-->
കൊല്ലം: വിദ്യാര്‍ഥിയെ കുത്തിക്കൊലപ്പെടുത്തിയ ശേഷം പ്രതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ വിവാഹം കഴിക്കണമെന്ന ആവശ്യവുമായി ആത്മഹത്യ ചെയ്ത തേജസ് നിരന്തരം മകളെ ശല്യപ്പെടുത്തിയിരുന്നതായി മാതാവിന്റെ മൊഴി. കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ വീടിനുള്ളില്‍ ഒഴിച്ച ശേഷമായിരുന്നു ആക്രമണം നടത്തിയതെന്നും ഫെബിന്റെ മാതാവ് നല്‍കിയ മൊഴിയില്‍ പറയുന്നു.
മകന്‍ ഫെബിനെ കൊലപ്പെടുത്തിയ തേജസ്‌രാജിനെ നേരത്തേ തന്നെ അറിയാമായിരുന്നെന്നും ഇയാളെ മകള്‍ക്ക് ഇഷ്ടമല്ലായിരുന്നെന്നും മാതാവ് ഡെയ്‌സി പറയുന്നു. രണ്ടു കുടുംബങ്ങളും തമ്മില്‍ പരിചയമുണ്ടായിരുന്നു. തേജസ് മകള്‍ക്കൊപ്പം പഠിച്ചിട്ടുണ്ട്. തേജസിനെ വിവാഹം കഴിക്കാന്‍ മകള്‍ക്ക് താല്‍പര്യം ഇല്ലായിരുന്നു. ഇക്കാര്യം തേജസിനോട് പറഞ്ഞിരുന്നുവെന്നും അമ്മ പറയുന്നു. തേജസ് പെണ്‍കുട്ടിയെ നിരന്തരം ശല്യം ചെയ്തിരുന്നു. ഇതിനെതിരേ ഫെബിന്‍ താക്കീതും നല്‍കിയിരുന്നു.
കയ്യിലൊരു കത്തിയുമായി തിങ്കളാഴ്ച വൈകിട്ട് 6.48ഓടെയാണ് 22കാരനായ തേജസ് രാജു വാഗണ്‍ ആര്‍ കാറില്‍ ഫെബിന്റെ വീട്ടിലേക്കെത്തിയത്. രണ്ട് കുപ്പി പെട്രോളും തേജസ് കയ്യില്‍ കരുതിയിരുന്നു. ഫെബിന്റെ ദേഹത്തേക്ക് പെട്രോള്‍ ഒഴിക്കാനാണ് തേജസ് ആദ്യം ശ്രമിച്ചതെന്നാണ് വിവരം. ്എന്നാല്‍ ഇതിനിടെ ഫെബിന്റെ പിതാവ് പുറത്തേക്കിറങ്ങി വന്നതോടെയാണ് പെട്രോള്‍ ഒഴിക്കാനുള്ള തീരുമാനം മാറ്റി. പിന്നാലെ ഫെബിന്റെ നെഞ്ചില്‍ കുത്തുകയായിരുന്നു. തടയാന്‍ ശ്രമിച്ച പിതാവ് ജോര്‍ജ് ഗോമസിനും ആക്രമണത്തില്‍ പരിക്കേറ്റു.
പിന്നീട് കത്തി ഉപേക്ഷിച്ച് കാറില്‍ കയറി തേജസ് രക്ഷപ്പെട്ടു. മൂന്ന് കിലോമീറ്ററോളം കാറോടിച്ച് ചെമ്മാന്‍മുക്ക് റെയില്‍വേ ഓവര്‍ബ്രിഡ്ജിന് താഴെയെത്തി. ഇവിടെ വാഹനം നിര്‍ത്തി തേജസ് കൈഞരമ്പ് മുറിച്ച ശേഷം പുറത്തേക്ക് ഇറങ്ങി. ഉടനെ തന്നെ വന്ന ട്രെയിനിന് മുന്നിലേക്ക് എടുത്തുചാടി ജീവനൊടുക്കുകയായിരുന്നു.
ഫെബിന്റെയും തേജസ് രാജിന്റെയും പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടക്കും. കുത്തേറ്റ ഫെബിന്റെ പിതാവ് ഗോമസ് തീവ്രപരിചരണ വിഭാഗത്തില്‍ തുടരുകയാണ്. ഉടന്‍ തന്നെ ഗോമസിന്റെ വിശദമായ മൊഴി പൊലീസ് രേഖപ്പെടുത്തും. ബന്ധം തുടരാന്‍ താല്‍പ്പര്യമില്ലെന്ന് പെണ്‍കുട്ടി നിലപാട് എടുത്തത് തേജസിനെ മാനസീകമായി തകര്‍ത്തിരിക്കാമെന്നും പോലീസ് കരുതുന്നു.