Saturday, March 14, 2026 Last Updated 38 Min 14 Sec ago English Edition
Todays E paper
Ads by Google
രാജു പോള്‍
Monday 07 Apr 2025 09.43 AM

ബേബി എന്ന സാംസ്‌കാരിക 'സ്വരലയം' ; സൗഹൃദസദസുകളെ സമ്പന്നമാക്കുന്ന സഖാവ് ; പതിവായി കൊച്ചിയില്‍ എത്തിയിരുന്ന കൊല്ലംകാരന്‍

uploads/news/2025/04/774535/MA-Baby.jpg

കൊച്ചി : ഇ.എം.എസിനു ശേഷം ആദ്യമായി ഒരു മലയാളി മാര്‍ക്‌സിസ്റ്റ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അമരത്ത് എത്തുമ്പോള്‍, രാഷ്ട്രീയത്തിനപ്പുറം നിറയുന്ന എം.എ. ബേബി എന്ന വ്യക്തിത്വത്തെയാണ് കേരളം ഓര്‍ക്കുക. കൊല്ലംകാരനായ ബേബി കൊച്ചിയില്‍ എത്തുന്നത് പലപ്പോഴും രാഷ്ട്രീയത്തിനപ്പുറത്തെ സാംസ്‌കാരിക മേഖലയുമായി ബന്ധപ്പെട്ടും സുഹൃത്തുക്കളുടെ കൂട്ടായ്മകളിലുമാണ്.

പഴയകാല വിദ്യാര്‍ത്ഥി സഖാക്കളെ പേരെടുത്തു വിളിക്കാന്‍ കഴിയുന്ന ആത്മബന്ധം വളര്‍ച്ചയുടെ ഓരോ പടവിലും കൈമോശം വരാതെ കാത്ത സുഹൃത്ത്, പാര്‍ട്ടി ജനറല്‍ സെക്രട്ടറി പദത്തിലേക്ക് ഉയരുമ്പോള്‍ ആഹ്‌ളാദത്തിലാണ് ബേബി സൗഹൃദ ക്യാമ്പ്. ഏറ്റവും ഒടുവില്‍ എം.എ. ബേബി കൊച്ചിയില്‍ എത്തിയതും സാംസ്‌കാരിക സ്പര്‍ശമുള്ള ഒരു ചടങ്ങിനായിരുന്നു.

ഡല്‍ഹിയില്‍നിന്ന് തൃക്കാക്കരയിലെത്തി ഡോ. എം. ലീലാവതി ടീച്ചര്‍ക്ക് കടമ്മനിട്ട പുരസ്‌കാരം നല്‍കിയ ബേബി തൊട്ടടുത്തദിവസം പാര്‍ട്ടി കോണ്‍ഗ്രസിനായി മധുരയ്ക്ക് തിരിക്കുകയായിരുന്നു. അതിന് മുന്‍പ് കൊച്ചിയില്‍ എത്തിയതും ഒരു സാഹിത്യ വേദിയിലാണ്. മന്ത്രി പി. രാജീവിന്റെ പുസ്തകങ്ങളുടെ പ്രകാശന ചടങ്ങായിരുന്നു അത്. മൂന്നുപതിറ്റാണ്ടായി അദ്ദേഹം കൊച്ചിവഴി വരുമ്പോഴെല്ലാം അതീവ താല്‍പര്യത്തോടെ ഇവിടുത്തെ കലാ-സാംസ്‌കാരിക പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുകയും പലതിനും ചുക്കാന്‍പിടിക്കുകയും ചെയ്തിരുന്നു. തൃപ്പൂണിത്തുറയിലെ മാനവ മൈത്രി സംഗീത പരിപാടിക്ക് നേതൃത്വം കൊടുത്തത് ബേബിയാണ്.

കലാമണ്ഡലം കൃഷ്ണന്‍ നായര്‍ ഫൗണ്ടേഷന് തുടക്കം കുറിക്കാനും അദ്ദേഹമെത്തി. ഫോര്‍ട്ട് കൊച്ചിയിലെ ദ്രവീഡിയ ആര്‍ട്ട് ഗാലറി പുതുക്കിപ്പണിതപ്പോള്‍ ഉദ്ഘാടകനായതും കലാസ്‌നേഹിയായ ഈ രാഷ്ട്രീയ നേതാവ് തന്നെ. 24-ാം വയസില്‍ ലോക യുവജന മേളയില്‍ ഇന്ത്യയെ പ്രതിനിധീകരിച്ചിട്ടുള്ള ബേബിക്ക് രാഷ്ട്രീയം പോലെ പ്രിയങ്കരമാണ് സാംസ്‌കാരിക പ്രവര്‍ത്തനവും.

പാര്‍ട്ടി പരിപാടികള്‍ക്കപ്പുറം പഴയകാല സഖാക്കളുടെ ഏതു വീട്ടു ചടങ്ങിനും ആതിഥേയര്‍ക്കൊപ്പം ബേബി എന്ന പഴയ ചങ്ങാതി സജീവമാകും.ഏറ്റവും ഒടുവില്‍ പറവൂരില്‍ എന്‍.എം. പിയേഴ്‌സിന്റ മകളുടെ വിവാഹത്തിന് രംഗനാഥ ഓഡിറ്റോറിയത്തില്‍ ബേബി വന്നപ്പോള്‍ അത് അപ്രതീക്ഷമായി വലിയൊരു സുഹൃദ് കൂട്ടായ്മയായി മാറിയത് പ്രസാധകനായ സി.ഐ.സി.സി. ജയചന്ദ്രന്‍ ഓര്‍ക്കുന്നു.

1974-ല്‍ എസ്.എഫ്.ഐയുടെ കേന്ദ്ര കമ്മിറ്റിയംഗമായ എം.എ. ബേബി അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിച്ചിട്ടുള്ള വിദ്യാര്‍ത്ഥി നേതാവാണ്. കലാലയ രാഷ്ട്രീയത്തില്‍ സൈമണ്‍ ബ്രിട്ടോയ്ക്ക് കുത്തേറ്റശേഷം നിരവധി തവണ എറണാകുളത്തെ സഖാക്കളെ തേടി യുവജന നേതാവായ എം.എ. ബേബി എത്തുമായിരുന്നു. കേരളത്തിനു പുറത്ത് ഇതര ഭാഷാ സാഹിത്യകാരമാരുട വലിയ സുഹൃദ്‌വലയത്തിലെ അംഗമായ ബേബി ഇടതുപക്ഷ സാംസ്‌കാരിക വേദിയായ സ്വരലയയുടെ സര്‍വ്വതുമായി മാറി.

മറിയം അലക്‌സാണ്ടര്‍ ബേബി എന്ന ഈ 71-കാരന് ഇനി പാര്‍ട്ടിയെ സ്വരലയത്തോടെ നയിക്കുക എന്ന നിയോഗം ബാക്കി. എങ്കിലും കാക്കനാട് താമസിക്കുന്ന മകന്‍ അപ്പുവിന്റെയരികില്‍ എത്താനായി അദ്ദേഹം ഇടക്കിടെകൊച്ചിയില്‍ എത്തുമല്ലോ എന്ന സന്തോഷത്തിലാണ് പ്രിയപ്പെട്ടവര്‍.

Ads by Google
Ads by Google
LATEST NEWS
TRENDING NOW