Saturday, March 14, 2026 Last Updated 2 Min 34 Sec ago English Edition
Todays E paper
Ads by Google
Monday 24 Mar 2025 06.22 PM

തൃശൂരില്‍ പരീക്ഷയുടെ അവസാന ദിനം സ്കൂളുകൾക്ക് പോലീസ് സംരക്ഷണം ; ഫർണിച്ചറും ഫാനും നശിപ്പിച്ചാൽ കടുത്ത നടപടി

തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 89 പരീക്ഷാകേന്ദ്രങ്ങളിലായി ആകെ 9,945 കുട്ടികളാണ് ഇക്കൊല്ലം പരീക്ഷയെഴുതുന്നത്.
uploads/news/2025/03/771735/police-jeep.gif
photo - facebook

തിരുവനന്തപുരം : എസ്എസ്എല്‍സി പരീക്ഷ അവസാനിക്കുന്ന മാര്‍ച്ച് 26ന് കുട്ടികളുടെ ആഹ്‌ളാദ പ്രകടനങ്ങള്‍ അതിരുവിട്ട് പോകാതിരിക്കാന്‍ ജാഗ്രതാ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ അറിയിച്ചു. തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ പരിധിയില്‍പ്പെട്ട ചില സ്‌കൂളുകളില്‍ കുട്ടികള്‍ തമ്മിലുളള അടിപിടിയും അനിഷ്ടസംഭവങ്ങളും വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ പ്രിന്‍സിപ്പല്‍മാര്‍ക്കും പ്രധാനാധ്യാപകര്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ജില്ലയില്‍ പ്രശ്ന സാധ്യതയുള്ള അഞ്ച് സ്‌കൂളുകളെ പ്രത്യേകം തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്‍ വര്‍ഷങ്ങളില്‍ പല സ്‌കൂളുകളിലും ഫര്‍ണിച്ചര്‍, ഫാന്‍ തുടങ്ങിയവ നശിപ്പിക്കുക, പടക്കം പൊട്ടിക്കുക, തമ്മില്‍ തല്ലുണ്ടാക്കുക, വാഹനങ്ങള്‍ക്കു കേടുപാടുകള്‍ ഉണ്ടാക്കുക തുടങ്ങിയ പ്രവണതകള്‍ ഉണ്ടായിരുന്നു. ഇത്തരം പ്രവൃത്തികളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകും. സ്‌കൂള്‍ ഗേറ്റിനുപുറത്ത് തൊട്ടടുത്ത പോലീസ് സ്റ്റേഷനില്‍ നിന്നുള്ള സംരക്ഷണമുണ്ടാകും. പരീക്ഷ അവസാനിക്കുന്ന സമയത്ത് സ്‌കൂളുകളിലെത്താന്‍ എല്ലാ സ്‌കൂളുകളിലേയും പിടിഎ എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങള്‍ക്കും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

അമിത ആഹ്‌ളാദ പ്രകടനങ്ങള്‍ നടത്തി സ്‌കൂള്‍ സാമഗ്രികള്‍ നശിപ്പിച്ചാല്‍, ചെലവു മുഴുവന്‍ രക്ഷിതാവില്‍ നിന്നും ഈടാക്കിയ ശേഷമേ വിടുതല്‍ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കുകയുളളൂവെന്നും ഡിഇഒ അറിയിച്ചു. ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ നേതൃത്വത്തിലുളള മൂന്ന് പ്രത്യേക സ്‌ക്വാഡുകള്‍ ജില്ലയില്‍ ഉടനീളം പരിശോധന നടത്തിവരുന്നു. ഇതുവരെ നടന്ന പരീക്ഷകളിലൊന്നും തന്നെ ക്രമക്കേടുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. കഴിഞ്ഞ വര്‍ഷം പരീക്ഷാ ഹാളില്‍ ഇന്‍വിജിലേറ്റര്‍മാരായ ചില അധ്യാപകരില്‍ നിന്നും മൊബൈല്‍ പിടിച്ചെടുത്തതിനെതുടര്‍ന്ന് അച്ചടക്ക നടപടികള്‍ സ്വീകരിച്ചിരുന്നു. എന്നാല്‍, ഈ വര്‍ഷം മൊബൈല്‍ ഫോണിന്റെ കാര്യത്തില്‍ അധ്യാപകര്‍ ജാഗ്രത പുലര്‍ത്തിയതായി ഡിഇഒ വിലയിരുത്തി. തൃശ്ശൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 89 പരീക്ഷാകേന്ദ്രങ്ങളിലായി ആകെ 9,945 കുട്ടികളാണ് ഇക്കൊല്ലം പരീക്ഷയെഴുതുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW