-->
കൊച്ചു പെൺകുട്ടിയായി ആരാധകര്‍ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടതു മുതൽ ബച്ചന്‍ കുടുംബത്തിലെ താരപുത്രി ആരാധ്യ ബച്ചൻ ശ്രദ്ധാകേന്ദ്രമാണ്. ഐശ്വര്യ റായിയുടെയും അഭിഷേക് ബച്ചന്റെയും കൊച്ചു രാജകുമാരി കാന്‍ഡിഡ് ലുക്കുകളും ആകർഷകമായ രൂപഭാവങ്ങളും കൊണ്ട് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞു നിന്നിട്ടുണ്ട്. ഐശ്വര്യ റായിയെ പോലെ ആരാധകര്‍ക്ക് ഏറെ സുപരിചിതയാണ് ആരാധ്യയും. എല്ലാ യാത്രകളിലും പരിപാടികളിലും ഐശ്വര്യയ്ക്കൊപ്പം മകളും കാണും. ബോളിവുഡിലെ മാതൃകാ അമ്മയെന്നാണ് ഐശ്വര്യ അറിയപ്പെടുന്നത്.
താരപുത്രിയുടെ ഹെയര്‍ സ്റ്റൈലും ഔട്ട്ഫിറ്റുകളും എന്നും വാര്‍ത്തകളില്‍ നിറഞ്ഞിട്ടുണ്ട്, അതിന്റെ പേരില്‍ വിമര്‍ശനങ്ങള്‍ വരുമ്പോള്‍ ഐശ്വര്യ മകളെ ചേര്‍ത്തു പിടിക്കാറുണ്ട്. അടുത്തിടെ സ്‌കൂളിന്റെ വാര്‍ഷിക ദിനത്തില്‍ ആരാധ്യ അഭിനയിച്ച നാടകം കാണാന്‍ ഐശ്വര്യയും അഭിഷേകും എത്തിയതും മകളുടെ കഴിവില്‍ അഭിമാനം കൊള്ളുന്നതുമൊക്കെ വാര്‍ത്തകളില്‍ നിറഞ്ഞതാണ്. മുതിര്‍ന്നവരെ ബഹുമാനിക്കാനും കുടുംബ ബന്ധങ്ങള്‍ക്ക് വിലകല്‍പ്പിക്കാനും പഠിപ്പിച്ചാണ് ഐശ്വര്യ മകളെ വളര്‍ത്തുന്നതെന്ന് ചില വീഡിയോകളിലൂടെ പ്രേക്ഷകര്‍ മനസ്സിലാക്കിയിട്ടുമുണ്ട്.
ഇപ്പോഴിതാ പൂനെയില്‍ ഒരു വിവാഹച്ചടങ്ങിനെത്തിയ ബച്ചന്‍ കുടുംബത്തിന്റെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വധുവരന്മാര്‍ക്കൊപ്പം അഭിഷേകും ഐശ്വര്യയും ആരാധ്യയും പോസ് ചെയ്ത ചിത്രങ്ങള്‍ ഏറ്റെടുക്കുകയാണ് ആരാധകര്‍. ചിത്രങ്ങളില്‍ ഏറ്റവുമധികം ശ്രദ്ധിക്കപ്പെടുന്നത് ആരാധ്യയുടെ ദേശി ഗേള്‍ ലുക്കാണ്. മനോഹരമായി അലങ്കരിച്ച വെളുത്ത ലെഹങ്കയാണ് ആരാധ്യ ധരിച്ചിരുന്നത്. ഷോര്‍ട്ട് സ്ലീവുള്ള ലെഹങ്ക ചെറിയ മുത്തുകള്‍ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ഫ്ലോറല്‍ മോട്ടീഫുകളും പേള്‍ വര്‍ക്കുമുള്ള ഷീര്‍ ദുപട്ടയാണ് താരപുത്രി ലെഹങ്കയ്ക്കൊപ്പം ധരിച്ചത്. കൈയിലൊരു പേള്‍ വളയും ഇണങ്ങുന്ന സിമ്പിള്‍ മാലയും ധരിച്ചിരുന്നു താരപുത്രി.
ഇന്ത്യന്‍ ലുക്കില്‍ മിനിമല്‍ മേക്കപ്പോടെ അതീവ സുന്ദരിയായി എത്തിയ കൗമാരക്കാരിയായ ആരാധ്യയുടെ ലുക്ക് ഏറെ ശ്രദ്ധിക്കപ്പെടുന്നുണ്ട്. അടുത്ത ബന്ധുവിന്റെ വിവാഹത്തില്‍ പങ്കെടുക്കാനാണ് താരകുടുംബം എത്തിയത്. പച്ച അനാര്‍ക്കലി സ്യൂട്ടില്‍ സുന്ദരിയായി ഐശ്വര്യയും ഇളം പീച്ച് നിറമുള്ള ഇന്‍ഡോ-വെസ്റ്റേണ്‍ സ്യൂട്ടില്‍ അഭിഷേകും ആരാധ്യയ്ക്കൊപ്പം ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നുണ്ട്.
കുറച്ചു നാളുകള്‍ക്ക് മുന്‍പ് അഭിഷേകും ഐശ്വര്യയും പിരിയാനൊരുങ്ങുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ പുറത്തു വന്നിരുന്നു. സോഷ്യല്‍ മീഡിയയില്‍ വിശേഷദിവസങ്ങളില്‍ ആശംസകള്‍ അറിയിക്കാതിരുന്നതും പൊതുച്ചടങ്ങുകളില്‍ ഒരുമിച്ചെത്താതിരുന്നതുമൊക്കെ വിവാഹമോചന വാര്‍ത്ത പ്രചരിക്കാനുള്ള കാരണം. എന്നാല്‍ വിവാഹമോചനത്തെക്കുറിച്ചുള്ള അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് ഐശ്വര്യ റായിയും അഭിഷേക് ബച്ചനും ഒരുമിച്ചുള്ള ചിത്രങ്ങള്‍ പുറത്തു വന്നിരുന്നു. ബന്ധുവിന്റെ വിവാഹച്ചടങ്ങളില്‍ താരകുടുംബം ഒരുമിച്ചെത്തിയതോടെ എല്ലാ വാര്‍ത്തകളും കെട്ടടിങ്ങിയിരിക്കുകയാണ്.