-->
ആലപ്പുഴ: നഗരത്തിലെ ചരിത്രമുറങ്ങുന്ന മുപ്പാലം അവസാനഘട്ട മിനുക്കുപണികള്‍ പൂര്‍ത്തിയാകുന്നതോടെ നാല്‍പാലമായി മാറും. പ്രവൃത്തികള്‍ പൂര്‍ത്തിയാക്കി ഈ മാസം അവസാനം തുറന്നുനല്‍കും. റിങ് റോഡുകളുടെ ഉള്‍പ്പെടെ നിര്‍മാണം പൂര്‍ത്തിയായി. നിലവില്‍ നാല്‍പാലത്തിലൂടെ വാഹനങ്ങള്‍ കടന്നു പോകുന്നുണ്ട്. പാലങ്ങളുടെ കൈവരികളുടെ പെയിന്റിങ് ജോലികളാണു പുരോഗമിക്കുന്നത്.
ഈ മാസം അവസാനത്തോടെ പാലത്തിന്റെ ഉദ്ഘാടന ചടങ്ങ് നടത്താനാണ് പദ്ധതിയിടുന്നത്. വൈദ്യുതീകരണവും നടപ്പാതയില്‍ ടൈല്‍ വിരിക്കലും മാത്രമാണ് ശേഷിക്കുന്നത്. വൈദ്യുതീകരണത്തിനും ടൈല്‍ വിരിക്കാനും നിലവിലെ പ്രോജക്ടില്‍ ഫണ്ടില്ലാത്തതിനെ തുടര്‍ന്നു പി.പി ചിത്തരഞ്ജന്‍ എം.എല്‍എയുടെ ഫണ്ടില്‍ നിന്നു 25 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.
മൂന്നാഴ്ചയ്ക്കുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണു പ്രതീക്ഷ. 2020 ഓഗസ്റ്റിലാണ് നഗരത്തിന്റെ പ്രതാപക്കാഴ് ചയായിരുന്ന മുപ്പാലം പൊളിച്ച് നാല്‍പ്പാലം നിര്‍മിക്കാന്‍ നടപടി ആരംഭിച്ചത്. ഒരു വര്‍ഷത്തിനുള്ളില്‍ നിര്‍മാണം പൂര്‍ത്തിയാക്കുമെന്നായിരുന്നു വാഗ്ദാനം. 23 മീറ്റര്‍ നീളവും 7.5 മീറ്റര്‍ കാര്യേജ് വിസ്തൃതിയുമുള്ള മൂന്നു പാലങ്ങളും 26 മീറ്റര്‍ നീളവും 7.5 മീറ്റര്‍ കാര്യേജ് വിസ്തൃതിയുള്ള മറ്റൊരു പാലവും ഉള്‍പ്പെടുന്നതാണ് നാല്‍പാലം. 17.44 കോടി നിര്‍മാണ ചെലവ്.
ബ്രിട്ടിഷ് ഭരണ കാലത്ത് നിര്‍മിച്ച മുപ്പാലം സിനിമകളിലൂടെയും ആല്‍ബങ്ങളിലൂടെയും ഏറെ ജനശ്രദ്ധ നേടിയിരുന്നു. കാലപ്പഴക്കം ചൂണ്ടിക്കാട്ടിയാണ് പൊതുമരാമത്ത് വകുപ്പ് മുപ്പാലം പൊളിക്കാന്‍ തീരുമാനിച്ചത്. നാല്‍പാലം കേന്ദ്രീകരിച്ച് വിനോദസഞ്ചാര സാധ്യതകള്‍ നടപ്പാക്കാനും പദ്ധതിയുണ്ട്. കനാലില്‍ നാലു ഭാഗത്തേക്കും ജലഗതാഗതവും കനാലിന്റെ എട്ടു കരകളിലൂടെ വാഹന ഗതാഗതവും സുഗമമാക്കും.