Friday, March 13, 2026 Last Updated 5 Min 22 Sec ago English Edition
Todays E paper
Ads by Google
Friday 04 Apr 2025 09.23 AM

വഖഫ് ബില്‍: പ്രിയയേയും രാഹുലിനെയും വിമര്‍ശിച്ച് സുപ്രഭാതം ; വയനാട് എംപിയുടെ അസാന്നിദ്ധ്യം മായാത്ത കളങ്കം

uploads/news/2025/04/773973/priyanka-and-rahul.jpg

കോഴിക്കോട്: വഖഫ്ബില്‍ ഇരുസഭകളിലും പാസ്സായതിന് പിന്നാലെ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിക്കും വയനാട് എം.പി. പ്രിയങ്കാഗാന്ധിക്കും എതിരേ രൂക്ഷ വിമര്‍ശനമുയര്‍ത്തി സമസ്ത മുഖപത്രം. രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്ന ബില്ലില്‍ പ്രതിപക്ഷ നേതാവ് എന്തുകൊണ്ട് സംസാരിച്ചില്ലെന്നും മുസ്ലിങ്ങളുടെ ഭരണഘടനാ അവകാശങ്ങളില്‍ ബുള്‍ഡോസര്‍ ചെയ്യുമ്പോള്‍ പ്രിയങ്ക എവിടെ ആയിരുന്നുവെന്നും ചോദ്യമുയര്‍ത്തി സുപ്രഭാതം. വഖഫ് ചര്‍ച്ചയില്‍ ലോക്സഭയില്‍ വയനാട് എംപി സന്നിഹിതയായിരുന്നില്ല.

ഇനി നിയമപോരാട്ടത്തിന്റെ കാലമെന്ന തലക്കെട്ടോടെയുള്ള മുഖപ്രസംഗത്തിലാണ് ഇരു നേതാക്കളെയും വിമര്‍ശിച്ചിരിക്കുന്നത്. ലോക്സഭയില്‍ രാജ്യം ഏറെ പ്രതീക്ഷയോടെ നോക്കുന്ന വയനാട് എംപി പ്രിയങ്ക ഗാന്ധി വിപ് ലംഘിച്ച് പാര്‍ലമെന്റില്‍ എത്തിയില്ല. പ്രിയങ്കയുടെ അസാന്നിദ്ധ്യം കളങ്കമായെന്നും മുസ്ലിങ്ങളുടെ ഭരണഘടനാവകാശങ്ങള്‍ ബിജെപി ബുള്‍ഡോസര്‍ ചെയ്യുമ്പോള്‍ പ്രിയങ്കാ ഗാന്ധി എവിടെയായിരുന്നുവെന്ന ചോദ്യം എക്കാലത്തും മായാതെ നില്‍ക്കുമെന്നും സുപ്രഭാതം എഡിറ്റോറിയലില്‍ വിമര്‍ശിച്ചു.

വഖഫ് ബില്ലിനെ ശക്തമായി എതിര്‍ത്ത പ്രതിപക്ഷത്തോട് നന്ദി പറഞ്ഞതിന് ശേഷമാണ് പ്രിയങ്കയെയും രാഹുലിനെയും വിമര്‍ശിച്ചത്. ബില്ലിനെ ശക്തമായി എതിര്‍ത്ത പ്രതിപക്ഷ പാര്‍ട്ടികള്‍ക്ക് നന്ദിയും പറഞ്ഞിട്ടുണ്ട്. അര്‍ധരാത്രിക്കപ്പുറം നീണ്ട ചര്‍ച്ചയില്‍ ബില്ലിനെ ഇരുസഭകളിലും ശക്തിയുക്തം ചെറുക്കുകയും എതിര്‍ത്ത് വോട്ടുചെയ്യുകയും ചെയ്ത പ്രതിപക്ഷപ്പാര്‍ട്ടി നേതാക്കളോട് നന്ദിയുണ്ട്. വിജയിക്കാനായില്ലെങ്കിലും അവരുടെ യോജിപ്പും കഠിനാധ്വാനവും ചരിത്രം അടയാളപ്പെടുത്തും. ഓരോ വോട്ടും നിലപാട് പ്രഖ്യാപനമായിരുന്നു.

ഗൗരി ഗൊഗോയിയും കല്യാണ്‍ ബാനര്‍ജിയും അസദുദ്ദീന്‍ ഉവൈസിയും ഹൈബി ഈഡനും നടത്തിയ പ്രസംഗങ്ങള്‍ ബില്ലിലെ സര്‍ക്കാരിന്റെ ദുഷ്ടലാക്കിനെ തുറന്നുകാട്ടിയെന്നും പറയുന്നു. കെ സി വേണുഗോപാലും ഇ ടി മുഹമ്മദ് ബഷീറും എന്‍ കെ പ്രേമചന്ദ്രനും കെ രാധാകൃഷ്ണനുമെല്ലാം ബില്ലിലെ ഒളിയജന്‍ഡകള്‍ പുറത്തെടുത്തിട്ട് സര്‍ക്കാരിനെ കടിച്ചുകുടഞ്ഞെന്നും പറയുന്നു.

തൃണമൂല്‍ കോണ്‍ഗ്രസിന്റെയും ഡിഎംകെ അംഗങ്ങളുടെയും പ്രകടനങ്ങള്‍ ശ്രദ്ധേയമായിരുന്നു. രാജ്യസഭയിലും ഈ ചെറുത്തുനില്‍പ്പ് പ്രകടമായിരുന്നു. മുഖപത്രത്തില്‍ പറയുന്നു. ബാബരിക്കുശേഷം മുസ്ലിങ്ങള്‍ക്കും ഇന്ത്യന്‍ മതേതരത്വത്തിനുമെതിരേ സംഘപരിവാറിന്റെ ഭാഗത്തുനിന്നുണ്ടായ ഏറ്റവും വലിയ ആക്രമണങ്ങളിലൊന്നാണ് വഖ്ഫ് ബില്ലെന്നും ചൂണ്ടിക്കാട്ടി. ബില്ലിനെതിരേ പ്രതിപക്ഷ കക്ഷികളെ ഒന്നിച്ചു നിര്‍ത്താന്‍ കോണ്‍ഗ്രസ് പ്രയത്നിച്ചതായും മുഖപ്രസംഗത്തില്‍ വ്യക്തമാക്കുന്നു.

Ads by Google
Ads by Google
LATEST NEWS
TRENDING NOW