-->
ആലപ്പുഴ: പിണറായി വിജയനും എ കെ ബാലനും ടി പി രാമകൃഷ്ണനും ഇ പി ജയരാജനും, വൃന്ദ കാരാട്ടിനും മണിക് സര്‍ക്കാരിനും മറ്റ് പലര്‍ക്കും ഇളവ് നല്‍കുന്നതിനേക്കാള്‍ പാര്‍ട്ടിയില്‍ പ്രായ പരിധി എടുത്തു കളയുന്നതാണ് ഭംഗി എന്നു തോന്നുന്നെന്ന് സിപിഐഎമ്മിന്റെ മുതിര്‍ന്ന നേതാവ് ജി സുധാകരന്‍. പ്രായപരിധി കമ്മ്യൂണിസ്റ്റ് രീതി അല്ല എന്ന വ്യാപകമായ ആക്ഷേപം ഉയരുന്നതായും പറഞ്ഞു.
മധുരയില്‍ പാര്‍ട്ടിയുടെ പാര്‍ട്ടികോണ്‍ഗ്രസ് സമ്മേളനം നടന്നുകൊണ്ടിരിക്കെയാണ് ജി സുധാകരന്‍ ഫേസ്ബുക്ക് കുറിപ്പിലൂടെ വിമര്‍ശിച്ചത്. 1972 മുതല്‍ 15 പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പ്രതിനിധിയായി പങ്കെടുത്തിട്ടുണ്ടെന്നും തിരുവനന്തപുരം മുതല്‍ വടകര വരെ ധാരാളം പൊതു പരിപാടികളില്‍ സംബന്ധിക്കാന്‍ ക്ഷണം കിട്ടുകയും പങ്കെടുക്കുകയും ചെയ്തു കൊണ്ടിരിക്കുകയാണെന്നും തന്നെ സാധാരണ പാര്‍ട്ടി അംഗങ്ങള്‍ക്കും പൊതുസമൂഹത്തിനും മടുത്തിട്ടില്ലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ സൂചിപ്പിക്കുന്നുണ്ട്.
1972 ജൂണ്‍ 27 മുതല്‍ ജൂലൈ 2 വരെ മധുരയില്‍ നടന്ന ഒമ്പതാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇരുപത്തിരണ്ടാം വയസ്സു മുതല്‍ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസ് വരെ പ്രതിനിധിയായിരുന്നെന്നും അതില്‍ പതിമൂന്നിലും സംസ്ഥാന പ്രതിനിധിയായി സമ്മേളനത്തില്‍ പ്രസംഗിച്ചെന്നും കുറിപ്പില്‍ പറയുന്നു. ആദ്യമായി പങ്കെടുത്ത പാര്‍ട്ടി കോണ്‍ഗ്രസില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി ആയിരുന്ന തന്നെയും പങ്കെടുപ്പിക്കാന്‍ അന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയായിരുന്ന സ. സി എച്ച് കണാരന്‍, ജില്ലാ സെക്രട്ടറി സ. എന്‍ ശ്രീധരന്‍, സ. വി എസ് അച്യുതാനന്ദന്‍, സ. കെ ആര്‍ ഗൗരിയമ്മ എന്നിവരുടെ നേതൃത്വനിര ഉള്‍പ്പെടുത്തുകയായിരുന്നെന്നും കുറിപ്പിലുണ്ട്.
അന്ന് 22കാരനായ ഞാന്‍ പാര്‍ട്ടിയുടെ കൊല്ലം ജില്ലാ കമ്മിറ്റി അംഗവും ഇന്ത്യന്‍ വിദ്യാര്‍ത്ഥി ഫെഡറേഷന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറിയും ആയാണ് കേരളത്തില്‍നിന്ന് പ്രതിനിധി ആയിരുന്നത്. ഇത്രയധികം പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ പങ്കെടുത്തവരോ അതിലേറെ പങ്കെടുത്തവരോ ഇന്ന് ജീവിച്ചിരിക്കുന്നവര്‍ ചുരുക്കം. സ. വി എസ് അച്യുതാനന്ദന്‍, സ. കെ എന്‍ രവീന്ദ്രനാഥ്, സ. പാലൊളി മുഹമ്മദ് കുട്ടി, സ. വൈക്കം വിശ്വന്‍, സ. പിണറായി വിജയന്‍ എന്നിങ്ങനെ കൈവിരലില്‍ എണ്ണാവുന്നവര്‍ മാത്രമാണെന്നും പ്രായപരിധിയുടെ പേരില്‍ മൂന്നുവര്‍ഷം മുമ്പ് സംസ്ഥാന സമിതിയില്‍ നിന്നും ജില്ലാ കമ്മിറ്റി ബ്രാഞ്ചിലേക്ക് വന്നു. ഇപ്പോള്‍ അവിടെ സജീവമായി പ്രവര്‍ത്തിച്ചു വരികയാണെന്നും പറയുന്നു.
സി പി ഐ (എം) 64 ല്‍ രൂപീകരിച്ച ശേഷം നടന്ന പാര്‍ട്ടി കോണ്‍ഗ്രസുകളില്‍ 9 മുതല്‍ 23 വരെയുള്ള പാര്‍ട്ടി കോണ്‍ഗ്രസ്സുകളില്‍ പങ്കെടുത്തു. 15 എണ്ണം. അതില്‍ പതിമൂന്നിലും സംസ്ഥാന പ്രതിനിധിയായി സമ്മേളനത്തില്‍ പ്രസംഗിച്ചു. സ. എം വി രാഘവന്റെ ബദല്‍രേഖ കാലത്ത് നടന്ന കല്‍ക്കട്ട സമ്മേളനത്തില്‍ അതിനെ എതിര്‍ത്ത് കേരളത്തിന്റെ പേരില്‍ പ്രസംഗിച്ചു. കഴിഞ്ഞപ്പോള്‍ പ്രസംഗത്തിന്റെ കോപ്പിക്കായി ഇതര സംസ്ഥാന പ്രതിനിധികള്‍ തിരക്കുകൂട്ടി. സംഘാടകര്‍ കോപ്പിയെടുത്ത് നല്‍കുകയും ചെയ്തതായും പറയുന്നു. സാധാരണ പാര്‍ട്ടി സഖാക്കള്‍ക്കും ഇടതുപക്ഷക്കാര്‍ക്കും പൊതു സമൂഹത്തിനും തന്നെ മടുത്തിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.