-->
ചേര്‍ത്തല: അയല്‍വാസിയായ നാലു വയസുകാരിക്കു നേരേ മൂന്നു വര്‍ഷം ലൈംഗികാതിക്രമം നടത്തിയെന്ന കേസില്‍ പ്രതിക്ക് 110 വര്‍ഷം തടവും ആറുലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. മാരാരിക്കുളം തെക്ക് പൊള്ളേത്തൈ ആച്ചമത്ത് വെളിവീട്ടില്‍ രമണനെ(62)യാണ് ചേര്‍ത്തല പ്രത്യേക അതിവേഗ കോടതി (പോക്‌സോ ) വിവിധ വകുപ്പുകളിലായി 110വര്‍ഷം തടവ് വിധിച്ചത്. പിഴയടക്കാത്ത പക്ഷം മൂന്നുവര്‍ഷം കൂടി തടവില്‍ കഴിയണം. എന്നാല്‍ ശിക്ഷകള്‍ ഒരുമിച്ച് അനുഭവിച്ചാല്‍ മതിയാകും. 2019ല്‍ തുടങ്ങിയ പീഡനം പുറത്തറിഞ്ഞാണ് മണ്ണഞ്ചേരി പോലീസ് കേസെടുത്തത്.
പ്രതിയുടെ വീട്ടില്‍ ടിവി കാണുന്നതിനും മറ്റും ചെല്ലുന്ന സമയത്ത് പല ദിവസങ്ങളിലായി കുട്ടിയെ ലൈംഗികമായി ഉപദ്രവിക്കുകയും ആരോടെങ്കിലും പറഞ്ഞാല്‍ പോലീസ് പിടിക്കുമെന്ന് ഭീഷണി പെടുത്തുകയും ചെയ്തിരുന്നു. മറ്റൊരു ദിവസം വീടിനടുത്തുള്ള പ്രവര്‍ത്തനം ആരംഭിക്കാത്ത പകല്‍ വീട്ടില്‍വച്ചു കുട്ടിക്കുനേരേ നടന്ന ലൈംഗികാതിക്രമത്തില്‍ മുറിവേല്‍ക്കാനിടയായി. പകല്‍ വീട്ടില്‍ 2021ല്‍ കുട്ടിയെ ഉപദ്രവിക്കുന്നത് ശ്രദ്ധയില്‍പെട്ട കുട്ടിയുടെ അമ്മൂമ്മ വിവരങ്ങള്‍ ചോദിക്കുകയും പിന്നീട് അമ്മയെ അറിയിച്ച് പോലീസിനും ചൈല്‍ഡ് ലൈനിനും വിവരം കൈമാറുകയുമായിരുന്നു.
കുട്ടിയെ ഉപദ്രവിക്കുന്നതു ശ്രദ്ധയില്‍ പെട്ടിട്ടും മറച്ചുവച്ച പ്രതിയുടെ ഭാര്യയും കേസില്‍ പ്രതിയായിരുന്നു. എന്നാല്‍ വിചാരണ സമയത്ത് ഇവര്‍ കിടപ്പിലായതിനെ തുടര്‍ന്ന കേസ് വിഭജിച്ചു നടത്തുകയായിരുന്നു. പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 29 സാക്ഷികളെയും 28 രേഖകളും കേസിന്റെ തെളിവിനായി ഹാജരാക്കി. ഇന്‍സ്‌പെക്ടറായിരുന്ന രവി സന്തോഷാണ് അന്വേഷണം നടത്തിയത്. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. ബീനാ കാര്‍ത്തികേയന്‍, അഡ്വ. വി.എല്‍.ഭാഗ്യലക്ഷ്മി എന്നിവര്‍ ഹാജരായി.