-->
തിരുവനന്തപുരം: ആശാവര്‍ക്കര്‍മാരുടെ സമരം ശക്തമായി മുമ്പോട്ട് പോകുമ്പോള്‍ നിരാഹാരസമരം ഇന്ന് രണ്ടാം ദിവസത്തിലേക്ക്. രാപ്പകല്‍സമരം നാല്‍പ്പതാം ദിവസത്തിലേക്ക് കടന്നിരിക്കെ എം.എ.ബിന്ദു, കെ.പി. തങ്കമണി, ആര്‍.ഷീജ എന്നിവരാണ് നിരാഹാരം കിടക്കുന്നത്. ആശാസമരത്തിന്റെ പശ്ചാത്തലത്തില്‍ സിഐടിയുവും ഇന്ന് കേന്ദ്രസര്‍ക്കാരിനെതിരേ പ്രതിഷേധവുമായി വന്നിട്ടുണ്ട്.
ആശമാരെ തൊഴിലാളികളായി അംഗീകരിക്കുക, മിനിമം വേതനം 26,000 രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേന്ദ്രത്തിനെതിരെ സിഐടിയു ഇന്ന് ദേശവ്യാപകമായി പ്രതിഷേധം നടത്തുകയാണ്. തിരുവനന്തപുരത്ത് പോസ്റ്റ്ഓഫീസിലേക്ക് മാര്‍ച്ചും സംഘടിപ്പിച്ചിട്ടുണ്ട്. അതിനിടയില്‍ ഡല്‍ഹിയില്‍ കേന്ദ്ര ആരോഗ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് പോയെങ്കിലും വീണാജോര്‍ജ്ജിനും കാര്യമായി ഒന്നും ചെയ്യാനായില്ല. വീണാജോര്‍ജ്ജിന് ആരോഗ്യമന്ത്രിയുമായി കൂടിക്കാഴ്ചയ്ക്ക് ഉടന്‍ അനുമതി കിട്ടിയേക്കാന്‍ സാധ്യത ഇല്ലെന്നും പറയുന്നു.
പാര്‍ലമെന്റ് സമ്മേളനം നടക്കുന്ന സാഹചര്യമാണ് പ്രതിസന്ധിയാകുന്നത്. കൂടിക്കാഴ്ചക്ക് അനുമതി തേടി കത്ത് ലഭിച്ചത് ബുധനാഴ്ച രാത്രിയെന്നാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്. അതേസമയം അപേക്ഷ ചൊവ്വാഴ്ച രാത്രി തന്നെ നല്‍കിയെന്നാണ് ആരോഗ്യ മന്ത്രി വീണാജോര്‍ജ്ജ് കഴിഞ്ഞദിവസം പറഞ്ഞത്. ഓണറേറിയത്തിന്റെ കാര്യത്തില്‍ തീരുമാനം എടുക്കേണ്ടത് കേന്ദ്ര ആരോഗ്യമന്ത്രാലയം ആണെന്നാണ് വീണാജോര്‍ജ്ജ് നേരത്തെ സമരസമിതി നേതാക്കളുമായി നടന്ന ചര്‍ച്ചയ്ക്ക് ശേഷം വ്യക്തമാക്കിയത്.