-->
ബലത്സംഗക്കേസില്‍ ജയിലിലായിരുന്ന ആള്‍ദൈവം ആസാറാം ബാപ്പുവിന്‍റെ ഇടക്കാല ജാമ്യം നീട്ടി നല്‍കി രാജസ്ഥാന്‍ ഹൈക്കോടതി.
13 കാരിയെ പീഡിപ്പിച്ച കേസില്‍ ജീവപര്യന്തം തടവില്‍ കഴിയുന്നതിനിടെയാണ് ഇയാള്‍ക്ക് ജാമ്യം ലഭിച്ചത്. ആരോഗ്യ സംബന്ധമായ കാരണങ്ങള്‍ കണക്കിലെടുത്ത് ചികിത്സയ്ക്ക് വേണ്ടിയാണ് ജാമ്യം അനുവദിച്ചിരുന്നത്.
പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ സുരക്ഷ ജാമ്യം നല്‍കിയതിന് പിന്നാലെ വര്‍ധിപ്പിച്ചിരുന്നു. ആസാറാം ബാപ്പുവിന് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് തങ്ങളുടെ സുരക്ഷയില്‍ ആശങ്കയുണ്ടെന്ന് പെണ്‍കുട്ടിയുടെ കുടുംബവും ആവശ്യപ്പെട്ടതിനെ തുടര്‍ന്നായിരുന്നു ഇത്. ജില്ലവിട്ട് പുറത്തേക്ക് പോവുകയാണെങ്കില്‍ പോലീസിനെ അറിയിക്കണമെന്ന് പെണ്‍കുട്ടിയുടെ കുടുംബത്തിന് നിര്‍ദേശമുണ്ട്.
ആസാറാം ബാപ്പുവിനെതിരെ 2013 ലാണ് പെണ്‍കുട്ടി പീഡന പരാതി ഉന്നയിക്കുന്നത്. ജോധ്പൂരിലെ ആശ്രമത്തില്‍വെച്ച് ലൈംഗികാതിക്രമം നടത്തി എന്നായിരുന്നു പരാതി. തുടര്‍ന്ന് ഇയാള്‍ അറസ്റ്റിലാവുകയായിരുന്നു. 2018 ല്‍ ആസാറാം കുറ്റക്കാരനാണെന്ന് കൊടതി കണ്ടെത്തി ജീവപര്യന്ത്യം ശിക്ഷിക്കുകയായിരുന്നു. നിലവില്‍ ആരോഗ്യ പ്രശ്നങ്ങള്‍ കാരണമാണ് ഇയാളുടെ ജാമ്യം നീട്ടി നല്‍കിയത്.