Saturday, March 14, 2026 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Monday 31 Mar 2025 01.01 PM

രാജീവ് ചന്ദ്രശേഖര്‍ കേരളാ രാഷ്ട്രീയത്തിലേക്കെത്തുമ്പോള്‍

uploads/news/2025/03/773183/rajjev-chandrasekhar.jpg

കൂട്ടിക്കിഴിക്കലുകള്‍ നിറഞ്ഞ അതീവ സങ്കീര്‍ണ്ണ പ്രക്രിയയാണ് രാഷ്ട്രീയം. ജാതി-മത-സാമൂഹ്യ ഘടകങ്ങളും പാര്‍ട്ടി സമവാക്യങ്ങളും നിറഞ്ഞ നിരന്തര പോരാട്ട ഭൂമി. രാജ്യത്തിനാവശ്യമായ വികസന പദ്ധതികള്‍ നടപ്പാക്കി ഭരണ നിര്‍വഹണ സംവിധാനങ്ങള്‍ നിയന്ത്രിക്കുന്ന രാഷ്ട്രീയ സംവിധാനത്തിലേക്ക് സാങ്കേതികവിദ്യ വിദഗ്ധനായ ഒരാളെത്തുമ്പോള്‍ അല്‍പ്പം കൗതുകത്തോടെ തന്നെ നമുക്ക് രാജീവ് ചന്ദ്രശേഖറിന്റെ കേരളാ രാഷ്ട്രീയ പ്രവേശനത്തെ കാണേണ്ടി വരും. തുടര്‍ച്ചയായ മൂന്നു തവണ നീണ്ട 18 വര്‍ഷത്തെ രാജ്യസഭാ അംഗമെന്ന പ്രവര്‍ത്തന പരിചയവും മൂന്നു വര്‍ഷത്തോളം നീണ്ട കേന്ദ്ര സഹമന്ത്രി പദവും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി നടത്തിയ അഞ്ചാഴ്ച നീണ്ട പ്രവര്‍ത്തനങ്ങളും രാജീവ് ചന്ദ്രശേഖറെന്ന വ്യക്തിയെ മലയാളിക്ക് പരിചയപ്പെടുത്തി നല്‍കുന്നുണ്ട്.

എന്നാല്‍ അദ്ദേഹത്തിന്റെ സാങ്കേതിക മേഖലയിലെ വൈദഗ്ധ്യങ്ങളടക്കം കൂടുതല്‍ സൂക്ഷ്മമായി കേരളം പ്രയോജനപ്പെടുത്തുകയാണെങ്കില്‍ സംസ്ഥാനത്തിന്റെ മുഖഛായ മാറ്റാന്‍ അദ്ദേഹത്തിനാകും. ടെക്‌നോക്രാറ്റ് പൊളിറ്റീഷ്യന്‍ എന്ന വാക്ക് അദ്ദേഹത്തിനായി ഉപയോഗിക്കേണ്ടിവരും.

ഇന്നത്തെ അതിവേഗ ഡിജിറ്റല്‍ യുഗത്തില്‍, അത്യാധുനിക സാങ്കേതികവിദ്യ, സംരംഭകത്വം, നയരൂപീകരണം എന്നീ മൂന്നു മേഖലകളിലും വിജയം നേടിയ വ്യക്തികള്‍ കുറവാണ്. എന്നാല്‍ ഇക്കാര്യത്തില്‍ രാജീവ് ചന്ദ്രശേഖര്‍ ഒരു അതുല്യ പ്രതിഭാശാലി തന്നെയാണെന്ന് സമ്മതിക്കേണ്ടി വരും. ഒരു ടെക്‌നോക്രാറ്റില്‍ നിന്ന് സംരംഭകനായി മാറിയ വ്യക്തി, ദീര്‍ഘവീക്ഷണമുള്ള നയതന്ത്രജ്ഞന്‍, ഇന്ത്യയുടെ ഡിജിറ്റല്‍ സ്വാശ്രയത്വത്തിന് വേണ്ടി നിരന്തരം വാദിക്കുന്ന വ്യക്തി എന്ന് വിശേഷണങ്ങള്‍ ഒക്കെ അദ്ദേഹത്തിന് ചേരുന്നതാണ്. ലോക ചിപ്പ് വ്യവസായത്തിന്റെ അവസാന വാക്കായ ഇന്റലിന്റെ ഏറ്റവും പ്രശസ്തമായ i486 പ്രോസസര്‍ രൂപകല്‍പ്പന ചെയ്യുന്നത് മുതല്‍ രാജ്യത്തിന്റെ ഡിജിറ്റല്‍ സമ്പദ്‌വ്യവസ്ഥയും ഭരണവും രൂപപ്പെടുത്തുന്നത് വരെ നീളുന്ന അദ്ദേഹത്തിന്റെ യാത്ര ശ്രദ്ധേയമാണ്.

1964 മെയ് 31 ന് ഗുജറാത്തിലെ അഹമ്മദാബാദില്‍ ജനിച്ച രാജീവ് ചന്ദ്രശേഖറിന്റെ പിതാവ് എയര്‍ കൊമ്മോഡോര്‍ എം കെ ചന്ദ്രശേഖറും അമ്മ വള്ളി ചന്ദ്രശേഖറുമാണ്. തൃശ്ശൂരിലെ സെന്റ് പോള്‍സ് കോണ്‍വെന്റ് സ്‌കൂളിലും ബംഗളൂരുവിലെ കേന്ദ്രീയ വിദ്യാലയത്തിലും സ്‌കൂള്‍ വിദ്യാഭ്യാസം നേടിയ ശേഷം അദ്ദേഹം മണിപ്പാല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് ഇലക്ട്രിക്കല്‍ എഞ്ചിനീയറിംഗില്‍ ബിരുദം നേടി. 1988ല്‍, ഷിക്കാഗോയിലെ ഇല്ലിനോയിസ് ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ടെക്‌നോളജിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ ബിരുദാനന്തര ബിരുദം നേടിയ രാജീവ് ചന്ദ്രശേഖര്‍, ഇന്റല്‍ കോര്‍പ്പറേഷനില്‍ കരിയര്‍ ആരംഭിച്ചു. അവിടെ കമ്പ്യൂട്ടിംഗ് പവറിന് പുതിയ മാനദണ്ഡങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് വിപ്ലവകരമായ i486 പ്രോസസര്‍ വികസിപ്പിച്ച എലൈറ്റ് ആര്‍ക്കിടെക്ചറല്‍ ടീമില്‍ ചേര്‍ന്നു പ്രവര്‍ത്തിച്ചു.

1991 ല്‍ ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ രാജീവ് ബിപിഎല്‍ ഗ്രൂപ്പില്‍ ചേരുകയും മൊബൈല്‍ ആശയ വിനിമയത്തിന്റെ അപാരമായ സാധ്യതകള്‍ തിരിച്ചറിയുകയും ചെയ്തു. 1994 ല്‍ അദ്ദേഹം ഇന്ത്യയിലെ ആദ്യത്തെ ടെലികോം സേവന ദാതാക്കളില്‍ ഒന്നായ ബിപിഎല്‍ മൊബൈല്‍ സ്ഥാപിച്ചു. ടെലിഫോണുകള്‍ ആഡംബരമായിരുന്ന ഒരു കാലത്ത് അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ബിപിഎല്‍ മൊബൈല്‍ കണക്റ്റിവിറ്റിയെ ജനകീയമാക്കി.

2005ല്‍ ബിപിഎല്‍ കമ്മ്യൂണിക്കേഷനിലെ ഓഹരികള്‍ എസ്സാര്‍ ഗ്രൂപ്പിന് 1.1 ബില്യണ്‍ ഡോളറിന് വിറ്റ രാജീവിന്റെ തീരുമാനം ഇന്ത്യയുടെ ടെലികോം ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്. തുടര്‍ന്ന് അദ്ദേഹം നിക്ഷേപ മേഖലയിലേക്ക് കടന്നു കൊണ്ട് ജൂപ്പിറ്റര്‍ ക്യാപിറ്റൽ സ്ഥാപിച്ചു. സാങ്കേതിക വിദ്യ, പ്രതിരോധം, മാധ്യമ മേഖല തുടങ്ങിയ ഉയര്‍ന്ന വളര്‍ച്ചയുള്ള മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സ്ഥാപനമാണത്.

2006ല്‍ രാജീവ് ചന്ദ്രശേഖര്‍ രാഷ്ട്രീയത്തിലേക്ക് ചുവടു മാറ്റം നടത്തി കര്‍ണാടകയില്‍ നിന്ന് രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ഇന്ത്യയുടെ സാങ്കേതിക, സാമ്പത്തിക പുരോഗതി രൂപപ്പെടുത്തുക എന്നതിലായിരുന്നു അദ്ദേഹത്തിന്റെ എംപിയെന്ന നിലയിലുള്ള പ്രവര്‍ത്തനങ്ങള്‍ കേന്ദ്രീകരിച്ചത്.

ശക്തമായ ഒരു ഡിജിറ്റല്‍ ആവാസവ്യവസ്ഥയ്ക്കുള്ള നയങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടു. ഇന്ത്യയുടെ സൈബര്‍ ആസ്തികള്‍ക്ക് ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ വേണമെന്ന് നിരന്തരം ആവശ്യപ്പെട്ടു. വിമുക്തഭടന്മാരുടെ അവകാശങ്ങളും ക്ഷേമവും ഉറപ്പാക്കാനും വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കാനുമായി നിരന്തരം വാദിച്ചു. സാമ്പത്തിക വളര്‍ച്ചയ്ക്കും ഉത്തരവാദിത്തത്തിനും വേണ്ടിയുള്ള പരിഷ്‌കാരങ്ങള്‍ പ്രോത്സാഹിപ്പിച്ചു.

2018 ല്‍ ഭാരതീയ ജനതാ പാര്‍ട്ടിയില്‍ ചേര്‍ന്ന് ഇന്ത്യയുടെ രാഷ്ട്രീയ രംഗത്ത് സജീവ സാന്നിധ്യം ഉറപ്പാക്കിയ രാജീവ് ചന്ദ്രശേഖര്‍ രണ്ടാം മോദി സര്‍ക്കാരിന്റെ കേന്ദ്രമന്ത്രിസഭയില്‍ അംഗമായി. 2021 ൽ ഇലക്ട്രോണിക്സ്, ഐടി, നൈപുണ്യവികസന വകുപ്പുകളുടെ സഹമന്ത്രിയായി നിയമിതനായ രാജീവ് ചന്ദ്രശേഖർ ഇന്ത്യയുടെ സാങ്കേതിക നയങ്ങൾ രൂപപ്പെടുത്തുന്നതിൽ നിർണ്ണായക പങ്ക് വഹിച്ചിട്ടുള്ള വ്യക്തിയാണ്. പിന്നാലെ ജലശക്തി വകുപ്പിൻ്റെ സഹമന്ത്രി സ്ഥാനവും അദ്ദേഹം വഹിക്കുകയുണ്ടായി.

2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരം സീറ്റില്‍ നിന്ന് മത്സരിച്ചതോടെയാണ് കേരളാ രാഷ്ട്രീയത്തിലേക്ക് അദ്ദേഹം എത്തിപ്പെടുന്നത്. ദേശീയ ജനാധിപത്യ സഖ്യത്തിന്റെ സംസ്ഥാന വൈസ് ചെയര്‍മാന്‍ എന്ന നിലയില്‍ പ്രവര്‍ത്തിച്ചിരുന്നുവെങ്കിലും തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലെ ആദ്യ അവസരത്തില്‍ തന്നെ എതിര്‍ സ്ഥാനാര്‍ത്ഥിയും സിറ്റിംഗ് എംപിയുമായ ശശി തരൂരിന് അദ്ദേഹം കടുത്ത വെല്ലുവിളി ഉയര്‍ത്തി. പരാജയപ്പെട്ടെങ്കിലും അദ്ദേഹത്തിന്റെ ജനകീയ മുഖം തിരുവനന്തപുരത്തെ പോരാട്ടത്തിലൂടെ ബിജെപി ദേശീയ നേതൃത്വവും തിരിച്ചറിഞ്ഞു. ഒടുവില്‍ ബിജെപിയുടെ സംസ്ഥാന അധ്യക്ഷ പദവിയിലേക്കും രാജീവ് ചന്ദ്രശേഖര്‍ നിയോഗിക്കപ്പെട്ടിരിക്കുകയാണ്. കേരളത്തില്‍ ബിജെപിയുടെ അടിത്തറ ശക്തിപ്പെടുത്തുന്നതിലും സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ ഭരണനിര്‍വ്വഹണത്തിലും അടിസ്ഥാന മേഖലയിലെ ഇടപെടലിലും അദ്ദേഹത്തിന്റെ പരിശ്രമങ്ങള്‍ ആരംഭിച്ചിരിക്കുന്നു.

സങ്കേതിക രംഗം, ബിസിനസ്, പാർലമെൻ്ററിയൻ, കേന്ദ്രമന്ത്രി തുടങ്ങി വൈവിധ്യമായ രംഗങ്ങളിൽ കാണിച്ച മികവ് സംസ്ഥാന രാഷ്ട്രീയത്തിലും കേരളത്തിൻ്റെ വികസന രംഗത്തും മുന്നേറ്റമുണ്ടാകാൻ അദ്ദേഹത്തിന് സഹായകമാകാനാണ് സാധ്യത.

Ads by Google
Ads by Google
LATEST NEWS
TRENDING NOW