Saturday, March 14, 2026 Last Updated 42 Min 39 Sec ago English Edition
Todays E paper
Ads by Google
ജോമോന്‍ മണിമല
Tuesday 18 Mar 2025 09.23 AM

അപകടത്തെത്തുടര്‍ന്ന് ബെഡ് റെസ്റ്റ് ; വിശ്വജ എസ്.എസ്.എല്‍.സി. ഗണിതശാസ്ത്ര പരീക്ഷയെഴുതിയത് ആംബുലന്‍സില്‍ കിടന്ന്

uploads/news/2025/03/770374/vishwaja.jpg

മണിമല: തലേന്നു വൈകിട്ടുണ്ടായ അപകടത്തില്‍ പരുക്കേറ്റതിനെത്തുടര്‍ന്ന് ആംബുലന്‍സില്‍ കിടന്ന് എസ്.എസ്.എല്‍.സി. ഗണിതശാസ്ത്ര പരീക്ഷയെഴുതി വിദ്യാര്‍ഥിനി. പ്രത്യേക സജ്ജീകരണമുള്ള ആംബുലന്‍സില്‍ പാലാ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ ആശുപത്രിയില്‍നിന്ന് മണിമല സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ മുറ്റത്തെത്തി വിശ്വജ എന്‍. മധുവാണ് ഇന്നലത്തെ ഗണിതശാസ്ത്ര പരീക്ഷയെഴുതിയത്.

കഴിഞ്ഞ 16 നു വൈകിട്ട് നാലിനു പിതാവിന്റെ സഹോദരിയുടെ മകളുടെ വിവാഹ നിശ്ചയച്ചടങ്ങില്‍ പങ്കെടുത്തു മടങ്ങവെ ചാമംപതാലിനു സമീപമുണ്ടായ അപകടത്തിലാണു വിശ്വജയ്ക്കു പരുക്കേറ്റത്. പിതാവ് മണിമല നമ്പുരയ്ക്കല്‍ മധുസുധനന്‍ (മണിക്കുട്ടന്‍) ഓടിച്ച കാര്‍ നിയന്ത്രണം നഷ്ടമായി റോഡരികിലെ മരത്തില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. പുറകിലെ സീറ്റിലിരുന്ന വിശ്വജ, ഇടിയുടെ ആഘാതത്തില്‍ മുമ്പോട്ടു മറിഞ്ഞുവീണു. കാറിലുള്ളില്‍ വീണതിനെത്തുടര്‍ന്ന് ഇടുപ്പിന്റെ ബോള്‍ സ്ഥാനം മാറി. അതോടെ വെയ്റ്റ് ഇട്ട് കിടത്തി. ആറാഴ്ച ബെഡ് റെസ്റ്റും ഡോക്ടര്‍ നിര്‍ദേശിച്ചു.

എഴുന്നേല്‍ക്കാനോ തലയുയര്‍ത്തി വയ്ക്കാനോ കഴിയാത്ത സ്ഥിതിയിലാണു വിദ്യാര്‍ഥിനി. ആംബുലന്‍സില്‍ മണിമല സെന്റ് ജോര്‍ജ് ഹൈസ്‌കൂള്‍ മുറ്റത്തെത്തിയ വിശ്വജയ്ക്ക് അധ്യാപകര്‍ ചോദ്യക്കടലാസ് നല്‍കി. കിടന്നുകൊണ്ടുതന്നെ ചോദ്യങ്ങള്‍ വായിച്ചുനോക്കി. മുകളിലേക്കു നോക്കി ഉത്തരക്കടലാസില്‍ എഴുതേണ്ടിവന്നതോടെ വിദ്യാര്‍ഥിനി ഛര്‍ദ്ദിച്ച് അവശയായി.

തുടര്‍ന്നു വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മണിമല സെന്റ് ജോര്‍ജ് ഹൈസ്‌കൂളിലെ മികച്ച വിദ്യാര്‍ഥികളിലൊരാളാണു വിശ്വജ. മോഡല്‍ പരീക്ഷയില്‍ 95 ശതമാനത്തോളം മാര്‍ക്കുണ്ടായിരുന്നു. തുടര്‍ന്നുള്ള പരീക്ഷകള്‍ ആംബുലന്‍സില്‍ സ്‌കൂളിലെത്തി സഹായിയെ വച്ച് എഴുതാനുള്ള തയാറെടുപ്പിലാണ്. ഗണിതശാസ്ത്ര പരീക്ഷ ഭാഗികമായിമാത്രമേ എഴുതാനായുള്ളൂ എന്ന വിഷമം വിശ്വജയ്ക്കുണ്ട്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW