്‍ഗങ്ങളുണ്ടെന്ന് അഹമ്മദാബാദ് എ.ഐ.സി.സി. സമ്മേളനത്തില്‍ നിരീക്ഷണം. കേന്ദ്രത്തിലെ നരേന്ദ്ര മോദി സര്‍ക്കാരിനെതിരേ കടുത്ത വിമര്‍ശനം വേണമെന്ന നിലപാടാണ് ഒരു വിഭാഗം നേതാക്കള്‍ മുന്നോട്ടുവച്ചത്. ക്രിയാത്മകമായ നിലപാട് സ്വീകരിക്കണമെന്നും ജനങ്ങള്‍ക്കു മുന്നില്‍ ബദല്‍ അവതരിപ്പിക്കണമെന്നും മറ്റൊരു വിഭാഗം ആവശ്യപ്പെട്ടു.

കോണ്‍ഗ്രസ് പ്രസിഡന്റ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ, കനയ്യ കുമാര്‍, ഇമ്രാന്‍ പ്രതാപ്ഗര്‍ഹി തുടങ്ങിയവര്‍ ബി.ജെ.പി സര്‍ക്കാരിന്റെ വിദ്വേഷ രാഷ്ട്രീയത്തെ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാട്ടണമെന്ന് ആവശ്യപ്പെട്ടു. 'സ്ഥാപനങ്ങള്‍ പിടിച്ചെടുക്കല്‍', 'ന്യൂനപക്ഷങ്ങള്‍ക്കെതിരായ ആക്രമണം' എന്നിവ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ തുറന്നുകാട്ടണമെന്നു സച്ചിന്‍ പൈലറ്റ് അവതരിപ്പിച്ച പ്രമേയത്തിലുണ്ട്.

വിട്ടുവീഴ്ചയില്ലാത്ത നിഷേധാത്മകതയല്ല വേണ്ടതെന്നു ശശി തരൂര്‍ നിലപാടെടുത്തു. പാര്‍ട്ടി പുനരുജ്ജീവിപ്പിക്കുകയാണെന്നും നാളത്തെ വെല്ലുവിളികളെ നേരിടാന്‍ തയാറാണെന്നും തരൂര്‍ പറഞ്ഞു. പാര്‍ട്ടി മുമ്പ് നേടിയ വോട്ടുകള്‍ നിലനിര്‍ത്തുകയും പുനഃസ്ഥാപിക്കുകയും വേണം.

കഴിഞ്ഞ മൂന്ന് തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി പരാജയപ്പെട്ടു. ദേശീയതയെ മറുപക്ഷത്തിനു വിട്ടുകൊടുക്കുന്നതിനുപകരം കോണ്‍ഗ്രസിന്റെ ദേശീയതയെ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കണം. കോണ്‍ഗ്രസ് ഇപ്പോള്‍ 140--ാം വര്‍ഷത്തിലാണ്. പാര്‍ട്ടിക്ക് മഹത്തായ ചരിത്രമുണ്ട് എന്നാല്‍ ഇന്ന് ഭൂരിപക്ഷമായ യുവ വോട്ടര്‍മാര്‍ ചരിത്രത്തിന് വലിയ പ്രാധാന്യം നല്‍കുന്നില്ല. അവര്‍ക്കുവേണ്ടി എന്താണു ചെയ്യാന്‍ കഴിയുന്നതെന്നു വ്യക്തമാക്കപ്പെടണം- അദ്ദേഹം പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ ക്രമക്കേടിലൂടെയാണു ബി.ജെ.പി. വിജയം സ്വന്തമാക്കിയതെന്നു മല്ലികാര്‍ജുന്‍ ഖാര്‍ഗെ ആരോപിച്ചു. ഹരിയാനയിലും ക്രമക്കേടുണ്ടായി. ലോകം മുഴുവന്‍ വോട്ടിങ് മെഷീനുകളില്‍നിന്ന് ബാലറ്റ് പേപ്പറിലേക്ക് മാറുകയാണ്. ബാലറ്റ് പേപ്പറിലേക്ക് മടങ്ങാനുള്ള ആവശ്യത്തിന് യുവാക്കള്‍ നേതൃത്വം നല്‍കണമെന്നു ഖാര്‍ഗെ ആവശ്യപ്പെട്ടു.

ചങ്ങാത്ത മുതലാളിമാര്‍ക്ക് നേട്ടമുണ്ടാക്കാന്‍ മോദി സര്‍ക്കാര്‍ സര്‍ക്കാര്‍ സ്വത്തുക്കള്‍ വില്‍ക്കുകയാണെന്നു ഖാര്‍ഗെ ആരോപിച്ചു. ഒരു ദിവസം മോദി സര്‍ക്കാരും രാജ്യത്തെ വില്‍ക്കും. പാര്‍ട്ടിയില്‍ സജ്ജീവമല്ലാത്തവര്‍ പിന്മാറണം. പാര്‍ട്ടിയെ സഹായിക്കുകയോ ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയോ ചെയ്യാത്തവര്‍ വിരമിക്കണം.

യുവാക്കളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും എല്ലാ സംരംഭങ്ങളിലും യുവാക്കളെ പിന്തുണയ്ക്കണമെന്നും ഷാഫി പറമ്പില്‍ ആവശ്യപ്പെട്ടു. യുവാക്കളെയും ഭാവി തലമുറയെയും കുറിച്ച് സംസാരിക്കാം, യുവാക്കള്‍ക്കായി പദ്ധതി തയാറാക്കാം, പദ്ധതി അനുസരിച്ച് പ്രവര്‍ത്തിക്കാം.- അദ്ദേഹം പറഞ്ഞു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW