-->
തിരുവനന്തപുരം: ഐബി ജീവനക്കാരി ട്രെയിന് മുന്നില്‍ ചാടി മരിച്ച സംഭവത്തില്‍ മലപ്പുറം സ്വദേശിക്കതിരേ കുടുംബം. മകള്‍ സാമ്പത്തീക ചൂഷണത്തിന് ഇരയായെന്നും മരണമടഞ്ഞ മേഘ ഇയാള്‍ക്ക് തന്റെ ഫെബ്രുവരിയിലെ ശമ്പളം നല്‍കിയെന്നും ഇക്കാര്യം അന്വേഷിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. മരിക്കുമ്പോള്‍ മകളുടെ അക്കൗണ്ടില്‍ ആകെയുണ്ടായിരുന്നത് വെറും 80 രൂപ മാത്രമായിരുന്നെന്നുമാണ് പിതാവ് മധുസൂദനന്‍ വ്യക്തമാക്കിയിരിക്കുന്നത്. പെണ്‍കുട്ടിയുടെ അക്കൗണ്ട് വിവരങ്ങള്‍ പോലീസിന് കൈമാറിയിട്ടുണ്ട്.
ഐബി ജീവനക്കാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം വേണമെന്നാണ് ആവശ്യപ്പെട്ട് നേരത്തേ ഐ ബിക്കും പേട്ട പൊലീസിനും കുടുംബം പരാതി നല്‍കിയിട്ടുണ്ട്. മാര്‍ച്ച് 24 നായിരുന്നു മേഘയെ പേട്ട സ്‌റ്റേഷന് സമീപം റെയില്‍വേട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മേഘ ഐബിയിലെ സഹപ്രവര്‍ത്തകനുമായി അടുപ്പത്തിലായിരുന്നു എന്നും യുവാവ് ബന്ധത്തില്‍ നിന്നും പിന്മാറിയതാണ് മേഘ ആത്മഹത്യ ചെയ്യുവാന്‍ കാരണമായതെന്നുമായിരുന്നു പോലീസ് നേരത്തെ കണ്ടെത്തിയത്.
ഫോണ്‍ വിളിച്ചുകൊണ്ടു നടക്കുന്നതിനിടയില്‍ ട്രെയിന്‍ വരുന്നത് കണ്ട് പെട്ടെന്ന് പാളത്തില്‍ കയറി തല കുറുകെ വെച്ച് കിടക്കുകയായിരുന്നു എന്നാണ് ലോക്കോപൈലറ്റ് നല്‍കിയിരുന്ന മൊഴി. ഫൊറന്‍സിക് സയന്‍സ് കോഴ്‌സ് പൂര്‍ത്തിയാക്കിയ മേഘ ഒരു വര്‍ഷം മുന്‍പാണ് എമിഗ്രേഷന്‍ ഐബിയില്‍ ജോലിയില്‍ പ്രവേശിക്കുന്നത്. പരിശോധനയില്‍ മൃതദേഹത്തിന് സമീപത്ത് നിന്ന് ബ്യുറോ ഓഫ് സിവില്‍ ഏവിയേഷന്റെ ഐ.ഡി കാര്‍ഡ് കണ്ടത്തിയതിനെ തുടര്‍ന്നാണ് ആളെ തിരിച്ചറിഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടന്നു വരികയാണ്.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. കടുത്ത മാനസീക സമ്മര്‍ദ്ദത്തില്‍ വിദഗ്ദ്ധരെ സമീപിക്കുക)