-->
കൊച്ചി : മുനമ്പത്തെ ഭൂമി വിഷയത്തില്‍ സമരം 172- ാം ദിനം പിന്നിടുമ്പോഴാണ് പാര്‍ലമെന്റില്‍ വഖഫ് ഭേദഗതി ബില്‍ അവതരിപ്പിച്ചത്. ഇന്നലെയും മുനമ്പം സമരപ്പന്തലില്‍ നിരാഹാരം തുടര്‍ന്നു. സ്ത്രീകളടക്കം അമ്പതോളം പേരാണ് ഇന്നലെ സമരപ്പന്തലില്‍ അണിനിരന്നത്. മതേതരം ഭാരതം, മതഭരണം വേണ്ടേ വേണ്ട, മതനിയമം വേണ്ടേ വേണ്ട..എന്നിങ്ങനെയുള്ള മുദ്രാവാക്യങ്ങള്‍ വാനില്‍ ഉയര്‍ന്നു. ചരിത്രത്തിലെ പ്രധാനദിനമായിട്ടാണ് പാര്‍ലമെന്റിലെ ബില്‍ അവതരണത്തെ സമരക്കാര്‍ കാണുന്നത്.
2024 ഓഗസ്റ്റില്‍ പാസാക്കേണ്ടിയിരുന്ന വഖഫ് ഭേദഗതി ബില്‍ ആണ് ഇന്നലെ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. ബില്‍ പാസായാല്‍ തങ്ങളുടെ ഭൂമി പ്രശ്‌നത്തിനു ശാശ്വത പരിഹാരമാകുമെന്ന പ്രതീക്ഷയിലാണ് മുനമ്പത്തുകാര്‍. അതുകൊണ്ടാണ് സമരക്കാര്‍ ഭേദഗതി ബില്ലിനെ പിന്തുണയ്ക്കുന്നത്. അതിനിടെ, കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ വഖഫ് ഭേദഗതി ബില്ലിനെ അനുകൂലിക്കണമെന്ന് ക്രൈസ്തവ സംഘടനകള്‍ ആവശ്യപ്പെട്ടു. ഇക്കാര്യത്തില്‍ എം.പിമാരുടെ നിലപാട് ഭിന്നമാണ്. കോണ്‍ഗ്രസ്, സി.പി.എം ഭേദഗതി ബില്ലിനെ എതിര്‍ക്കുകയാണ്.
ഇതിനെതിരേ കെ.സി.ബി.സി. രംഗത്തുവന്നതോടെ വിവാദം കൊഴുത്തു. വഖഫ് ഭേദഗതി ബില്‍ ചര്‍ച്ചയ്ക്കു വരുമ്പോള്‍ ഭരണഘടനാനുസൃതമല്ലാത്ത അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യുന്നതിന് അനുകൂലമായി ജനപ്രതിനിധികള്‍ വോട്ടു ചെയ്യണമെന്ന് കെ.സി.ബി.സിക്കു വേണ്ടി കര്‍ദിനാള്‍ ക്‌ളിമീസ് കാതോലിക്ക ബാവ ആവശ്യപ്പെട്ടിരുന്നു. ബില്ലിനെ എം.പിമാര്‍ പിന്തുണയ്്ക്കണമെന്ന് കഴിഞ്ഞ മാര്‍ച്ച് 23 ന് കെ.സി.ബി.സി. വിളിച്ചുചേര്‍ത്ത യോഗത്തിലാണ് തീരുമാനമുണ്ടായത്. കേരള എം.പിമാര്‍ യുക്തമായ തീരുമാനമെടുക്കണമെന്നും അല്ലെങ്കില്‍ ജനങ്ങള്‍ തീരുമാനമെടുക്കുമെന്നുമുള്ള ശക്തമായ മുന്നറിയിപ്പ് കെ.സി.ബി.സി. വക്താവ് ഫാ. തോമസ് തറയില്‍ നല്‍കിയിരുന്നു.
സംസ്ഥാനത്ത് ഒട്ടെല്ലാ പാര്‍ട്ടികളും മുനമ്പം സമരക്കാരെ അനുകൂലിച്ച് രംഗത്തുവന്നിരുന്നു. പക്ഷേ, കേന്ദ്രം അവതരിപ്പിച്ച ഭേദഗതി ബില്ലിനെ ഇവര്‍ എതിര്‍ക്കുകയാണ്. സംസ്ഥാന സര്‍ക്കാര്‍ വച്ച കമ്മിഷനെ ഹൈക്കോടതി ഇടപെടലിലൂടെ മരവിപ്പിച്ചതോടെ ഈ നിലയ്ക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ നീക്കംഇല്ലാതായി. ക്രൈസ്തവ സംഘടനകളുടെ ശക്തമായ പിന്‍ബലത്തില്‍ സമരത്തെ മുന്നോട്ടുകൊണ്ടുപോകുകയാണ് മുനമ്പത്തുകാര്‍. 2022 ജനുവരിയിലാണ് മുനമ്പം നിവാസികള്‍ വഖഫ് നിയമത്തിന്റെ പിടിയില്‍ പെട്ടത്.
കരമടക്കാന്‍ സാധിക്കാതെ വന്നപ്പോഴാണ് കിടപ്പാടം നഷ്ടമാകുന്ന ബോധ്യം അവരില്‍ ഉണര്‍ന്നത്. ഭൂമി വഖഫ് ചെയ്യപ്പെട്ടിരിക്കുകയാണെന്നും ഉടമസ്ഥാവകാശം ഭൂവുടമകള്‍ക്കില്ലെന്നും റവന്യൂവകുപ്പില്‍ നിന്ന് വ്യക്തമായതോടെ സമരമല്ലാതെ മറ്റുപോംവഴികള്‍ ഇല്ലെന്നായി. പണം നല്‍കി ഭൂമി വാങ്ങിയവര്‍, തങ്ങള്‍ക്ക് കിടപ്പാടം നഷ്ടമാകുമെന്ന ഭീഷണിയുടെ നിഴലിലായി. 610 കുടുംബങ്ങളാണ് ഇവിടെ കഴിയുന്നത്. ഒടുവില്‍ കരം അടയ്ക്കാമെന്ന് വ്യവസ്ഥയായെങ്കിലും ഭൂമി വഖഫ് ചെയ്യപ്പെട്ടത് ഒഴിവാക്കി കിട്ടണമെന്നാണ് ആവശ്യം.