-->
തിരുവനന്തപുരം: ബിജെപിയുടെ വോട്ടുഷെയര്‍ ഉയര്‍ത്തുക എന്നതാണ് പ്രാഥമികമായ ലക്ഷ്യമെന്നും ബിജെപിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സംസ്ഥാന അദ്ധ്യക്ഷനായി തെരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെ നടത്തിയ അഭിസംബോധനയിലാണ് ഇക്കാര്യം പറഞ്ഞത്. പുതിയ ഉത്തരവാദിത്വം അഭിമാനവും സന്തോഷവും നല്‍കുന്നതാണെന്നും പ്രവര്‍ത്തകരുടെ പേരില്‍ സ്ഥാനം ഏറ്റെടുക്കുന്നതായും അദ്ദേഹം പറഞ്ഞു. കേരളത്തിന്റെ തെരഞ്ഞെടുപ്പ് ചുമതലയുള്ള പ്രഹ്‌ളാദ് ജോഷിയായിരുന്നു പ്രഖ്യാപനം നടത്തിയത്.
തന്റെ മിഷന്‍ 2026 പദ്ധതി വെളിപ്പെടുത്തിയ രാജീവ് ചന്ദ്രശേഖര്‍ കേരളത്തിലെ വികസന കാഴ്ചപ്പാട് മുന്നില്‍ വെച്ചുകൊണ്ടുള്ള പ്രസംഗമായിരുന്നു നടത്തിയത്. കേരളത്തില്‍ വളരെയധികം വികസന സാധ്യതകളുണ്ട്. എന്നാല്‍ കേരളത്തില്‍ വികസനമുരടിപ്പാണെന്നും യുവാക്കള്‍ക്ക് നാടുവിട്ടുപോകേണ്ട സ്ഥിതിയാണെന്നും പറഞ്ഞു. കേരളം വളരണം, നിക്ഷേപങ്ങള്‍ കൂടണം, യുവാക്കള്‍ക്ക് മികച്ച അവസരം ലഭിക്കണമെന്നും കേരളം മാറേണ്ടത് ബിജെപിയുടെ ദൗത്യമാണെന്നും പറഞ്ഞു. രണ്ടുമുന്നണികളും കൂടി കേരളത്തെ ഈ അവസ്ഥയിലാക്കി.
കേരളത്തില്‍ എന്‍ഡിഎ യെ അധികാരത്തില്‍ എത്തിക്കുകയാണ് ലക്ഷ്യം. നോക്കുകൂലിയുള്ള കേരളമല്ല വരേണ്ടത്. നിക്ഷേപവും തൊഴിലുകളുമുള്ള കേരളമാണ് ഉണ്ടാകേണ്ടത്. ഇനി കേരളത്തിന് വേണ്ടത് വികസന രാഷ്ട്രീയമാണ്. അവസരങ്ങള്‍ ഇല്ലെങ്കില്‍ യുവാക്കള്‍ ഇവിടെ നില്‍ക്കില്ല. മാറ്റം വരണമെങ്കില്‍ കേരളത്തില്‍ എന്‍ഡിഎ വരണം. ബിജെപി വരണം കേരളം വളരണം ബിജെപി സ്വപ്നങ്ങള്‍ ഓരോവീടുകളിലും എത്തിക്കണമെന്നും പറഞ്ഞു. കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തന്നോട് തിരുവനന്തപുരത്ത് മത്സരിക്കാന്‍ ആവശ്യപ്പെട്ടത് അപ്രതീക്ഷിതമായിരുന്നു. മൂന്നരലക്ഷം വോട്ട് തനിക്ക് പെട്ടെന്ന് നേടിത്തന്നത് ബിജെപി പ്രവര്‍ത്തകരാണെന്നും പറഞ്ഞു.
രാജീവ് ചന്ദ്രശേഖരന്‍ ബിജെപിയുടെ പുതിയ സംസ്ഥാന അദ്ധ്യക്ഷനായി ഔദേ്യാഗികമായി ചുമതലയേറ്റതിന് പിന്നാലെ 30 അംഗ ദേശീയ കൗണ്‍സിലിനെയും പ്രഖ്യാപിച്ചു സംസ്ഥാന ബിജെപി. സംസ്ഥാന അദ്ധ്യക്ഷ പദവി ഒഴിഞ്ഞ കെ. സുരേന്ദ്രനും ശോഭാസുരേന്ദ്രനും ദേശീയകൗണ്‍സിലില്‍ ഉള്‍പ്പെട്ടു. പത്മജാവേണുഗോപാല്‍, പി.സി. ജോര്‍ജ്ജ്, സുരേഷ്‌ഗോപി, സി കൃഷ്ണകുമാര്‍, പി.കെ. കൃഷ്ണദാസ്, രാജഗോപാല്‍, ജോര്‍ജ്ജ് കുര്യന്‍, അനില്‍ ആന്റണി, എ.എന്‍ രാധാകൃഷ്ണന്‍ തുടങ്ങിയവരടക്കം 30 പേരാണ് ദേശീയ കൗണ്‍സിലില്‍ ഉള്‍പ്പെട്ടിരിക്കുന്നത്.