Friday, March 20, 2026 Last Updated 7 Min 59 Sec ago English Edition
Todays E paper
Ads by Google
സ്വന്തം ലേഖകന്‍
Monday 07 Apr 2025 04.24 PM

മുടങ്ങാതെ വൈദ്യുതി, വൈദ്യുതി പ്രതിസന്ധിയെ പടിക്കു പുറത്തു നിർത്തി കെ.എസ്. ഇ.ബി.; താങ്ങായി കിഫ്ബി

kifb

വേനല്‍ക്കാലമായതോടെ വൈദ്യുതിയുടെ ഉപയോഗം അനുദിനം വർദ്ധിക്കുമ്പോഴും കൃത്യമായ പ്ലാനിംഗിലൂടെയും നൂതനവും വികസനാത്മകവുമായ പദ്ധതികളിലൂടെയും വൈദ്യുതി പ്രതിസന്ധിയെ പടിക്കു പുറത്തു നിർത്തിയിരിക്കുകയാണ് കേരളം. വൈദ്യുത വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ നേതൃത്വത്തിൽ കെഎസ്ഇബി നടത്തുന്ന പ്രശംസനീയമായ പ്രവർത്തനങ്ങളാണ് കേരളത്തിലെ വൈദ്യുതി വിതരണത്തെ തടസം കൂടാതെ മുന്നോട്ടു കൊണ്ടു പോകുന്നത്.

പ്രകൃതിക്ഷോഭങ്ങൾ അടക്കമുള്ള കാര്യങ്ങള്‍ പ്രതിസന്ധി സൃഷ്ടിക്കുമ്പോഴും സംസ്ഥാനത്താകമാനം വൈദ്യുതി ഉറപ്പാക്കാൻ പിണറായി സർക്കാരിനു സാധിച്ചിട്ടുണ്ട്. വൈദ്യുതി വകുപ്പിൽ മാത്രം 5200 കോടി രൂപയുടെ 18 പദ്ധതികൾക്കാണ് കിഫ്ബി അംഗീകാരം നൽകിയിരിക്കുന്നത്. ഇതിൽ 14 എണ്ണത്തിന്റെ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു.

ഉപഭോക്തൃസേവനം മെച്ചപ്പെടുത്താനും അപകടരഹിതമായ അന്തരീക്ഷം സംജാതമാക്കാനുമാണ് ശ്രമം. ഇതിനായി നൂതന സംവിധാനങ്ങൾ ഉപയോഗിക്കും. ഉപയോക്താക്കൾക്ക് ഇടതടവില്ലാതെ വൈദ്യുതി ലഭ്യമാക്കാനുള്ള പ്രവർത്തനങ്ങളാണ് നടക്കുന്നത്.- മന്ത്രി പറഞ്ഞു.

വൈദ്യുതി പ്രസരണരംഗത്ത്‌ വൻ കുതിപ്പാകുന്ന , സംസ്ഥാന വികസനത്തിന് വർധിത വേഗം നൽകി ട്രാൻസ്ഗ്രിഡ് 2.0 അതിന്റെ പൂർണതയിലേക്കെത്തുന്നു. കിഫ്ബിയുടെ സഹായത്തോടെ പവർ ഹൈവേ പദ്ധതി 2026 ഓടെ പൂർണതോതിൽ സജ്ജമാകും. വടക്കൻ കേരളത്തിലെ വോൾട്ടേജ് ക്ഷാമം , ദിവസേനയുള്ള 102 മെഗാവാട്ടിന്റെ പ്രസരണനഷ്ടം തുടങ്ങിയ പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരമാണ് ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയിലൂടെ സാധ്യമാക്കുന്നത്. 2718 കോടി ചെലവിൽ ആദ്യഘട്ടം പൂർത്തിയായി. രണ്ടാംഘട്ടത്തിൽ 747 കോടിയുടെ നിർമാണപ്രവൃത്തികൾ പിന്നിട്ടു.

ഏറ്റുമാനൂർ 220 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷനാണ് അതിൽ എടുത്തു പറയേണ്ടത്. ഒരു വർഷത്തിനിടെ ആഭ്യന്തര വൈദ്യുതി ഉത്പാദനശേഷിയിൽ 173 മെഗാവാട്ടിന്റെ വർധനവാണുണ്ടാക്കിയതെന്ന് മന്ത്രി കെ.കൃഷ്ണൻകുട്ടി പറയുന്നു. കോട്ടയം ജില്ലയുടെ വർധിച്ചു വരുന്ന വൈദ്യുതാവശ്യങ്ങൾ നിറവേറ്റുന്നതിനായാണ് ഏറ്റുമാനൂരിൽ നിലവിലുണ്ടായിരുന്ന 66 കെവി സബ്സ്റ്റേഷനെ നവീകരിച്ച് 220 കെവി ജിഐഎസ് സബ് സ്റ്റേഷനായി ഉയർത്തിത്. സബ് സ്റ്റേഷനും അനുബന്ധ പ്രസരണ ലൈനും വന്നതോടെ ഏറ്റുമാനൂർ സബ് സ്റ്റേഷന്‍റെ സ്ഥാപിത ശേഷി ഉയർന്നു. അതോടൊപ്പം വൈക്കം, കുറവിലങ്ങാട്, പാലാ, ഗാന്ധിനഗർ, കോട്ടയം സബ് സ്റ്റേഷനുകളിലേക്ക് വ്യത്യസ്ത സ്രോതസ്സുകളിൽ നിന്നായി 110 കെ വി വോൾട്ടേജിൽ വൈദ്യുതി എത്തിക്കാനും സാധിച്ചു.

ട്രാൻസ് ഗ്രിഡ് 2.0 പദ്ധതിയുടെ ഭാഗമായി കോട്ടയം ജില്ലയുടെ വർധിച്ചു വരുന്ന വൈദ്യുതാവശ്യങ്ങൾ നിറവേറ്റുന്നതിനാണ് ഏറ്റുമാനൂരിൽ നിലവിലുണ്ടായിരുന്ന 66 കെവി സബ് സ്റ്റേഷനെ നവീകരിച്ച് ആധുനിക സാങ്കേതിക വിദ്യയിലധിഷ്ഠിതമായ 220 കെ.വി. ജി.ഐ.എസ് സബ് സ്റ്റേഷനായി ഉയർത്തിയത്. ഉപഭോക്താക്കൾക്ക് ഇടതടവില്ലാതെ കൂടുതൽ മെച്ചപ്പെട്ട വോൾട്ടേജിൽ വൈദ്യുതി ലഭ്യമാകും.


കേരളത്തിലെ ആദ്യകാല സബ് സ്റ്റേഷനുകളിൽ ഒന്നായ കോതമംഗലം സബ് സ്റ്റേഷൻ 220 കെവി സബ് സ്റ്റേഷനായി പ്രവർത്തന സജ്ജമാക്കാനും വൈദ്യുതി വകുപ്പിന് സാധിച്ചു. 1940 ൽ സ്ഥാപിതമായ സബ്സ്റ്റേഷന്റെ ശേഷി 66 കെവിയിൽ നിന്ന് 220 കെ വി ആയാണ് വർധിപ്പിച്ചത്. ഇടുക്കി , പള്ളിവാസൽ ജലവൈദ്യുത പദ്ധതികളുമായി 220 കെവിയിൽ കണക്റ്റിവിറ്റിയുണ്ടാകും.തീർത്തും ഓട്ടോമാറ്റിക് സംവിധാനങ്ങളോടു കൂടിയാണ് സബ്സ്റ്റേഷന്‍റെ നിർമാണം പൂർത്തീകരിച്ചത്. അനുബന്ധ ലൈൻ സ്ഥാപിക്കുന്നതിനടക്കം കിഫ്ബി വഴി 75 കോടി രൂപയാണ് കിഫ്ബി വഴി വിനിയോഗിച്ചത്.

kifb

കോട്ടയം കുറവിലങ്ങാട് സ്ഥാപിച്ച കേരളത്തിലെ ആദ്യ 400 കെവി ഗ്യാസ് ഇൻസുലേറ്റഡ് സബ് സ്റ്റേഷന്റെ നിർമാണത്തിനായി കിഫ്ബി 152 കോടി രൂപയാണ് ചെലവഴിച്ചത്. ഈ സബ്സ്റ്റേഷനിൽ 400 കെവി ട്രാൻസ്മിഷൻ ലൈനുകളും 220/110 കെവി മൾട്ടി-സർക്യൂട്ട് മൾട്ടി-വോൾട്ടേജ് ലൈനുകളും പ്രധാന സബ്സ്റ്റേഷനുകളെ ബന്ധിപ്പിക്കുന്നു. പള്ളം, ഏറ്റുമാനൂർ, അമ്പലം എന്നിവിടങ്ങളിലെ 220 കെവി സബ്സ്റ്റേഷനുകൾ വൈദ്യുതി വിതരണ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നു. തിരുനെൽവേലി-കൊച്ചി ലൈൻ വഴി 400 കെ.വി. അന്തർസംസ്ഥാന പ്രസരണലൈൻ ഉപയോഗിച്ച് കൂടംകുളം ആണവനിലയത്തിൽ നിന്ന് വൈദ്യുതി മധ്യകേരളത്തിൽ എത്തിക്കുന്നതിനും സബ്സ്റ്റേഷൻ സഹായിക്കും.


മന്ത്രിയുടെ മണ്ഡലമായ ചിറ്റൂരിലെ ആർബിസി കനാൽ 860 കോടി രൂപയുടെ പദ്ധതിയാണ്. അതിന്റെ നിർമാണം ഏകദേശം പൂർത്തിയായി. നാല് പഞ്ചായത്തുകളിൽ കിഫ്ബിയിലൂടെ കുടിവെള്ളം എത്തിച്ചു. 82.972 കോടി രൂപ സ്‌കൂളുകളിലേക്ക് കൊടുത്തു. ചിറ്റൂർ താലൂക്ക് ആശുപത്രിയിൽ 70 കോടി കൊടുത്തു. ഇനി 30 കോടിയും കൂടി നൽകുന്നുണ്ട്. അതിൽ കുട്ടികളുടെ ആശുപത്രിയും ഉള്‍പ്പെടുന്നു.

Ads by Google
സ്വന്തം ലേഖകന്‍
Monday 07 Apr 2025 04.24 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW