-->
അമേരിക്കയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന രജനീ മാസികയ്ക്ക് വേണ്ടി തോപ്പിൽഭാസിയുടെ ഒളിവിലെ ഓർമ്മകളുടെ ലക്കങ്ങൾ വാങ്ങാൻ ആശാന്റെ വീട്ടിൽ ചെല്ലുമ്പോഴാണ് പി എസ് കുമാറിനെ ഞാൻ ആദ്യം പരിചയപ്പെടുന്നത് സൗഹൃദം പിന്നിട് ബഹുമാനമായി.
എന്റെ ആദ്യ സിനിമ കഴിഞ്ഞപ്പോഴാണ് സുഹൃത്ത് ക്യാമറാമാൻ നൗഷാദ്, പിഎസ്സുമായി വന്നത്. " ലൈഫ് സ്റ്റൈൽ " എന്ന സിനിമ ഞങ്ങൾ ആരംഭിച്ചു. പക്ഷേ നിർമ്മാതാവിന്റെ മരണത്തെ തുടർന്ന് ചിത്രം ഉപേക്ഷിച്ചു. പിന്നീട് ഞാൻ ഒന്ന് രണ്ട് സിനിമകൾ ചെയ്തു. ഉത്തരച്ചെമ്മീൻ എന്ന സിനിമക്ക് ഡയലോഗ് എഴുതാൻ വന്ന PS പിന്നീട് തിരക്കഥയും രചിച്ചു.
മ്യൂസിക് ഡയറക്ടർ ബിനു ആനന്ദിന്റെ സുഹൃത്തായ ഹരി സാർ ആയിരുന്നു ചിത്രത്തിന്റെ നിർമ്മാതാവ്. ഹരിഹരൻപിള്ള ഹാപ്പിയാണ് എന്ന സിനിമ അദ്ദേഹം കണ്ടിരുന്നതുകൊണ്ട് തന്നെ പി എസ് കുമാർ തിരക്കഥ എഴുതുന്നതിൽ അദ്ദേഹം വളരെ സന്തോഷവാനായിരുന്നു .
ഒരു കാരണവരുടെ സ്ഥാനത്ത് ലൊക്കേഷന്റെ കാര്യങ്ങൾ നിയന്ത്രിച്ചിരുന്നത് PS ആയിരുന്നു. അതുകൊണ്ട തന്നെ കടപ്പുറത്തെ ചിത്രീകരണത്തിന് തടസമുണ്ടായില്ല. "കടൽ പൊന്ന് " എന്ന സീരിയലിനു വേണ്ടിയായിരുന്നു PS ആദ്യമായി തിരക്കഥ രചിച്ചത്. ദേശീയ അവാർഡ് നേടിയ ശാന്തം സിനിമയുടെ കഥ കുമാറിന്റെതാണ്. ഹരിഹരൻ പിള്ള ഹാപ്പിയാണ്, വിനയപൂർവം വിദ്യാധരൻ, ഹർത്താൽ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥയും കുമാർ എഴുതിയതാണ്.
"ഉത്തര ചെമ്മീന്റെ " വിജയത്തിന് ശേഷം ഞങ്ങൾ മാർത്താണ്ഡവർമ്മയുടെ ജീവിത കഥ സിനിമയാക്കുന്നതിനെക്കുറിച്ച് ചിന്തിച്ചു. പി.എസ്സ തിരക്കഥ ഒരുക്കുകയും ചെയ്തു ബിസിനസിൽ ഉണ്ടായ ചില മാറ്റങ്ങൾ മൂലം ഹരിസാറിന് ചിത്രം മാറ്റിവെക്കേണ്ടി വന്നു. ഒറ്റപ്പാലത്തുള്ള മുജീബ് റഹ്മാൻഎന്ന ഒരാൾ ചിത്രം നിർമ്മിക്കാൻ വന്നെങ്കിലും അതിലെ പ്രധാന വേഷം അദ്ദേഹത്തിന് കൈകാര്യം ചെയ്യണമെന്നു പറഞ്ഞതോടെ ഞാൻ പ്രോജക്ട് വിട്ടു.
തുടർന്ന് സേനൻ പള്ളാശ്ശേരി സംവിധാന ചുമതല ഏറ്റു. പൂജ നടന്നെങ്കിലും ഷൂട്ടിംഗ് ഉണ്ടായില്ല . അടുത്തകാലത്ത് ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി ജിനുവിന്റെ നിർദ്ദേശാനുസരണം പി.എസ്സിനെ സന്ദർശിച്ചു. ഏറെനേരത്തെ സൗഹൃദ സംഭാഷണത്തിന് ശേഷം അദ്ദേഹം ഒരു തിരക്കഥ എന്നെ ഏൽപ്പിച്ചു. ഇത് നമുക്ക് ചെയ്യണം എന്റെ വലിയ ഒരാഗ്രഹമാണ് എന്നു പറഞ്ഞു. ഹരിസാറിനെ കണട്ടെ എന്ന് പറഞ്ഞ് യാത്രയായി.
ഇന്നലെ ഹാരിസ് പനക്കൽ PSപോയി എന്നു പറഞ്ഞു. നാടക രംഗത്തെ അതികായനായിരുന്നു PS. തോപ്പിലാശാന്റെ അച്ചടക്കം തന്റെ ജീവിതത്തിലും സൂക്ഷിക്കാൻ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. നാടക സിനിമ രംഗത്തെ വേറിട്ട സ്വഭാവത്തിന്റെ ഉടമയായിരുന്നു Ps. ചെയ്യുന്ന തൊഴിലിനോട് അർപ്പണ ബോധമുള്ളയാളായിരുന്നു അദ്ദേഹം.
വിഷസർപ്പത്തിന് വിളക്കുവയ്ക്കരുത്, മുക്കവനും ഭൂതവും എന്നീ നാടകങ്ങൾ ഒക്കെ എഴുതി പ്രശസ്ത നിൽക്കുന്ന കാലത്ത് Psനോട് മലയാള സിനിമയിലെ ഇപ്പോഴുമുള്ള പ്രശസ്തയായ ഒരു നടിക്ക് പ്രണയം തോന്നി. പക്ഷെ ആ കുട്ടിയോടു അദ്ദേഹം പറഞ്ഞു; ‘നിനക്ക് വെറും 14 വയസ്സ് മാത്രമേയുള്ളൂ . കാര്യങ്ങളെക്കുറിച്ച് ചിന്തിക്കുക കുടുംബം നോക്കുക പിന്നീട് വിവാഹത്തെക്കുറിച്ച് ചിന്തിക്കുക’. ആ കുട്ടിയെ കാര്യങ്ങൾ പറഞ്ഞു ബോധ്യപ്പെടുത്തി. പി.എസ്സ് വിവാഹം കഴിച്ചതും നാടകത്തിനു വേണ്ടിയായിരുന്നു.
നാടകത്തിലെ പ്രധാനനടിയും നാടകസമിതിയും തമ്മിൽ ഉണ്ടായ ഒരു പ്രശ്നത്തെ തുടർന്ന് മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയ Psനോട് നടിയുടെ അമ്മ പറഞ്ഞു, ഇവിടെ നിന്നാൽ എന്റെ മോൾക്ക് ഒരു വിവാഹം നടക്കില്ല. നടി പോയാൽ നാടകം മുടങ്ങും. പി. എസ്സ് ഉച്ചത്തിൽ പറഞ്ഞു . ഞാൻ നിങ്ങളുടെ മകളെ വിവാഹം കഴിക്കും. അവസാനം വരെ ജയ ചേച്ചി ഒപ്പമുണ്ടായിരുന്നു.
സിനിമകൾക്ക് നാടകങ്ങൾക്കും തിരക്കഥ ഒരുക്കിയിരുന്നെങ്കിലും പ്രതിഫലമായി കിട്ടിയത് പലപ്പോഴും പുഞ്ചിരിയും സൗഹൃദങ്ങളും മാത്രമായിരുന്നു. ഇടതുപക്ഷ സഹയാത്രികനായ പി.എസ്സ് കണക്കു പറയുമായിരുന്നില്ല. ഗുരു പൂജ പുരസ്കാര ത്തിന് ശ്രമിക്കണമെന്ന് പറഞ്ഞിട്ടും താൽപ്പര്യം കാണിച്ചില്ല പുന്നപ്ര വയലാർ രക്ത സാക്ഷി മണ്ഡപത്തിൽ തലേ ദിവസം പോകും ഇങ്കുലാബ് വിളിക്കും. യാത്ര ചെയ്യാൻ വയ്യതായതോടെ അതും മുടങ്ങി .
മകന്റെ പെട്ടെന്നുള്ള മരണം അദ്ദേഹത്തെ തളർത്തി. ചേർത്തല മനോരമ കവലയിലെ വാടക വീട്ടിൽ സിനിമാ എഴുത്തു സംഘടനയുടെ പെൻഷനും കാത്തിരിക്കുമ്പോൾ സിനിമാ നാടക പ്രവർത്തകരാരും തിരിഞ്ഞു നോക്കിയില്ല. ഹാരിസ്, പ്രദീപ് തുടങ്ങിയ രാഷ്ട്രീയ സുഹൃത്തുക്കൾ മാത്രമായിരുന്നു സന്ദർശകർ. മരടിലെ ശാന്തി വനത്തിൽ പി.എസ്സ് എരിഞ്ഞടങ്ങുന്നു...