-->
മുഖവുര ആവശ്യമില്ലാത്ത ബന്ധവും സൗഹൃദവുമാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും തമ്മിലുള്ളത് . മലയാള സിനിമ കണ്ട എക്കാലത്തെയും മികച്ച സിനിമാ കൂട്ടുകെട്ടുകളിൽ ഒന്നാണ് ഇവരുടേത്. സിനിമാ സുഹൃത്ത് എന്നതിലുപരി, മോഹൻലാലിന്റെ നിഴലാണ് ആന്റണി പെരുമ്പാവൂര്‍. 1988-ൽ മോഹൻലാൽ അഭിനയിച്ച പട്ടണപ്രവേശം എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ , ആന്റണി സിനിമാ സംഘത്തിൽ താൽക്കാലിക ഡ്രൈവറായി ചേർന്നു, 22 ദിവസം നീണ്ടുനിന്ന ഷൂട്ടിംഗ് ഷെഡ്യൂളിൽ മോഹൻലാലിന്റെ ഡ്രൈവറായി ജോലി ചെയ്ത ശേഷം സ്വന്തം നാട്ടിലേക്ക് മടങ്ങി.
അന്നുമുതല്‍ ആന്റണി മോഹന്‍ലാലിനൊപ്പമുണ്ട്.
2000 ല്‍ മോഹന്‍ലാല്‍ ചിത്രങ്ങള്‍ മാത്രം നിര്‍മിക്കുന്ന ആശിര്‍വാദ് സിനിമാസ് എന്ന ചലച്ചിത്ര നിര്‍മാണ കമ്പനി ആന്റണി സ്ഥാപിച്ചു. നരന്‍ സിനിമ മുതല്‍ ഇപ്പോള്‍ എമ്പുരാന്‍ വരെ അദ്ദേഹം മോഹന്‍ലാലിനൊപ്പം ഉണ്ട്. 37 വര്‍ഷങ്ങളായി മോഹന്‍ലാലിനൊപ്പമുള്ള ആന്റണിക്ക് താരരാജാവിന്റെ കുടുംബവുമായും നല്ല അടുപ്പമാണ്. സ്വന്തം ചേച്ചിയെപ്പോലെ സുചിത്രയെയും മക്കളെന്ന പോലെ പ്രണവിനെയും വിസ്മയയെയും കരുതാറുണ്ട് ആന്റണി.
ഇപ്പോഴിതാ വിസ്മയയ്ക്ക് ജന്മദിനാശംസകള്‍ നേരുകയാണ് ആന്റണി പെരുമ്പാവൂര്‍. ‘‘ഹാപ്പി ബര്‍ത്ത്ഡേ മായക്കുട്ടി...’’ എന്ന് കുറിച്ചാണ് ആശംസകള്‍ നേരുന്നത്. ഒപ്പം മോഹന്‍ലാലിനും വിസ്മയയ്ക്കും പ്രണവിനുമൊപ്പമുള്ള ഒരു ത്രോ ബാക്ക് ചിത്രവും ആന്റണി പങ്കുവച്ചിട്ടുണ്ട്. മോഹന്‍ലാലിന്റെ ഒക്കത്തിരിക്കുന്ന കുഞ്ഞു വിസ്മയയെയും കൈക്കുള്ളില്‍ ചേര്‍ന്നു നില്‍ക്കുന്ന കുട്ടിപ്രണവിനെയും ചിത്രത്തില്‍ കാണാം.
പോസ്റ്റിനു താഴെ നിരവധി പേര്‍ കമന്റുകള്‍ കുറിക്കുന്നുണ്ട്. പലരും പ്രണവിന്റെയും വിസ്മയയുടെയും കുഞ്ഞുനാളിലെ ചിത്രം കണ്ട സന്തോഷത്തിലാണ്. ഒപ്പം എമ്പുരാന്‍ സിനിമയ്ക്ക് ആശംസകളും കുറിക്കുന്നുണ്ട് ആരാധകര്‍.