-->
കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ നടന്ന റാഗിങ്ങ് കേസില്‍ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും. അഞ്ച് പ്രതികളുള്ള കേസില്‍ 40 സാക്ഷികളും 32 രേഖകളുമാണ് ഉള്ളത്. ഇരകള്‍ കൊടുംക്രൂരതയ്ക്കാണ് പാത്രമായതെന്നും ജൂനിയര്‍ വിദ്യാര്‍ത്ഥികളായ ആറ് പേരെ അഞ്ച് പ്രതികള്‍ ചേര്‍ന്ന് നവംബര്‍ മുതല്‍ നാല് മാസം തുടര്‍ച്ചയായി ഉപദ്രവിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു.
സംഭവത്തില്‍ നാല്‍പ്പത്തഞ്ചാം ദിവസമാണ് അന്വേഷണം സംഘം ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം നല്‍കുന്നത്. ക്രൂരമായ റാഗിംഗില്‍ ഇരകള്‍ വേദനകൊണ്ട് പുളഞ്ഞപ്പോള്‍ പ്രതികള്‍ അത് കണ്ട് രസിക്കുകയും ആക്രമണത്തിന്റെ ദൃശ്യങ്ങള്‍ ഫോണില്‍ പകര്‍ത്തിയും പ്രതികള്‍ ആഘോഷിച്ചു.
പ്രതികളായ വിദ്യാര്‍ത്ഥികളുടെ കൈവശം മാരക ആയുധങ്ങള്‍ ഉണ്ടായിരുന്നുവെന്നും പ്രതികള്‍ സ്ഥിരം ലഹരി ഉപയോഗിക്കുന്നവരാണെന്നും വെന്ന് കുറ്റപത്രത്തില്‍ ചൂണ്ടിക്കാണിച്ചിട്ടുണ്ട്. പ്രതികളുടെ മൊബൈല്‍ ഫോണില്‍ നിന്ന് റാഗിങ്ങിന്റെ കൂടുതല്‍ തെളിവുകള്‍ കണ്ടെത്തി. ഒരു വിദ്യാര്‍ത്ഥിയെ ക്രൂരമായി ഉപദ്രവിക്കുന്ന ദൃശ്യങ്ങളാണ് കേസില്‍ നിര്‍ണായക തെളിവാകുക. പ്രതികള്‍ തന്നെ പകര്‍ത്തിയ ദൃശ്യങ്ങളുടെ ശാസ്ത്രീയ പരിശോധന നടത്തിയെന്നും പൊലീസ് കുറ്റപത്രത്തില്‍ പറയുന്നു. ലഹരി ഉപയോഗത്തിന് ഇരകളില്‍ നിന്നുമായിരുന്നു പ്രതികള്‍ പണം കണ്ടെത്തിയിരുന്നത്.
റാഗിംഗ് പുറത്തുപറയാതിരിക്കാന്‍ ശക്തമായി ഭീഷണിപ്പെടുത്തിയിരുന്നു. ഹോസ്റ്റലിലെ റാഗിംഗിന്റെ വിവരം കോളേജ് അധികൃതര്‍ക്കോ ഹോസ്റ്റല്‍ ചുമതലക്കാര്‍ക്കോ അറിയില്ലായിരുന്നു. കേസിലെ അഞ്ച് പ്രതികള്‍ക്കും ഹൈക്കോടതി അടക്കം ജാമ്യം നിഷേധിച്ചിരിക്കുകയാണ്്.