Thursday, March 12, 2026 Last Updated 20 Min 52 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Monday 17 Mar 2025 09.19 AM

കേസ് തീരാനെടുക്കുന്നത് 40 വര്‍ഷംവരെ ; വിജിലന്‍സ് കേസുകള്‍ നീളുന്നു; ശിക്ഷ വാങ്ങുന്നവരിലേറേയും വയോധികര്‍ !

അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാന്‍ കുറഞ്ഞതു പത്തുവര്‍ഷം, വിചാരണപൂര്‍ത്തിയാക്കി വിധി പറയാന്‍ 15 വര്‍ഷം, വിധിയ്‌ക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി വിധി വരാന്‍ പിന്നേയും 15 ലേറെ വര്‍ഷം.
uploads/news/2025/03/770200/prison.jpg

കൊച്ചി: വിജിലന്‍സ് കേസുകളില്‍ വിചാരണ പൂര്‍ത്തിയായി ഹൈക്കോടതിയുടെ ശിക്ഷ വാങ്ങുന്നവരിലേറേയും വയോധികര്‍ ! ഹൈക്കോടതി ശിക്ഷ ശരിവയ്ക്കുമ്പോഴേക്കും മുപ്പതും നാല്‍പതും വര്‍ഷം കഴിയുന്ന സ്ഥിതി. അടുത്തിടെ വിധിപറഞ്ഞ പല കേസുകളിലും ഇതാണവസ്ഥ. വാര്‍ധക്യകാലത്തു ജയിലില്‍പോകേണ്ടിവരുന്നു പ്രതിക്കും കുടുംബത്തിനുമൊക്കെ ഏറെ ബുദ്ധിമുട്ടാകുന്നു.

അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം നല്‍കാന്‍ കുറഞ്ഞതു പത്തുവര്‍ഷം, വിചാരണപൂര്‍ത്തിയാക്കി വിധി പറയാന്‍ 15 വര്‍ഷം, വിധിയ്‌ക്കെതിരേ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി വിധി വരാന്‍ പിന്നേയും 15 ലേറെ വര്‍ഷം.

കൈക്കൂലിക്കേസില്‍ 2006 ല്‍ നല്‍കിയ അപ്പില്‍ ഹൈക്കോടതി ശിക്ഷ ശരിവച്ചതു കഴിഞ്ഞാഴ്ചയാണ്. പ്രതിയ്ക്കു 80 വയസു പിന്നിടുമ്പോഴാണു വിധി വരുന്നത്. വാര്‍ധക്യകാലത്തു മുഴുവന്‍ ശിക്ഷയും നല്‍കുന്നതു കഠിനമാകുമെന്നതിനാല്‍, ഹൈക്കോടതി ഏഴുവര്‍ഷം ശിക്ഷ ഒരുവര്‍ഷമായി കുറച്ചു നല്‍കാറുമുണ്ട്. എങ്കിലും ജയിലില്‍ പോകണം. കേസുകളുടെ ബാഹുല്യവും തെളിവുശേഖരണത്തിന്റെ സങ്കീര്‍ണതയും കുറ്റപത്രം തയാറാക്കുന്നതിലെ കാലതാമസവും കോടതി നടപടികള്‍ നീളുന്നതുമാണു ഇതിനു കാരണമെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നത്.

സംസ്ഥാനത്തെ ആറു വിജിലന്‍സ് കോടതികളിലായി നൂറുകണക്കിനു കേസുകളാണു കെട്ടിക്കിടക്കുന്നത്. ഈ സാഹചര്യത്തില്‍, കൈക്കൂലിക്കേസില്‍ വിജിലന്‍സ് പിടികൂടുന്ന സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ഒരുവര്‍ഷത്തിനകം ജോലിയില്‍ തിരിച്ചുകയറുന്ന സ്ഥിതിയാണുള്ളത്.

വിജിലന്‍സ് കോടതിയില്‍ നടപടികള്‍ നീണ്ടുപോകുന്നതോടെ അഴിമതി തടയുകയെന്ന ലക്ഷ്യം വിദൂരമാവുകയാണ്. കൈക്കൂലി വാങ്ങുന്നതിനിടെ വിജിലന്‍സ് കൈയോടെ പിടികൂടുന്ന കേസില്‍ മാത്രമാണു കോടതിയുടെ ശിക്ഷ ലഭിക്കുക. ഫിനോഫ്തലിന്‍ പുരട്ടി, നമ്പര്‍ മുന്‍കൂട്ടി രേഖപ്പെടുത്തി നല്‍കുന്ന കറന്‍സിനോട്ട് നല്‍കി വിജിലന്‍സ് കെണിവച്ചു പിടികൂടുന്നതാണ് (ട്രാപ്പ് കേസ്) ഇത്. ഇത്തരം കേസില്‍ മറ്റൊരുവകുപ്പിലെ ഗസറ്റഡ് ഉദ്യോഗസ്ഥന്‍ അടക്കമുള്ള സാക്ഷികള്‍ ഉണ്ടായിട്ടും കുറ്റാരോപിതന്‍ രക്ഷപ്പെട്ടുപോയ സംഭവങ്ങളുണ്ട്.

കൈക്കൂലിക്കേസില്‍ പിടിയിലായാല്‍ ഉടന്‍ ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്യുകയാണു വകുപ്പുതല നടപടി. ഇത് ആറുമാസംമുതല്‍ ഒരുവര്‍ഷംവരെയാകാം. ഒരുവര്‍ഷത്തിനകം ഈ ഉദ്യോഗസ്ഥന്‍ സര്‍വീസില്‍ തിരികെ കയറും. സസ്‌പെന്‍ഷന്‍ കാലത്തു 35% ശമ്പളം തടഞ്ഞുവയ്ക്കുന്നതാണു കിട്ടുന്ന ശിക്ഷ. സസ്‌പെന്‍ഷന്‍ ഒഴിവായാല്‍ മുഴുവന്‍ ശമ്പളവും കിട്ടും. കേസില്‍ ശിക്ഷിക്കപ്പെട്ടില്ലെങ്കില്‍ തടഞ്ഞുവെച്ച ശമ്പളവും ആനുകൂല്യങ്ങളും മുന്‍കാല പ്രാബല്യത്തോടെ കിട്ടും. എന്നാല്‍, വിധി വരുമ്പോഴേയ്ക്കും ആയുസിന്റെ അറ്റത്തെത്തും.

സര്‍ക്കാര്‍ ഓഫീസുകളിലെ വിജിലന്‍സിന്റെ മിന്നല്‍പരിശോധനയും കണക്കില്‍പ്പെടാത്ത പണം പിടിച്ചെടുക്കലും പ്രഹസനമാവുകയാണ്. ഇത്തരം കേസില്‍ വകുപ്പു മേധാവിക്ക് റിപ്പോര്‍ട്ട് അയക്കല്‍ മാത്രമാണു വിജിലന്‍സിന്റെ പണി. ഉടനടി സസ്‌പെന്‍ഷന്‍ ഉണ്ടാവില്ല. വകുപ്പുതല അന്വേഷണം ഒരിക്കലും പൂര്‍ത്തിയാവുകയുമില്ല. പ്രോസിക്യൂഷന്‍ നടപടിക്കുള്ള ഫയല്‍ മുങ്ങുകയുമാണു പതിവ്. 1991-92 ലെ പാമോലിന്‍ അഴിമതി കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW